ഹാനോയ്: ലോകത്തിലെ ഏറ്റവും വലിയ തുറന്ന വിപണി യാഥാര്‍ഥ്യമാക്കികൊണ്ട് 15 ഏഷ്യ- പസിഫിക്ക് രാജ്യങ്ങള്‍ തമ്മില്‍ കരാര്‍ ഒപ്പുവച്ചു. സമഗ്ര മേഖലാ സാമ്പത്തിക പങ്കാളിത്ത കരാറില്‍ (ആര്‍.സി.ഇപി) ചൈന, ദക്ഷിണ കൊറിയ, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണുള്ളത്. ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 30 ശതമാനം കൈയ്യാളുന്ന രാജ്യങ്ങള്‍ തമ്മിലാണ് കരാര്‍.

16 രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്ന ആര്‍.സി.ഇ.പിയില്‍, പരിഹരിക്കപ്പെടേണ്ട ഒട്ടേറെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി കരാറിൽ നിന്നും ഇന്ത്യ ഒഴിവായിരുന്നു. ഗുണമേന്മ കുറഞ്ഞ ചൈനീസ് ഉല്‍പന്നങ്ങള്‍ വ്യാപകമായി രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യപ്പെടുമെന്നായിരുന്നു പ്രധാനമായും ഇന്ത്യയുടെ ആക്ഷേപം. ഇവ പരിഹരിച്ച ശേഷം ഇന്ത്യ സന്നദ്ധത അറിയിച്ചാല്‍ കരാറിന്റെ ഭാഗമാകാന്‍ അവസരമുണ്ട്.2012ല്‍ രൂപകല്‍പന ചെയ്ത കരാര്‍, എട്ടുവര്‍ഷങ്ങള്‍ക്കുശേഷം ഞായറാഴ്ച സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഉച്ചക്കോടിയിലാണ് വെര്‍ച്വലായി ഒപ്പുവച്ചത്. രാജ്യങ്ങളിലെ തീരുവകള്‍ കുറയ്ക്കുക, വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുക, ഇ-കൊമേഴ്‌സ് മേഖല പുതുക്കുക തുടങ്ങിയവ കരാറിന്റെ ഭാഗമാണ്. ഇതോടെ ഈ മേഖലകളില്‍ ചൈന സ്വാധീനം വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here