സിനിമയും രാഷ്ട്രീയവും ചേരുംപടി ചേരുന്ന തമിഴകം നെഞ്ചേറ്റിയ ഒരൊറ്റ അമ്മയേയുള്ളു. അതു പുരട്ചിതലൈവി ഡോ. ജെ ജയലളിത മാത്രം. സ്വേച്ഛാതിപത്യ ഭരണമാണെന്ന ആരോപണങ്ങള്‍ക്കിടയിലും തമിഴ് മക്കളുടെ മനസ്സില്‍ വാല്‍സല്യംചൊരിഞ്ഞ അമ്മ തന്നെയായിരുന്നു ജയലളിത.

എം ജി ആര്‍ എന്ന ചുരുക്കപേരില്‍ അഭിമാനം കൊള്ളുന്ന തമിഴകത്ത് എംജി രാമചന്ദ്രന് ശേഷം ഭയഭക്തി-ബഹുമാനത്തോടെ ദ്രാവിഡ മക്കള്‍ ആരാധിച്ചിരുന്ന ജയലളിത സങ്കീര്‍ണ്ണവും തീക്ഷ്ണവുമായ വഴികളിലൂടെ സഞ്ചരിച്ചാണ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ അമരത്തു നിലയുറപ്പിച്ചത്.

MGR-Jayalalitha-movie

തമിഴ്നാട്ടില്‍ നിന്നും മൈസൂരില്‍ താമസമാക്കിയ അയ്യങ്കാര്‍ കുടുംബത്തില്‍ 1948 ഫെബ്രുവരി 24 ന് ജനനം. തമിഴ് സിനിമയില്‍ കത്തി ജ്വലിച്ചു നിന്ന പാലക്കാടന്‍ മലയാളി എംജിആര്‍ക്കൊപ്പം നിരവധി തമിഴ് ചിത്രങ്ങളില്‍ ജയലളിത മികച്ച വേഷങ്ങള്‍ ചെയ്തു പ്രേക്ഷക ഹൃദയം കവര്‍ന്നു. എംജിആറാണ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നതെന്ന് പറയുമ്പോള്‍ അതു ശരിയല്ലെന്ന് ജയലളിത തന്നെ തിരുത്തിയ സന്ദര്‍ഭമുണ്ടായിരുന്നു. തമിഴകത്തിന്റെ ചരിത്രം അറിയുന്നവര്‍ക്ക് ജയലളിതയുടെ രാഷ്ട്രീയപ്രവേശത്തിന് എംജിആര്‍ ചെലുത്തിയ സ്വാധീനം നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യവും.

lfpjL8aajfisi

പതിനഞ്ചു വയസ്സുള്ളപ്പോള്‍ തന്നെ അവര്‍ സിനിമാ അഭിനയം തുടങ്ങി. തന്റെ പഠനത്തിന് വിഘാതം വരാത്ത രീതിയില്‍ അവര്‍ സിനിമാഭിനയവുമായി മുന്നോട്ടു പോയി. അമ്മ സന്ധ്യയും സിനിമയിലഭിനയിക്കുന്നുണ്ടായിരുന്നു. 1964 ല്‍ ചിന്നഡ കൊംബെ എന്ന കന്നഡ ചലച്ചിത്രത്തിലാണ് ജയലളിത നായികയായി അഭിനയിച്ചത്. എഴുപതുകളിലെ താരറാണി ആരെന്നു ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു, ജയലളിത.

ജയലളിത എന്ന പ്രതിഭയെ തമിഴകം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. എംജിആറിനും ശിവാജിക്കുമൊപ്പം നിരവധി സിനിമകളില്‍ മികച്ച വേഷങ്ങളില്‍ ജയലളിത കയ്യടി നേടി. 1972ലും 73ലും മികച്ച നടിക്കുള്ള തമിഴ് ഫിലിംഫെയര്‍ പുരസ്‌കാരം ജയലളിതയെത്തേടിയെത്തി. എംജിആറിനൊപ്പം തുടങ്ങിയ സിനിമാജീവിതത്തിലൂടെ രാഷ്ട്രീയത്തിലുമെത്തി.

J.Jayalalitha Rare Photo Collection (5) J.Jayalalitha Rare Photo Collection (5)

1980-ല്‍ ജയലളിത എഐഎഡിഎംകെയില്‍ അംഗമായി. അവരുടെ രാഷ്ട്രീയ പ്രവേശനം പാര്‍ട്ടിയിലെ ഉന്നതര്‍ക്കൊന്നും പിടിച്ചില്ല. പ്രധാനമായും എംജിആറിന്റെ ഭാര്യ ജാനകിയ്ക്ക് തന്നെ. എംജിആര്‍ അസുഖം മൂലം അമേരിക്കയിലേക്കു ചികിത്സക്കായി പോയപ്പോൾ ജയലളിതയുടെ നിയന്ത്രണത്തിലായി പാര്‍ട്ടി. എംജിആര്‍ നടപ്പിലാക്കിയ ഉച്ച ഭക്ഷണ പരിപാടിയുടെ പൂര്‍ണ്ണ ചുമതല ജയലളിതക്കായി. എംജിആറിന്റെ മരണ ശേഷം അണ്ണാ ഡിഎംകെയില്‍ ആധിപത്യം സ്ഥാപിച്ച ഭാര്യ ജാനകിയില്‍ നിന്നു പാര്‍ട്ടിയുടെ കിരീടും ചെങ്കോലും പിടിച്ചെടുത്തായിരുന്നു പിന്നീടുള്ള ജയലളിതയുടെ പ്രയാണം. എംജിആറിന്റെ വിലാപയാത്രയിൽ മൃതശരീരം വഹിച്ചുകൊണ്ടുള്ള വാഹനത്തിൽ നിന്നു ജയലളിതയെ ജാനകി തള്ളിയിടുന്ന ചിത്രം ആദ്യം മാതൃഭൂമിയിലും പിറ്റേദിവസം ഹിന്ദുവിലും പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രമാണ് ജയലളിതയുടെ രണ്ടാംവരവിന്റെ നിമിത്തമായത്.

The-complete-st127621

1984-89ല്‍ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. എംജിആറിന്റെ മരണത്തിനു ശേഷം രാജ്യസഭാംഗമെന്ന സ്ഥാനം രാജിവെച്ച ജയ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചു വന്നു. ഇതിനിടെ ജാനകി-ജയലളിത ഗ്രൂപ്പിസം എഐഎഡിഎംകെയില്‍ വന്‍ പൊട്ടിത്തെറിയുണ്ടാക്കി. പാര്‍ട്ടി പിളര്‍ന്നു. ജാനകി രാമചന്ദ്രന്‍ പാര്‍ട്ടിയില്‍ അവകാശവാദമുന്നയിച്ചു.

1989ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എഐഡിഎംകെയിലെ പിളര്‍പ്പു ഗുണമായത് കരുണാനിധി നയിക്കുന്ന ഡിഎംകെ(ദ്രാവിദ മുന്നേറ്റകഴകം)യ്ക്ക്. അവര്‍ അങ്ങനെ അധികാരത്തില്‍ വന്നു. ഡിഎംകെയുടെ ഭരണകാലത്തിനിടെ പാര്‍ട്ടിയില്‍ ജാനകിയുടെ അപ്രമാദിത്വം തകര്‍ത്തുകൊണ്ട് ജയലളിത എഐഎഡിഎകെയുടെ എല്ലാമെല്ലാമായി. അമ്മയ്ക്കു മുന്നില്‍ ശത്രുക്കളെല്ലാം നിഷ്പ്രഭമായി. 1991ലെ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച് പുരട്ച്ചി തലൈവി ആദ്യമായി തമിഴ് നാട് മുഖ്യമന്ത്രിയായി. പിന്നീടു ജയലളിത, കരുണാനിധി എന്നിങ്ങനെയുള്ള പേരുകള്‍ ഓരോ അഞ്ചുവര്‍ഷം കൂടുംതോറും മുഖ്യമന്ത്രിസ്ഥാനത്തു മാറി മാറി വന്നുകൊണ്ടിരുന്നു.

J-Jayalalitha-15

ജയലളിത തമിഴകത്തിന്റെ സാരഥിയായതോടെ നിരവധി അഴിമതി ആരോപണങ്ങളാണ് പുറത്തുവന്നത്. ഇതേത്തുടര്‍ന്ന് 1996ലെ തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടമാകുന്നതിലേക്കു കാര്യങ്ങളെത്തി. ഭരണ കാലത്തു നടത്തിയ അഴിമതികള്‍ തിരിഞ്ഞു കുത്തിയപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ ഇതു പരമാവധി മുതലെടുത്തു. ജയലളിത അറസ്റ്റിലായി. ജയലളിതയ്‌ക്കെതിരായ കേസ്സുകള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപീകരിക്കുകയും ചെയ്തു.

Jayalalitha-as-Amma

2001ലെ തെരഞ്ഞെടുപ്പില്‍ ജയ മത്സരിക്കാനായി പത്രിക നല്‍കിയെങ്കിലും അഴിമതി കേസുകളില്‍ വിചാരണ നേരിടുന്നതിനാൽ അവര്‍ക്കു മത്സരിക്കാന്‍ യോഗ്യതയില്ലെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിധിച്ചു. ഇതിലൊന്നും തമിഴകത്തിന്റെ അമ്മ തളര്‍ന്നില്ല. എഐഡിഎംകെ വന്‍ ഭൂരിപക്ഷത്തോടെത്തന്നെ അധികാരത്തിലെത്തി.

1991-96 കാലഘട്ടത്തില്‍ ജയലളിത മുഖ്യമന്ത്രിയായിരുന്ന വേളയില്‍ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നതാണ് കേസ്. ജയലളിത, സുഹൃത്ത് ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരാണ് കേസ്സിലെ മറ്റു പ്രധാന പ്രതികള്‍. പതിന്നാലു വര്‍ഷത്തെ നിയമപോരാട്ടത്തിനിടെ ജയലളിത കുറ്റക്കാരിയല്ലെന്ന് 2015 മെയ് 11ന് ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര പ്രത്യേക കോടതി വിധിച്ചു.

jayalalitha victory

ഇതിനിടെ പരപ്പന അഗ്രഹാരം ജയിലിലും ദിവസങ്ങളോളം കഴിഞ്ഞു. അധികാരത്തില്‍ നിന്നു വിട്ടുനിന്ന കാലത്തെല്ലാം വിശ്വസ്തനായ ഒ പന്നീര്‍ ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി ഭരണത്തിന്റെ സ്റ്റിയറിംഗ് ജയലളിത തന്നെ തിരിക്കുന്നതിനും തമിഴകം സാക്ഷ്യം വഹിച്ചു.

സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി(സത്ത് ഉണവ്)യില്‍ ആദ്യമായി പുഴുങ്ങിയ മുട്ട ഉള്‍പ്പെടുത്തി വിദ്യാര്‍ഥികളെ കയ്യിലെടുക്കാന്‍ പുരട്ച്ചിത്തലൈവിക്ക് കഴിഞ്ഞിരുന്നു. പിന്നീടങ്ങോട്ട് നിരവധി ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചു ജയലളിത ഭരണം തമിഴകത്ത് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി.

mangl_1463665383

സൗജന്യ റേഷനരി, മിക്‌സി, ഗ്രൈന്‍ഡര്‍, ഫാന്‍, അമ്മ സിമന്റ്, അമ്മ കാന്റീന്‍, അമ്മ ഫാര്‍മസി, അമ്മ മിനറല്‍ വാട്ടര്‍, അമ്മ ഉപ്പ് തുടങ്ങി അഞ്ചു വര്‍ഷത്തിനിടെ ക്ഷേമപദ്ധതികള്‍ക്കായി ജയലളിത സര്‍ക്കാര്‍ ചെലവഴിച്ചത് 43,000 കോടി രൂപ.

amma1

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി ജയലളിതയുടെ ജന്മദിന സമ്മാനമായി മുണ്ട്, സാരി എന്നിവയും വിതരണം ചെയ്തു. ദാരിദ്ര്യ രേഖക്കു താഴെയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനു സ്വര്‍ണനാണയം ഉള്‍പ്പെടെയുള്ളവ നല്‍കിയ വകയില്‍ 3,324.38 കോടി രൂപ ചെലവഴിച്ചു.

Chennai: AIADMK general secretary and Tamil Nadu Chief Minister J Jayalalithaa holding a sword given to her by party cadres at the party's General Council meeting at Tiruvanmiyur in Chennai on Thursday. PTI Photo by R Senthil Kumar    (PTI12_31_2015_000066A)

കൃഷി ആവശ്യത്തിനു സൗജന്യ വൈദ്യുതി നല്‍കിയ ഇനത്തില്‍ 3,319.30 കോടി രൂപ വകയിരുത്തി. റേഷന്‍കട മുതലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിതരണം ചെയ്യുന്ന ആവശ്യസാധനങ്ങളുടെ പാക്കറ്റുകളിലും ‘അമ്മ’യുടെ ചിത്രം ഇടംനേടി. വാഗ്ദാനം ചെയ്യുന്ന ഓഫറുകളനുസരിച്ചു വോട്ടുചെയ്യുന്ന തമിഴ് മക്കളെ കൃത്യമായി തന്നോടടുപ്പിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. അങ്ങനെയാണവര്‍ തമിഴക മണ്ണില്‍ തുടര്‍ച്ചയായി രണ്ടാംതവണയും ഭരണം നിലനിര്‍ത്തിയത്. ഇതിനിടെ നിരവധി രോഗങ്ങള്‍ അവരെ വേട്ടയാടിയിരുന്നു. എന്നാല്‍ അതൊന്നും സാരമുള്ളതല്ലെന്ന് ആശ്വസിച്ച് പുരട്ച്ചിത്തലൈവിയുടെ തിരിച്ചുവരവിനായി തമിഴ് മക്കള്‍ കാത്തിരിക്കുമ്പോഴാണ് വിധിയുടെ തിരിച്ചടി.

LEAVE A REPLY

Please enter your comment!
Please enter your name here