ന്യൂഡൽഹി: വ്യത്യസ്ത മയക്കുമരുന്ന് കേസുകളിലായി ഇന്നലെ ഹിന്ദി,കന്നട നടിമാരായ റിയ ചക്രവർത്തിയും സഞ്ജന ഗൽറാണിയും അറസ്റ്റിലായത് സസ്‌പെൻസ് ത്രില്ലർ സിനിമകളിൽപ്പോലും കാണാത്ത വമ്പൻ ട്വിസ്റ്റായി. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് കാമുകിയും നടിയുമായ റിയ ചക്രവർത്തിയെ മുംബയിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.കന്നഡ സിനിമാ മേഖലയിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് നടി സഞ്ജന ഗൽറാണിയെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി)​ അറസ്റ്റ് ചെയ്തത്.

മലയാള സിനിമയിൽ പ്രശസ്തയായ നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന. കാസനോവ,​ കിംഗ് ആൻഡ് കമ്മിഷണർ എന്നീ മലയാള സിനിമകളിൽ സഞ്ജന അഭിനയിച്ചിട്ടുണ്ട്.ഇന്ദിരാ നഗറിലെ വീട്ടിൽ നടന്ന റെയ്ഡിനൊടുവിലാണ് സ‌ഞ്ജനയെ അറസ്റ്റ് ചെയ്തത്.സ‌ഞ്ജനയെ കൂടാതെ മലയാളിയായ നിയാസ് മുഹമ്മദടക്കം ആറു പേരാണ് ഇതുവരെ അറസ്റ്റിലായത്.സഞ്ജനയും നിയാസും അടുത്ത സുഹൃത്തുക്കളാണെന്ന് കണ്ടെത്തിയിരുന്നു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇവരെ സി.സി.ബി ഓഫീസിലേക്ക് കൊണ്ടുപോയി. നേരത്തെ ചോദ്യം ചെയ്യുന്നതിനായി സി.സി.ബി ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും സഞ്ജന തയ്യാറായിരുന്നില്ല. കന്നഡ സിനിമാ ലഹരി മാഫിയയുമായി നടിക്ക് അടുത്ത ബന്ധമുണ്ടെന്നും കഴിഞ്ഞദിവസം അറസ്റ്റിലായ വ്യവസായി രാഹുൽ ഷെട്ടിക്കൊപ്പം സഞ്ജന നിശാപാർട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

പൊട്ടിക്കരഞ്ഞ് കുറ്റം ഏറ്റുപറഞ്ഞ് റിയ
സുശാന്തിന്റെ ആവശ്യ പ്രകാരം ലഹരിമരുന്ന് എത്തിച്ച് നൽകിയതായും സുശാന്തിനൊപ്പം ലഹരിമരുന്ന് നിറച്ച സിഗരറ്റ് വലിച്ചിരുന്നതായും ചോദ്യം ചെയ്യുന്നതിനിടെ പൊട്ടിക്കരഞ്ഞുകൊണ്ട് റിയ ചക്രവർത്തി സമ്മതിച്ചു. താനുമായി അടുപ്പം തുടങ്ങുന്നതിന് മുമ്പേ സുശാന്ത് മയക്കുമരുന്നു ഉപയോ​ഗിച്ചിരുന്നുവെന്നും റിയ മൊഴി നൽകി. നേരത്തെ ലഹരിവസ്തുക്കൾ കൈമാറ്റം ചെയ്തതിനും വില്പന നടത്തിയതിനും റിയയുടെ സഹോദരൻ ഷോവിക്ക് ചക്രവർത്തിയേയും സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിരാൻഡയേയും എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു. നേരത്തേ അറസ്റ്റിലായ ലഹരി മരുന്ന് ഇടപാടുകാരൻ സയ്യിദ് വിലാത്രയുമായി ഷോവിക്കിനും സാമുവലിനും ബന്ധമുണ്ടെന്നും തെളിഞ്ഞിരുന്നു. ഈ സംഘത്തിന് സുശാന്തിന്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here