ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ധനമന്ത്രി ഒ പനീർശെൽവത്തെ മുഖ്യമന്ത്രിയായി തെരെഞ്ഞെടുത്തു. ചെന്നൈ റോയപേട്ടയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് ചേർന്ന  എംഎൽഎമാരുടെ യോഗമാണ്  ഔദ്യോഗികമായി പനീർശെൽവത്തെ മുഖ്യമന്ത്രിയായി തെരെഞ്ഞെടുത്തത്.

അൽപസമയത്തിനകം പനീർശെൽവം മുഖ്യപ്രതിജ്ഞ ചെയ്തേക്കും.  എഐഎഡിഎംകെ നേതാക്കളും ഗവർണറുമായുള്ള കൂടിക്കാഴ്ച ഉടൻ നടന്നേക്കും.

പാർട്ടിയുടെ 134 എംഎൽഎമാരും പനീർശെൽവത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു. ഇന്ന്  അപ്പോളോ ആശുപത്രിയിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ പനീർശെൽവത്തെ മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കാനുള്ള തീരുമാനത്തിൽ ഒപ്പുവെച്ചിരുന്നു.

ഇത് മൂന്നാം തവണയാണ് പനീർശെൽവം തമിഴ്നാട് മുഖ്യമന്ത്രിയാകുന്നത്. 2001 ലും 2014ലും അഴിമതി നിരോധന നിയമപ്രകാരം ജയലളിത അറസ്റ്റിലായപ്പോള്‍ പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നു. ജയലളിതയുടെ വിശ്വസ്തരിലൊരാളാണ്  65 കാരനായ പനീർശെൽവം. തേനി ജില്ലയിലെ ബോധിനായ്ക്കന്നൂർ മണ്ഡലത്തിൽ നിന്നാണ് പനീർശെൽവം നിയമസഭയിലെത്തിയത്. 2006 ൽ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം.

1951 ജനുവരി 14 ന് പെരിയകുളത്ത് ജനിച്ച പനീർശെൽവം നേരത്തെ  ചായക്കട നടത്തിയിരുന്നു. 1996-2001 കാലയളവിൽ പെരിയാകുളം നഗരസഭാ അധ്യക്ഷനായതോടെയാണ് പനീർശെൽവം ജയലളിതയുടെ വിശ്വസ്തനായി മാറിയത്.   പി വിജയലക്ഷ്മിയാണ് ഭാര്യ, മൂന്ന് മക്കളുണ്ട്.

ജയലളിത വഹിച്ചിരുന്ന പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്  ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറും മുതിർന്ന നേതാവുമായ എം തമ്പിദുരൈ എത്തിയേക്കുമെന്നാണ് സൂചന. 1985-89 കാലത്തും അദ്ദേഹം ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായിട്ടുണ്ട്.   2009 മുതൽ എഐഎഡിഎംകെയുടെ ലോക്സഭയിലെ നേതാവായിരുന്നു  തമ്പിദുരൈ.മുമ്പ്‌ കേന്ദ്രമന്ത്രിസഭയിൽ നിയമവകുപ്പ് കൈകാര്യം ചെയ്തിരുന്നു. കരൂർ  ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയാണ് തമ്പിദുരൈ. പാർട്ടി നേതൃസ്ഥാനത്തേക്ക്  ജയലളിതയുടെ തോഴി ശശികല പേരും പറഞ്ഞു കേൾക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here