ന്യൂഡൽഹി: ദേശീയപാത പദ്ധതികളിൽ​ ഇനിമുതൽ ചൈനീസ്​ കമ്പനികളെ അനുവദിക്കില്ലെന്ന്​ കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി. ​ചൈനയുടെ സംയുക്ത പങ്കാളിത്തങ്ങൾക്കും ദേശീയപാത പദ്ധതി കരാറുകൾ നൽകില്ല. സൂക്ഷ്​മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ ചൈനീസ്​ നിക്ഷേപകരെ ​പൂർണമായും ഒഴിവാക്കുമെന്നും ചൈനീസ്​ കമ്പനികളെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

റോഡ്​ നിർമാണത്തിനായി ചൈനീസ്​ പങ്കാളിത്തമുള്ള കമ്പനികൾക്ക്​ ഇനിമുതൽ അനുമതി നൽകില്ല. സംയുക്ത സംരംഭങ്ങളിൽ പങ്കാളികളാക്കില്ല. ചൈനീസ്​ കമ്പനികളെ ഒഴിവാക്കുകയും രാജ്യത്തെ തദ്ദേശ കമ്പനികൾക്ക്​ പ്രാധാന്യം നൽകുകയും ചെയ്യും. ചൈനീസ്​ കമ്പനികളെ നിരോധിക്കുന്നതിനും ഇന്ത്യൻ കമ്പനികൾക്ക്​ മാനദണ്ഡങ്ങൾ അറിയിക്കുന്നതിനും നയം പുറത്തിറക്കും. ​ദേശീയപാത പദ്ധതികളിൽ യോഗ്യത മാനദണ്ഡങ്ങൾ വിപുലീകരിക്കും. പുതിയ ടെൻഡറുകൾക്കും നിലവിലെ പദ്ധതികൾക്കും ഇത്​ ബാധകമാകുമെന്നും അദ്ദേഹം അറിയിച്ചു.

കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്​വരയിലുണ്ടായ ചൈനീസ്​ ആക്രമണത്തെ തുടർന്നാണ്​ തീര​ുമാനം. ചൈനയുമായി അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെ ഇന്ത്യയിൽ 59 ചൈനീസ്​ ആപുകൾക്ക്​ നിരോധനം ഏർപ്പെടുത്തിയിരുന്നു. രാജ്യസുരക്ഷക്ക്​ വെല്ലുവിളി ഉയർത്തുമെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ജനപ്രിയ ആപായ ടിക്​ടോക്​ ഉൾപ്പെടെയുള്ളവയുടെ നിരോധനം.

LEAVE A REPLY

Please enter your comment!
Please enter your name here