കൊച്ചി :  കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ രീതികളിൽ വലിയ മാറ്റമുണ്ടാവുന്നതിന്റെ സൂചനകളാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം.

തോൽവിയോടെ കോൺഗ്രസിൽ തമ്മിലടി രൂക്ഷമായി. ഇത് ഘടകകക്ഷിയായ മുസ്ലിംലീഗിനെ അസ്വസ്ഥമാക്കുന്നുണ്ട്. ലീഗിനെ നയിക്കാനായി സംസ്ഥത്തേക്ക് തിരിച്ചെത്തിയ പി കെ കുഞ്ഞാലിക്കുട്ടിയെയാണ് യു ഡി എഫിന്റെ പരാജയം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രൂപപ്പെട്ട പ്രത്യേക സാഹചര്യം മുതലെടുക്കാൻ കഴിഞ്ഞില്ലെന്ന ആരോപണവുമായി ആർ എസ് പിയും രംഗത്തെത്തി.


സാധാരണ മുന്നണിയിൽ പ്രതിസന്ധിയുണ്ടാവുന്ന ഘട്ടത്തിൽ മധ്യസ്ഥന്റെ റോളിൽ പ്രത്യക്ഷപ്പെടാറുള്ള മുസ്ലിംലീഗ് ജോസ് കെ മാണിയെ യു ഡി എഫിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചപ്പോൾ കാര്യമായി ഇടപെട്ടിരുന്നില്ല. കെ എം മാണിയുമായി ലീഗ് വച്ചുപുലർത്തിയിരുന്ന ബന്ധം ജോസ് കെ മാണിയുമായി ഉണ്ടായിരുന്നില്ല എന്നതാണ് അതിന് പ്രധാന കാരണം. പി ജെ ജോസഫിന്റെ സംഘടനാ ശക്തിയെക്കുറിച്ച് ധാരണയില്ലാതെ പോയതും യു ഡി എഫിന്റെ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. ലീഗിന് വലിയ തിരിച്ചടികൾ ഉണ്ടായിട്ടില്ലെന്ന് അവർ വാദിക്കുമ്പോഴും വെൽഫെയർപാർട്ടിയുമായി ബന്ധമുണ്ടാക്കിയത് പരമ്പരാഗതമായി കൂടെ നിൽക്കുന്ന സമസ്തപോലുള്ള സംഘടനയെ ചൊടിപ്പിച്ചിരുന്നു. നിലമ്പൂർ നഗരസഭയിൽ ലീഗിന് അംഗബലം പൂജ്യമായതും നേതൃത്വത്തിന് വലിയ തിരിച്ചടിയായി.

 സംഘടനാ ദൗർബല്യം മൂലം പ്രതിസന്ധിയിലായ കോൺഗ്രസ്, നിലനിൽപ്പു തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണിപ്പോൾ. നേതാക്കളെല്ലാം ചേരിതിഞ്ഞുള്ള ആരോപണവുമായി രംഗത്തെത്തി. മുതിർന്ന നേതാക്കൾ പോലും പരാതിയുമായി രംഗത്തെത്തിയത് അണികളിൽ ശേഷിക്കുന്ന ആത്മവീര്യം കെടുത്തയിരിക്കയാണ്. പലരും ബി ജെ പിയിലേക്ക് പോവാനുള്ള ഒരുക്കളും ആരംഭിച്ചു. ഗ്രൂപ്പും ജാതി സമവാക്യങ്ങളും മാത്രം നോക്കി, വിജയസാധ്യതകൾ പരിഗണിക്കാതെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് പ്രാദേശിക തലത്തിൽ വലിയ തിരിച്ചടിയായി. വിമത സല്യം ഏറെ രൂക്ഷമായിരുന്നു യു ഡി എഫിൽ. എറണാകുളം കോർപ്പറേഷനിലും തൃശ്ശൂർ കോർപ്പറേഷനിലും യു ഡി എഫിന് തിരിച്ചടിയായത് വിമതരാണ്. മൂന്ന് യു ഡി എഫ് വിമതർ കൊച്ചിയിൽ ജയിച്ചു കയറി. അതിൽ മുസ്ലിം ലീഗ് വിമതനായ ടികെ അഷറഫിന്റെ പിന്തുണയോടെയാണ് കൊച്ചി ഇടതുവശം ചാഞ്ഞത്.


തൃശ്ശൂരിൽ വിജയിച്ച യു ഡി എഫ് വിമതനെ മേയറാക്കിക്കൊണ്ട് എൽ ഡി എഫ് ഭരണം നിലനിർത്തി.
സ്ഥിതിഗതികൾ ഏറ്റവും പരിതാപകരമായ അവസ്ഥയിലും യു ഡി എഫിൽ എല്ലാവർക്കും ഒറ്റക്കാര്യമാണ് ആവർത്തിക്കാനുള്ളത് സംഘടനയെ ശക്തിപ്പെടുത്തണമെന്ന്. എന്നാൽ നേതാക്കൾ മാറിയാൽ സംഘടന ശക്തിപ്പെടുമോയെന്നാണ് ഉയരുന്ന ചോദ്യം. അണികളെ എന്ത് പറഞ്ഞ് കൂടെ നിർത്തും ? ഇത്തരം വിഷയങ്ങളിലൊന്നും കോൺഗ്രസിൽ ചർച്ചയില്ല.

കെ മുരളീധരനാണ് നേത്വത്തിനെതിരെ തെരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി രംഗത്തുവന്നത്. മുല്ലപ്പള്ളി രാമചന്ദ്രനുമായി നേരിട്ട് ഏറ്റുമുട്ടി. കോഴിക്കോട് പ്രചരണത്തിന് ഇറങ്ങില്ലെന്ന ഭീഷണി മുഴക്കാനും കെ മുരളീധരൻ തയ്യാറായി.
ഭരണം അഞ്ചു വർഷത്തിലൊരിക്കൽ മാറിവരുന്ന രീതിയിൽ മാറ്റ മുണ്ടാവുമോ എന്നാണ് യു ഡി എഫിലെ മറ്റ് ഘടകകക്ഷികളുടെ ആശങ്ക. തുടർച്ചയായി ഭരണം ലഭിക്കാതെ വന്നാൽ മുസ്ലിംലീഗടക്കമുള്ള പാർട്ടികൾ പ്രതിസന്ധിയിലാവും. ഐ എൻ എൽ പോലുള്ള സംഘടന ശക്തിപ്പെടും. കൂടുതൽ പേർ ലീഗ് വിട്ട് പുറത്തേക്ക് വരും. ഇത് എൽ ഡി എഫിന് കൂടുതൽ കരുത്തുപകരും.


കേരളാ കോൺഗ്രസ് ജോസഫ് പക്ഷം ഇപ്പോൾ തന്നെ പ്രതിസന്ധിയിലാണ്. ചിഹ്നവും പേരും നഷ്ടമായതോടെ പി ജെ ജോസഫിന്റെ പാർട്ടിക്ക് പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയുണ്ടായി. കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും വൻ നേട്ടമുണ്ടാക്കുമെന്ന് കരുതിയ ജോസഫ് തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. രണ്ടിലയുടെ മാസ്മരിക ശക്തിയാണ് തിരിച്ചടിക്ക് പ്രധാന കാരണമെന്ന് പി ജെ ജോസഫും തിരിച്ചറിയുന്നുണ്ട്. ദുർബലമായ കോൺഗ്രസ്, അതിലും ദുർബലമായ കേരളാ കോൺഗ്രസ് മധ്യകേരളത്തിൽ  പിടിച്ചു നിൽക്കാൻ എന്താണ് വഴിയെന്നുള്ള അന്വേഷണത്തിലാണ് യു ഡി എഫ് നേതാക്കൾ. ഉമ്മൻ ചാണ്ടിയുടെ സ്വന്തം തട്ടകംപോലും ആടിയുലഞ്ഞു. ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും കോട്ടയത്തിന്റെ കാര്യത്തിൽ പ്രകടിപ്പിച്ച തികഞ്ഞ ആത്മവിശ്വാസം എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് കോൺഗ്രസ് പ്രവർത്തകർ ചോദിക്കുന്നു.

സി പി എമ്മും എൽ ഡി എഫും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. എന്നാൽ ആരോപണവും പ്രത്യാരോപണവുമായി ആകെ കുഴഞ്ഞുമറിഞ്ഞിരിക്കയാണ് യു ഡി എഫും കോൺഗ്രസും.  
 

LEAVE A REPLY

Please enter your comment!
Please enter your name here