ഇസ്രായേലിനെ ജൂത രാഷ്ട്രമായി അംഗീകരിക്കുന്നുവെന്ന മൊറോക്കോയുടെ വെളിപ്പെടുത്തലിനെ പ്രശംസിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ‘ഇത് സമാധാനത്തിന്റെ വലിയ അവസരമാണ്, മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള സമാധാനത്തിന്റെ വെളിച്ചം ഒരിക്കലും ഇത്രയധികം പ്രകാശിച്ചിട്ടില്ല. ചരിത്രപരമായ ഈ ദിവസം വന്നെത്തുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഞാന്‍ നിരന്തരം ഇതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു’. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ചരിത്രപരമായ തീരുമാനത്താല്‍ ചരിത്രപരമായ സമാധാനം സ്ഥാപിച്ചുവെന്ന് മൊറോക്കന്‍ രാജാവായ മുഹമ്മദ് ആറാമന് നന്ദി പറയവേ നെതന്യാഹു പറഞ്ഞു. ഈ ആധുനിക കാലഘട്ടത്തില്‍ മൊറോക്കന്‍ ജനതയ്ക്കും ജൂതന്മാര്‍ക്കും തമ്മില്‍ സുദൃഢമായ ബന്ധമുണ്ടെന്നും ഇരു ജനവിഭാഗങ്ങളും തമ്മിലുള്ള സൗഹൃദം എല്ലാവര്‍ക്കും അറിവുള്ളതാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

ആയിരക്കണക്കിന് മൊറോക്കന്‍ ജൂതന്മാര്‍ ഇസ്രായേലിലേക്ക് വരികയും അവര്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഒരു പാലമായി പ്രവര്‍ത്തിച്ചുവെന്നും അതുവഴി ഇരുകൂട്ടരും പരസ്പര ബഹുമാനവും സ്‌നേഹവും ഉണ്ടാക്കിയെടുത്തുവെന്നും നെതന്യാഹു പറഞ്ഞു. ജറുസലേം-റബാത്ത് ഉടമ്പടിക്ക് മധ്യസ്ഥത വഹിച്ച ട്രംപിനും നെതന്യാഹു നന്ദി പറഞ്ഞു. ഇസ്രായേലിലെ ജനങ്ങള്‍ എന്നും താങ്കളോട് കടപ്പെട്ടിരിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം എത്രയും വേഗം ഇസ്രായേലില്‍ നിന്നും മൊറോക്കോയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കുമെന്ന് ഇസ്രായേല്‍ എയര്‍ലൈന്‍സ് പറഞ്ഞു. മൊറോക്കോയിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ നടത്താനുള്ള സാമ്പത്തികവും പ്രവര്‍ത്തനപരവുമായ സാധ്യതകളെക്കുറിച്ച് ഏറെക്കാലമായി ചര്‍ച്ച ചെയ്ത് വരികയാണെന്നും കമ്പനി വക്താവ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here