പത്തനംതിട്ട: കുമ്പഴയിൽ 92കാരിയെ വീട്ടുവേലക്കാരിയുടെ ബന്ധു കഴുത്തറുത്ത് കൊന്നു. കുമ്പഴ മനയത്ത് വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ജാനകി (92) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടിലെ ജോലിക്കാരിയായ ഭൂപതി (പുഷ്പ-60)യുടെ ബന്ധു മയിൽസ്വാമിയെ (62) പത്തനംതിട്ട പൊലീസ് അറസ്റ്റു ചെയ്തു. കൊലയ്ക്കുശേഷം എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ അടൂർ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

വീട്ടിലെ കറിക്കത്തി കൊണ്ട് കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. സ്വീകരണമുറിയിൽ രക്തം വാർന്ന നിലയിലാണ് ജാനകിയുടെ മൃതദേഹം കണ്ടത്. കത്തിയും കണ്ടെടുത്തു. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.

സംഭവത്തെപ്പറ്റി പത്തനംതിട്ട പൊലീസ് പറയുന്നത്: ജാനകിയുടെ മക്കൾ വിശാഖപട്ടണത്തും പത്തനംതിട്ടയിലെ പെരുനാട്ടിലും ഇലവുംതിട്ടയിലുമാണ് താമസം. കുമ്പഴയ്ക്ക് സമീപം കണ്ണങ്കരയിൽ താമസിക്കുന്ന ഭൂപതിയെയാണ് വീട്ടുവേലയ്ക്ക് നിയമിച്ചിരുന്നത്. അവർ അഞ്ച് വർഷമായി ഇൗ വീട്ടിലുണ്ട്. നാല് വർഷം മുൻപ് ബന്ധുവായ മയിൽസ്വാമിയെ ഒപ്പം കൂട്ടുകയായിരുന്നു. വീട്ടുജോലിയിൽ ഭൂപതിയെ സഹായിക്കുന്ന ആളായിരുന്നു മയിൽസ്വാമി. സംഭവസമയം ജാനകിക്കൊപ്പം മയിൽസ്വാമി മാത്രമാണുണ്ടായിരുന്നത്. ഭൂപതി സമീപമുള്ള ബന്ധുവീട്ടിലായിരുന്നു. ഇന്നലെ രാവിലെ ജാനകിയുടെ സമീപവാസിയായ വീട്ടമ്മയോട് പത്രത്തിൽ ഒരു കത്ത് വച്ചിട്ടുണ്ടെന്നും അത് നോക്കണമെന്നും മയിൽസ്വാമി പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോൾ താൻ ജാനകിയെ കൊന്നെന്ന് പറഞ്ഞ ശേഷം ഇയാൾ വീട്ടിൽ കയറി കതകടച്ചു. വീട്ടമ്മ പത്രം എടുത്തുനോക്കിയപ്പോൾ ജാനകിയെ കൊന്നെന്ന് കാട്ടി അതിനുള്ളിൽ കത്ത് എഴുതിവച്ചിട്ടുണ്ടായിരുന്നു. പത്രവും കത്തും പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞാണ് മുറ്റത്തിട്ടിരുന്നത്. വീട്ടമ്മ അടുത്തുള്ളവരെ വിളിച്ചുകൂട്ടി ജാനകി കിടക്കുന്ന ഭാഗത്തെ ജനലിൽകൂടി നോക്കിയെങ്കിലും കണ്ടില്ല. മയിൽസ്വാമിയെ വിളിച്ചപ്പോൾ താൻ ജാനകിയെ കൊന്നതായും പൊലീസ് എത്തിയ ശേഷം കതക് തുറക്കാമെന്നും പറഞ്ഞു. പൊലീസ് എത്തിയപ്പോഴാണ് ഇയാൾ കതക് തുറന്നത്. സ്വീകരണമുറിയിൽ ജാനകി കഴുത്തറ്റ് രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. കറിക്കത്തികൊണ്ട് കഴുത്ത് അറുക്കുകയായിരുന്നെന്ന് മയിൽസ്വാമി പൊലീസിനോട് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ ഡോഗ് സ്‌കാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന്‌ പൊലീസ് അന്വേഷിക്കുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മക്കൾ: ചബ്രോസ്(വിശാഖപട്ടണം), സുഷമ (പെരുനാട്), അജയഘോഷ് ( ഇലവുംതിട്ട). മരുമക്കൾ: ഗിരിജ, അനിരുദ്ധൻ, ബിന്ദു.

LEAVE A REPLY

Please enter your comment!
Please enter your name here