കാഞ്ചൻജംഗ ട്രെയിൻ ദുരന്തത്തിൽപ്പെട്ടവരെ രക്ഷിച്ചത് പ്രദേശവാസികൾ. റെയിൽവേയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും ടീമുകൾ എത്താൻ മണിക്കൂറുകൾ വൈകിയെന്ന് ഫൻസിദെവ ഗ്രാമവാസികൾ പറഞ്ഞു. രാവിലെ 8.55നാണ് സിയാൽഡ-കാഞ്ചൻജംഗ എക്സ്പ്രസിന് പിന്നിൽ ചരക്കുതീവണ്ടി ഇടിച്ചുകയറിയത്. ഈ സമയത്ത് കനത്ത മഴ പെയ്തിരുന്നു. അപകടമറിഞ്ഞയുടൻ പ്രദേശവാസികൾ പാഞ്ഞെത്തി. ട്രെയിനിൻ്റെ മിക്ക ബോഗികളുടെയും വാതിലുകളും ജനാലകളും അടച്ച നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറ്റൊരു കോച്ചിന് മുകളിലേക്ക് കയറിനിന്ന ബോഗിയിൽ നിന്ന് ആളുകളെ പുറത്തെത്തിക്കലായിരുന്നു ഏറ്റവും ദുഷ്കരം.

ഗുഡ്സ് ട്രെയിനിൻ്റെ ലോക്കോപൈലറ്റും സഹ പൈലറ്റും കാഞ്ചൻജംഗ എക്സ്പ്രസിൻ്റെ ഗാർഡും തൽക്ഷണം മരിച്ചിരുന്നു. ഉപകരണങ്ങൾ ഒന്നുമില്ലാതിരുന്നതിനാൽ വീട്ടുപകരണങ്ങളും കൃഷി ഉപകരണങ്ങളും കൊണ്ടാണ് ബോഗികളുടെ വാതിലുകളും ജനാലകളും പൊളിച്ച് ആളുകളെ പുറത്തെത്തിച്ചത്. അടുക്കളയിൽ ഉപയോഗിക്കുന്ന കൊടിൽ മുതൽ പിക്കാസും കോടാലിയും മൺകോരിയും വലിയ ചുറ്റികകൾ വരെയും ഇതിനുപയോഗിച്ചുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകളില്ലായിരുന്നു. കിട്ടിയ സ്വകാര്യ വാഹനങ്ങളിലും ഇലക്ട്രിക് ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിലുമൊക്കെയാണ് പരുക്കേറ്റവരെ നോർത്ത് ബംഗാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞ് സമീപഗ്രാമങ്ങളിൽ നിന്നുവരെ ആളുകൾ രക്ഷാപ്രവർത്തനത്തിനെത്തി. 9 പേരാണ് ദുരന്തത്തിൽ മരിച്ചത്. 41 പേർക്ക് പരുക്കേറ്റു.

എന്നാൽ രക്ഷാപ്രവർത്തനത്തിനെത്താൻ വൈകിയെന്ന ആരോപണം റെയിൽവേയും എൻഡിആർഎഫും നിഷേധിച്ചു. 10.05നാണ് അപകടവിവരം അറിയിച്ചതെന്നാണ് എൻഡിആർഎഫിൻ്റെ നിലപാട്. 10.45ന് ആദ്യടീം അപകടസ്ഥലത്തെത്തി. ഗുഡ്സ് ട്രെയിനിൻ്റെ ലോക്കോപൈലറ്റുമാരുടെയും കാഞ്ചൻജംഗ എക്സ്പ്രസിൻ്റെ ഗാർഡിൻ്റെയും മൃതദേഹങ്ങൾ പുറത്തെടുത്തത് ഈ സംഘമാണ്. ഉച്ചയ്ക്ക് രണ്ടുമണിയോടെ രക്ഷാപ്രവർത്തനം പൂർത്തിയായെന്നും എൻഡിആർഎഫ് അധികൃതർ പറഞ്ഞു.

രണ്ട് ഗ്രാമീണ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഉൾപ്രദേശത്താണ് അപകടമുണ്ടായതെന്നും തേയിലത്തോട്ടങ്ങളും പാടങ്ങളും കടന്ന് ഇവിടെയെത്തുക ദുഷ്കരമായിരുന്നുവെന്നുമാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രതികരണം. എന്നാൽ ന്യൂ ജൽപായ് ഗുഡി സ്റ്റേഷനിൽ നിന്ന് 11 കിലോമീറ്റർ മാത്രം അകലെയായിരുന്നു ദുരന്ത സ്ഥലമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.