ന്യൂഡൽഹി: കൊവിഡ് -19 വാക്‌സിന്‍ വിതരണം സ്വകാര്യ സ്ഥാപനങ്ങളെക്കാള്‍, സര്‍ക്കാര്‍ വഴിയാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്.ഐ.ഐ) തിങ്കളാഴ്ച അറിയിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാണക്കമ്പനികളിലൊന്നായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ഓക്സ്ഫോര്‍ഡ് വാക്സിന്‍ നിര്‍മിക്കുന്ന ആസ്ട്രസെനക്ക കരാര്‍ ഒപ്പിട്ടിട്ടുണ്ട്.പൂനെ ആസ്ഥാനമായ കമ്പനി നിര്‍മിക്കുന്നതില്‍ പകുതിയോളം ഡോസ് വാക്‌സിന്‍ വിതരണം ചെയ്യുന്നത് ഇന്ത്യയിലായിരിക്കുമെന്ന് കമ്പനി സി.ഇ.ഒ അദാര്‍ പൂനാവാല വ്യക്തമാക്കി.

ബാക്കി വാക്‌സിന്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കും. വാക്‌സിന്‍ പരീക്ഷണത്തിന്റെ അടുത്ത ഘട്ടങ്ങളും വിജയിച്ചാല്‍ വന്‍തോതില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയില്‍ നടത്താനുള്ള സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ക്ലിനിക്കല്‍ പരീക്ഷണം വിജയിച്ചാല്‍ ഈ വര്‍ഷം അവസാനത്തോടെ ലക്ഷക്കണക്കിന് ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കും. 2021 മാര്‍ച്ചിനുള്ളില്‍ 30 മുതല്‍ 40 കോടി ഡോസ് വരെ വാക്‌സിന്‍ ഉത്പാദിപ്പിക്കാനാകുമെന്നും അദാര്‍ പൂനാവാല പറഞ്ഞു. അതേസമയം, തങ്ങള്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിന്‍ ജനങ്ങള്‍ക്ക് പണം കൊടുത്തു വാങ്ങേണ്ടി വരില്ലെന്ന് അദാര്‍ പൂനാവാല പറഞ്ഞു.

ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ ഭൂരിഭാഗവും വാങ്ങുന്നത് സര്‍ക്കാരുകളായിരിക്കും. ഇമ്മ്യൂണൈസേഷന്‍ പദ്ധതിയുടെ ഭാഗമായി ഈ വാക്‌സിനുകള്‍ ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യപ്പെടുമെന്നും അദാര്‍ പൂനാവാല പറഞ്ഞു. ഒരു ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ എന്തു ചെലവു വരുമെന്ന കാര്യത്തില്‍ അദ്ദേഹം പ്രതികരണത്തിന് തയ്യാറായില്ല.അതേസമയം, ആര്‍ക്കായിരിക്കും ആദ്യം വാക്‌സിന്‍ കിട്ടുകയെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരിയിരിക്കുമെന്നും അദാര്‍ പൂനാവാല വ്യക്തമാക്കി. ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ പകുതിയോളം കയറ്റുമതി ചെയ്യാനുള്ള തീരുമാനത്തിന് സര്‍ക്കാര്‍ പിന്തുണയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും തുടക്കത്തില്‍ വാക്‌സിന്‍ ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here