തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ വിളിച്ച കെ പി സി സി രാഷ്ട്രീയകാര്യസമിതിയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. ന്യൂനപക്ഷ വോട്ടുകൾ എൽ ഡി എഫിലേക്കും ഭൂരിപക്ഷ വോട്ടുകൾ ബി ജെ പിയിലേക്കും പോവുന്നത് തടയണമെന്നും ശക്തികേന്ദ്രങ്ങളിലെ വോട്ടുകൾ തിരിച്ചുപിടിക്കാൻ നടപടിയുണ്ടാവണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.മദ്ധ്യകേരളത്തിലും മദ്ധ്യതിരുവിതാകൂറിലും കോൺഗ്രസിന്റേയും യു ഡി എഫിന്റേയും പരമ്പരാഗത വോട്ടുകളിൽ അതിശക്തമായ ചോർച്ചയുണ്ടായത് ഗുരുതരമാണ്. ക്രിസ്‌ത്യൻ വോട്ടുകളിൽ വിളളലുണ്ടായി. അത് ജോസ് കെ മാണിയടെ ഇടതുമുന്നണി പ്രവേശം കൊണ്ടുമാത്രമല്ലെന്നും രാഷ്ട്രീയകാര്യ സമിതി വിലയിരുത്തി.അരോചകമായ വാർത്താസമ്മേളനങ്ങളല്ലാതെ കെ പി സി സി എന്തുചെയ്‌തുവെന്ന് നേതൃത്വത്തിനെതിരേ ഷാനിമോൾ ഉസ്‌മാൻ വിമർശനം ഉന്നയിച്ചു. നേതാക്കൾ പരസ്‌പരം പുകഴ്‌ത്തിക്കോളൂ എന്നാൽ പ്രവർത്തകർ അംഗീകരിക്കില്ല. ജനം ചോദ്യം ചെയ്യുന്ന സാഹചര്യം വന്നേക്കാമെന്നും ഷാനിമോൾ ഷാനിമോൾ ഉസ്‌മാൻ പറഞ്ഞു.ഇത്തരത്തിലാണ് കോൺഗ്രസിന്റെ പ്രവർത്തനമെങ്കിൽ ആറ് മാസം കഴിയുമ്പോൾ നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയം ചർച്ച ചെയ്യാൻ ഇതുപോലെ യോഗം വിളിക്കാമെന്നാണ് വി ഡി സതീശൻ പരിഹസിച്ചത്. എല്ലാ ദിവസവും പത്രസമ്മേളനം നടത്തിയതുകൊണ്ട് വോട്ടുകിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്ത് പഞ്ചായത്തുകൾ കൂടുതൽ കിട്ടിയെന്ന മുല്ലപ്പളളിയുടെ അഭിപ്രായത്തിന് നിയമസഭാ തിരഞ്ഞെടുപ്പിൽ പത്ത് സീറ്റ് കൂടുതൽ കിട്ടിയാൽ മതിയോ എന്നായിരുന്നു പി സി വിഷ്‌ണുനാഥിന്റെ ചോദ്യം. ബി ജെ പിയും സി പി എമ്മും സാമൂഹികമാദ്ധ്യമങ്ങളെ മികച്ചരീതിയിൽ ഉപയോഗപ്പെടുത്തിയപ്പോൾ കോൺഗ്രസ് എന്തുചെയ്‌തുവെന്നും വിഷ്‌ണുനാഥ് ആരാഞ്ഞു.താഴെത്തട്ടുമുതൽ അഴിച്ചുപണി കൂടിയേതീരൂവെന്നായിരുന്നു കെ സുധാകരന്റെ അഭിപ്രായം. പ്രവർത്തിക്കാത്തവരെ മാറ്റണം. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ പേരിൽ നടന്നത് ഗ്രൂപ്പുകളി മാത്രമാണെന്നായിരുന്നു പി ജെ കുര്യന്റെ ആരോപണം. സ്ഥാനാർത്ഥി നിർണയം പാളി എന്ന അഭിപ്രായം എല്ലാവരും പങ്കിട്ടു. സ്ഥാനാർത്ഥികളെ സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞില്ലെന്നും വിമർശനമുയർന്നു. കെ പി സി സി. ഭാരവാഹികൾക്ക് ചുമതല നൽകാത്തതും വെൽഫയർ പാർട്ടി ബന്ധവും ചർച്ചയായി.

LEAVE A REPLY

Please enter your comment!
Please enter your name here