80 മണ്ഡലങ്ങളിലും വിജയക്കൊടി പാടിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദങ്ങളെ തറപറ്റിച്ച് ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യത്തിന്‍റെ മുന്നേറ്റം. മല്‍സരത്തിന്‍റെ കാര്യമേ യു.പിയില്‍ ഉദിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച യോഗിയെയും സംഘത്തെയും ഞെട്ടിച്ച് 36 സീറ്റുകളില്‍ അഖിലേഷിന്‍റെ സമാജ്വാദി പാര്‍ട്ടി മുന്നേറുന്നു. കോണ്‍ഗ്രസ് ഏഴ് സീറ്റിലും മുന്നേറ്റം തുടരുകയാണ്.

രാമക്ഷേത്രമുള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലുള്‍പ്പടെ സമാജ്വാദി പാര്‍ട്ടിയാണ് മുന്നേറുന്നത്. ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് മെയ്ന്‍പുരിയില്‍ ഡിംപിള്‍ യാദവും കനൗജില്‍ അഖിലേഷും ജയമുറപ്പിക്കുകയാണ്. അലഹബാദില്‍ കോണ്‍ഗ്രസിന്‍റെ ഉജ്വല്‍ രമണ്‍ സിങാണ് മുന്നേറുന്നത്.ഡാനിഷ് അലി അംറോഹയിലും കിശോലി ലാല്‍ അമേഠിയിലും മുന്നേറ്റം തുടരുന്നു. സ്മൃതി ഇറാനിയെക്കാള്‍ അറുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് കിശോരി ലാലിനുള്ളത്. രണ്ട് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുലിന് റായ്ബറേലി നല്‍കുന്നത്.

2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ 37 സീറ്റുകളില്‍ മല്‍സരിച്ചെങ്കിലും അഞ്ച് സീറ്റുകള്‍ മാത്രമായിരുന്നു സമാജ്വാദി പാര്‍ട്ടിക്ക് നേടാനായത്. അന്ന് 62 സീറ്റുകളോടെ ബി.ജെ.പി വന്‍ വിജയമാണ് യു.പിയില്‍ നേടിയത്. ബി.എസ്.പി പത്തും സീറ്റുകള്‍ നേടിയിരുന്നു. ഇക്കുറി ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായ സമാജ്വാദി പാര്‍ട്ടി 62 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ 17 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസാണ് മല്‍സരിച്ചത്.

പത്ത് ലോക്സഭ മണ്ഡലങ്ങളുള്ള ഹരിയാനയില്‍ ഇഞ്ചോടി‌ഞ്ച് പോരാട്ടം തുടരുകയാണ്. കോണ്‍ഗ്രസ് അഞ്ച് സീറ്റിലും ബി.ജെ.പി അഞ്ച് സീറ്റിലും ജയം ഉറപ്പിച്ചു. അംബാലയില്‍ കോണ്‍ഗ്രസിന്‍റെ വരുണ്‍ ചൗധരി പതിനേഴായിരത്തോളം വോട്ടുകള്‍ക്കാണ് മുന്നേറുന്നത്. കോണ്‍ഗ്രസിന്‍റെ രാജ് ബബ്ബര്‍ ഗുരുഗ്രാമിലും ജയ് പ്രകാശ് ഹിസാറിലും ദീപേന്ദര്‍ ഹൂഡ റൊഹ്താകിലും ഷെല്‍ജ സിര്‍സയിലും മുന്നേറുകയാണ്.