ശരീഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ കാരണങ്ങളില്ലാതെ മുത്വലാഖ് അനുവദിക്കില്ലെന്ന് ഓള്‍ ഇന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. ശരീഅത്ത് നിയമം അനുസരിക്കാത്തവര്‍ സമുദായ വിലക്ക് നേരിടേണ്ടിവരും. മുത്വലാഖ് വിഷയത്തില്‍ തെറ്റിദ്ധാരണയുണ്ട്. ഇതിനായി പെരുമാറ്റച്ചട്ടം പുറത്തിറക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.
മുത്വലാഖ് വിഷയത്തില്‍ ഒട്ടേറെ പരാതികള്‍ പലഭാഗങ്ങളില്‍നിന്ന് ഉയരുന്ന സാഹചര്യത്തിലാണ് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വിശദീകരണം നല്‍കിയത്. മുത്വലാഖിനുള്ള ഭരണഘടനാപരമായ സാധുത എടുത്തുമാറ്റണമെന്ന ഹരജിയില്‍ സുപ്രിംകോടതിയില്‍ വാദം നടന്നുവരികയാണ്. ശരീഅത്ത് നിയമത്തില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കേണ്ടതില്ലെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന വ്യക്തിനിയമ ബോര്‍ഡിന്റെ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചിരുന്നു.
മതനിയമങ്ങള്‍ മൗലികമായ അവകാശമാണ്. അപൂര്‍വ സംഭവങ്ങളില്‍ മാത്രമേ മുത്വലാഖ് നടക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തുമെന്നും ബോര്‍ഡ് അറിയിച്ചു. ശരീഅത്തിന് വിരുദ്ധമായി മുത്വലാഖ് ചെയ്യുന്നവരെ സമൂഹത്തില്‍നിന്ന് വിലക്കണമെന്ന് ബോര്‍ഡിന്റെ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. സ്ത്രീകള്‍ക്കുള്ള തുല്യതാവകാശം ഹനിക്കുന്ന മുത്വലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് കഴിഞ്ഞ ഡിസംബറില്‍ അലഹാബാദ് ഹൈക്കോടതി പ്രസ്താവിച്ചിരുന്നു. അടുത്ത മെയ് 11 മുതല്‍ 19 വരെ സുപ്രിംകോടതി ഈ വിഷയത്തില്‍ തുടര്‍ച്ചയായ വാദംകേള്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അയോധ്യാക്കേസില്‍ സുപ്രിംകോടതി തീരുമാനം അംഗീകരിക്കുമെന്നും വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here