കോഴിക്കോട് : ടെണ്ടർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഊരാളുങ്കലിന് സംസ്ഥാന സർക്കാർ നിർമ്മാണ കരാറുകൾ നൽകുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭാ ഹാൾ പുനരുദ്ധാരണ പ്രവർത്തിയിൽ സ്പീക്കക്കെതിരെ ഗുരുതരമായ ആരോപണവുമായാണ് രാവിലെ കെ സുരേന്ദ്രൻ മാധ്യമങ്ങളെ കണ്ടത്.  

പാലാരിവട്ടം പാലത്തിന്റെ നിർമ്മാണത്തിൽ നടന്ന അഴിമതിയുടെ അതേരീതിയിലാണ് നിയമസഭാ ഹാൾ നിർമ്മണാത്തിൽ ഉണ്ടായിരിക്കുന്ന അഴിമതി. സ്വർണക്കേസിൽ എന്തുകൊണ്ടാണ് ലോജിക്കൽ എൻഡിംഗ് ഉണ്ടാത്തതെന്ന് പലരും ചോദിക്കുന്നുണ്ട് . കേസ് അന്വേഷണം നീണ്ടുപോവുന്നതിന് പ്രധാന കാരണം സർക്കാരാണ്.
 
 അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു എന്ന ആരോപണം ശരിയല്ല, പലതരത്തിൽ അന്വേഷണം മുടക്കാനാണ് സി പി എമ്മും സർക്കാരും ശ്രമിക്കുന്നത്.   ശക്തമായ തെളിവുകൾ ലഭിച്ചതിന്റെ പേരിലാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ആരോഗ്യവരുപ്പിന്റെ സഹായത്തോടെ രവീന്ദ്രനെ ആശുപത്രിയിൽ താമസിപ്പിച്ച് ചോദ്യം ചെയ്യൽ വൈകിപ്പിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സുപ്രണ്ടിനെ ചോദ്യം ചെയ്താൽ കാര്യങ്ങൾ വ്യക്തമാവും.

സ്വർണക്കേസിൽ പ്രതികളായവരെ സംരക്ഷിച്ചിട്ടില്ല എന്ന്  സ്പീക്കർക്ക് ഉറപ്പിച്ച് പറയാൻ പറ്റുമോ? സഹായിച്ചതിന്റെ  തെളിവുകൾ ലഭിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമോ എന്നും കെ സുരേന്ദ്രൻ ചോദിച്ചു.

ഊരാളുങ്കൽ ലേബർ കോൺട്രാക്ടിംഗ് സൊസൈറ്റി സിപിഎം നേതാക്കളുടെ ബിനാമി സ്ഥാപനമാണ്. സംസ്ഥാനത്തെ മിക്കവാറും എല്ലാ ജോലികളുടെയും കരാർ ഊരാളുങ്കലിന് നൽകുന്നു. ടെണ്ടർ ഇല്ലാതെ അധിക തുകയ്ക്ക് കരാർ നൽകുകയും, ബാക്കിതുക വീതിച്ചെടുക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ വർഷങ്ങളായി നടക്കുന്നത്.
ടെണ്ടറില്ലാതെ ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി സർക്കാറിന്റെ കരാർ ജോലികൾ ഊരാളുങ്കലിനെ ഏൽപ്പിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് ? വൈദഗ്ധ്യമില്ലാത്ത മേഖലയിൽപോലും ഊരാളുങ്കലിന് കരാർ നൽകുന്നത് പ്രകടമായ പക്ഷപാതവും അഴിമതിയുമാണ്.

 സ്പീക്കർ  ശ്രീരാമകൃഷ്ണൻ അധികാര ധുർവിനിയോഗമാണ് നടത്തിയിരിക്കുന്നത്. പരിപാവനമായ പദവിയാണ്  സ്പീക്കറുടേത്. ശ്രീരാമകൃഷ്ണൻ തന്റെ പദവിയുടെ അന്തസ് കളഞ്ഞു കുളിച്ചെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.
 
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതേ വിഷയത്തിൽ സ്പീക്കർക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

സ്വർണക്കടത്ത് കേസ്, റിവേഴ്സ് ഹവാല എന്നീ കേസുകളിൽ പ്രതികളായ സ്വപ്‌നയും സന്ദീപും നൽകിയ രഹസ്യമൊഴിയിൽ സ്പീക്കറുടെ പേരുണ്ടെന്നുള്ള ആരോപണം കെ സുരേന്ദ്രൻ ഉന്നയിച്ചിരുന്നു. സ്പീക്കർ ഇന്നലെ അത് തള്ളി രംഗത്തെത്തി. സ്വർണക്കേസ് ആരോപണത്തിന് പിന്നാലെയാണ് സ്പീക്കർക്കെതിരെ ഗുരുതര അഴിമതിയാരോപണവുമായി സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here