ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ നാളെ അധികാരമേൽക്കും. ഇന്ന് പാട്നയിൽ ചേർന്ന എൻ ഡി എ പാർലമെന്ററി പാർട്ടിയോഗത്തിലാണ് നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്. രാജ് നാഥ് സിംഗ്, ഭൂപേന്ദ്ര യാദവ് തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. തുടർച്ചയായി നാലാംവട്ടമാണ് അദ്ദേഹം ബീഹാർ മുഖ്യമന്ത്രിയാകുന്നത്.

സർക്കാർ രൂപീകരിക്കാനുളള അവകാശവാദം ഉന്നയിച്ച് നിതീഷ് കുമാർ ഇന്നുതന്നെ ഗവർണറെ കാണും. സുശീൽ കുമാർ മോദിയായിരിക്കും ഉപമുഖ്യമന്ത്രി എന്നാണ് റിപ്പോർട്ട്. അതേസമയം അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റ് അംഗവും ദളിത് നേതാവുമായ കമലേശ്വർ ചൗപാലിന്റെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്.നിതീഷ് കുമാറിന്റെ പാർട്ടിയെക്കാൾ സീറ്റ് ബി ജെ പിക്കാണ്.അതിനാൽ ബി ജെ പി പറഞ്ഞതനുസരിച്ച് പ്രവർത്തിക്കുന്ന ഒരു പാവമുഖ്യമന്ത്രിയായിരിക്കും നിതീഷെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. നിതീഷിനെ ബി ജെ പി ദുർബലനാക്കിയെന്നും ഭരിക്കുന്നത് ബി ജെ പി ആയിരിക്കും എന്ന വിമർശനമാണ് കോൺഗ്രസ് ഉയർത്തുന്നത്.243 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 125 സീറ്റുകൾ നേടിയാണ് എൻ ഡി എ സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. ബി ജെ പിക്ക് 74 സീറ്റ് ലഭിച്ചപ്പോൾ നിതീഷിന്റെ ജെ ഡി യുവിന് 43 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here