തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത (68) അന്തരിച്ചു. രാത്രി 11. 30 ന് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അപ്പോളോ ആശുപത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എഐഎഡിഎംകെയും ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചു.

സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മൃതദേഹം ചെന്നൈ രാജാജി ഹാളിൽ പൊതുദർശനത്തിന് വെക്കും. ജയലളിതയുടെ മരണത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ് നാഥ് സിംഗ്, കേന്ദ്രമന്ത്രിമാർ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

ദുഃഖസൂചകമായി എഐഎഡിഎംകെ ആസ്ഥാനത്തെ പാർട്ടിപതാക പകുതി താഴ്ത്തിക്കെട്ടി. തമിഴ്നാട്ടിലെ സ്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു.

ഇന്നലെയുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു ജയലളിത. യന്ത്രസഹായത്തോടെയാണ് ജയലളിതയുടെ ജീവൻ നിലനിർത്തിയത്.ഇസിഎംഒ എന്ന ജീവൻരക്ഷാ ഉപകരണത്തിന്റെ സഹായത്തോടെയാണ്  ജയലളിതയുടെ ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിച്ചത്.

സെപ്റ്റംബര്‍ 22ന് പനിയും നിര്‍ജ്ജലീകരണവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് വീണ്ടും സ്ഥിതി വഷളായത്.

ഔദ്യോഗിക സ്ഥിരീകരണത്തിന് മുമ്പ് ചില തമിഴ് വാർത്താ ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും ജയലളിത മരിച്ചെന്ന വാർത്ത നൽകിയതിനെ തുടർന്ന്  ആശുപത്രിയ്ക്ക മുന്നിൽ സംഘർഷം ഉടലെടുത്തിരുന്നു. എഐഡിഎംകെ ആസ്ഥാനത്ത് പകുതി താഴ്ത്തി കെട്ടിയിരുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം വരാത്തതിനാൽ പതാക ഉയർത്തുകയായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍  എഐഎഡിഎംകെ പ്രവര്‍ത്തകര്‍  വിവിധ ഭാഗങ്ങളില്‍ തടിച്ചുകൂടിയിരിക്കുകയാണ്. ജയലളിതയുടെ ആരോഗ്യനില മോശമായതിനെതുടര്‍ന്ന് സംസ്ഥാനത്തെങ്ങും സുരക്ഷ കര്‍ശനമാക്കിയിരുന്നു. അനിഷ്ടസംഭവങ്ങളൊഴിവാക്കാന്‍ തമിഴ്‌നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും. തമിഴ്‌നാട്ടിലേക്ക് കേന്ദ്രസേന എത്തിയേക്കുമെന്നും വിവരമുണ്ട്. കേരളമുള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളിലും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരമായതിനെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കളും എംഎല്‍എമാരും അപ്പോളോ ആശുപത്രിയിലെത്തിയിരുന്നു. ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ചെന്നൈയില്‍ തുടരുകയാണ്. സംസ്‌കാരചടങ്ങുകളടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വന്നതിന് ശേഷം പ്രധാനമന്ത്രിയടക്കമുള്ളവര്‍ ചെന്നൈയിലേക്ക് തിരിക്കുമെന്നാണ് സൂചന.

ഇന്ന് പാർട്ടി എംഎൽഎമാർ യോഗം ചേർന്ന് പനീർ ശെൽവത്തെ മുഖ്യമന്ത്രിയായി തെരെഞ്ഞെടുത്തു. പാർട്ടിയുടെ നേതൃത്വം ജയലളിതയുടെ തോഴി ശശികല ഏറ്റെടുത്തേക്കും. ജയലളിതയുടെ ആരോഗ്യനില വഷളായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ ധനമന്ത്രി ഒ പനീര്‍ശെല്‍വത്തിന് കൈമാറിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here