ന്യൂഡല്‍ഹി:  മെയ് 26-ന് അധികാരത്തില്‍ രണ്ട് വര്‍ഷം തികയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിക്കാനൊരുങ്ങുന്നു. മോശം പ്രകടനം കാഴച്ച വച്ച മന്ത്രിമാരെ ഒഴിവാക്കി കൂടുതല്‍ പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് മോദിയും അമിത്ഷായും ഉദ്ദേശിക്കുന്നത്.

മന്ത്രിസഭ പുന:സംഘടന സംബന്ധിച്ച നിര്‍ണായകമായ ചര്‍ച്ചകള്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ സെവന്‍ത് റേസ് കോഴ്‌സ് റോഡ് കേന്ദ്രീകരിച്ച് പുരോഗമിക്കുകയാണ്. പ്രധാനമന്ത്രിയും അമിത്ഷായും കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ചേര്‍ന്ന് മന്ത്രിമാരുടെ രണ്ട് വര്‍ഷത്തെ പ്രകടനം അവലോകനം ചെയ്തിരുന്നു. ഈ അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച പ്രകടനം നടത്തിയവരേയും മോശം പ്രകടനം നടത്തിയവരേയും തരംതിരിച്ചു പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാരിനൊപ്പം തന്നെ പാര്‍ട്ടി നേതൃത്വത്തിലും കാര്യമായ അഴിച്ചു പണി നടത്താനാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ പദ്ധതി. ശനിയാഴ്ച്ച പാര്‍ട്ടി നേതാക്കളുമായി അമിത് ഷാ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുള്ള അഴിച്ചു പണികളായിരിക്കും മന്ത്രിസഭയിലും പാര്‍ട്ടി നേതൃത്വത്തിലും നടക്കുക. ഇറാന്‍ സന്ദര്‍ശനത്തിനായി പോയ മോദി ഡല്‍ഹിയില്‍ തിരിച്ചെത്തുന്നതോടെ പുന:സംഘടനയ്ക്ക് കളമൊരുങ്ങുമെന്നാണ് കരുതുന്നത്.

ബീഹാറില്‍ നിന്നുള്ള ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി പുനസംഘടനയുടെ ഭാഗമായി കേന്ദ്രമന്ത്രിയായേക്കും.നിലവില്‍ സഹമന്ത്രിയായ മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് ക്യാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കും. 

ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹയെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിപ്പിച്ച് തിരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കി ഉത്തര്‍പ്രദേശിലേക്ക് അയക്കാനാണ് നേതൃതലത്തിലെ ധാരണ. സജ്ജയ് ഗാന്ധിയുടെ മകന്‍ വരുണ്‍ ഗാന്ധി യുവജന-കായിക മന്ത്രാലയത്തില്‍ സഹമന്ത്രിയായി നിയമിക്കപ്പെടും.

വരുണിന്റെ അമ്മ മനേക ഗാന്ധി,നജ്മ ഹെപ്ത്തുള്ള, രാധാമോഹന്‍ സിംഗ്, കല്‍രാജ് മിശ്ര, ജെ.പി.നദ്ദ, ഗിരിരാജ് സിംഗ്, രാം കൃപാല്‍ യാദവ് തുടങ്ങിയ നേതാക്കള്‍ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടേക്കാം എന്നും അഭ്യൂഹങ്ങളുണ്ട്. 

അതേസമയം പുന:സംഘടനയില്‍ കേരളത്തിനും പ്രാതിനിധ്യം ലഭിച്ചേക്കും എന്നാണ് സൂചന. ചരിത്രത്തിലാദ്യമായി കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്ന പാര്‍ട്ടി ഏഴ് സീറ്റുകളില്‍ രണ്ടാം സ്ഥാനത്ത് വരികയും, വോട്ടുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന വരുത്തുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ കേന്ദ്രമന്ത്രിസഭയില്‍ സംസ്ഥാനത്തിന് പ്രാതിനിധ്യം നല്‍കാന്‍ കേന്ദ്രനേതൃത്വം ഉദ്ദേശിക്കുന്നുണ്ട്. നിലവില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായി നടന്‍ സുരേഷ് ഗോപി രാജ്യസഭയിലുണ്ട്. ആഗ്ലോ ഇന്ത്യന്‍ നോമിനിയായി റിച്ചാര്‍ഡ് ഹേ ലോക്‌സഭയിലും. ഇരുവരേയും ബി.ജെ.പി കേന്ദ്രനേത്യത്വം മുന്‍കൈയെടുത്താണ് പാര്‍ലമെന്റെില്‍ എത്തിച്ചത്. 

ജൂണ്‍ 11-ന് രാജ്യസഭയിലെ ഒഴിവുള്ള 57 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതില്‍ 14 സീറ്റുകള്‍ ബിജെപിയുടേതാണ്. 1992-ല്‍ രാജഗോപാലിനെ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലെത്തിച്ചത് പോലെ കേരളത്തില്‍ നിന്നുള്ള ഒരു നേതാവിനെ രാജ്യസഭയിലെത്തിച്ച് മന്ത്രിയാക്കാനുള്ള സാധ്യതകള്‍ കേന്ദ്രനേതൃത്വം പരിശോധിക്കുന്നുണ്ട്. 

കേന്ദ്രനേതൃത്വം പച്ചക്കൊടി കാണിക്കുന്ന പക്ഷം വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ് എന്നീ നേതാക്കളുടെ പേരുകളാവും കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുക. മോദിയുമായി അടുപ്പം സൂക്ഷിക്കുന്ന സുരേഷ് ഗോപിക്കും കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് സാധ്യതയുണ്ടെങ്കിലും  നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരു രാജ്യസഭാ അംഗം ഇതുവരെ കേന്ദ്രമന്ത്രിയായിട്ടില്ല എന്നത് തടസ്സമായി വന്നേക്കാം. 

LEAVE A REPLY

Please enter your comment!
Please enter your name here