മകളുടെ ആഡംബര വിവാഹത്തിനു മുമ്പ് ഖനി വ്യവസായിയും മുന്‍ മന്ത്രിയുമായ ജനാര്‍ദ്ദന റെഡ്ഡി 100 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപണം. കര്‍ണാടകയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഡ്രൈവറുടെ ആത്മഹത്യാ കുറിപ്പിലാണ് റെഡ്ഡിക്കെതിരായ ആരോപണമുള്ളത്. ബംഗളൂരുവിലെ സ്‌പെഷ്യല്‍ ലാന്‍ഡ് അക്വസിഷന്‍ ഓഫീസര്‍ ഭീമാ നായിക്കിന്റെ ഡ്രൈവര്‍ രമേശ് ഗൗഡയെ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. മൃതദേഹത്തിനടുത്തു നിന്നും കണ്ടെടുത്ത ആത്മഹത്യാകുറിപ്പില്‍ റെഡ്ഡിക്കൊപ്പം ഭീമാ നായിക്കിനെതിരെയും പരാമര്‍ശമുണ്ട്.

കല്യാണത്തിനാവശ്യമായ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന ഭീമാ നായിക്കിന് റെഡ്ഡി 20 ശതമാനം കമ്മീഷന്‍ നല്‍കിയെന്നും രമേശിന്റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. തന്നെ ഭീമാ നായിക്ക് മാനസികമായി പീഡിപ്പിക്കുന്നതായും കള്ളപ്പണം വെളുപ്പിച്ചതിനെക്കുറിച്ച് അറിയാവുന്നതിനാല്‍ നിരന്തര ഭീഷണികള്‍ നേരിടേണ്ടിവന്നുവെന്നും ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കുന്നു. കല്യാണത്തിനുമുന്‍പ് ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വച്ച് ഇരുവരും പലതവണ കൂടിക്കാഴ്ച നടത്തി. ഇതിനൊപ്പം 2018ല്‍ നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് വേണമെന്ന് നായിക്ക് ആവശ്യപ്പെട്ടിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

ഖനി അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടെങ്കിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്നിറങ്ങിയ റെഡ്ഡി 500 കോടി മുടക്കി മകളുടെ വിവാഹം  നടത്തിയത് വിവാദമായിരുന്നു. കള്ളപ്പണം തടയാനെന്ന പേരില്‍ നോട്ടുനിരോധനം നടപ്പാക്കിയതിനു പിന്നാലെയായിരുന്നു ആഡംബര വിവാഹം. ഇതേതുടര്‍ന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെഡ്ഡിയുടെ വസതിയിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യുവാവിന്റെ ആത്മഹത്യാകുറിപ്പിലൂടെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

അതേസമയം, നായിക്കിനും അദ്ദേഹത്തിന്റെ മറ്റൊരു ഡ്രൈവര്‍ മുഹമ്മദിനുമെതിരെ കേസെടുത്തിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള മധൂരിലെ ലോഡ്ജ് മുറിയിലാണ് രമേഷ് ഗൗഡയെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here