തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം കോൺഗ്രസിന്റെ മുഖം മിനുക്കാൻ കൊടുമ്പിരിക്കൊണ്ട ചർച്ചകൾ നടക്കവെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ തിരഞ്ഞെടുപ്പിൽ നിയോജക മണ്ഡലം മാറ്റത്തിന് ഒരുങ്ങുന്നതായി സൂചന. തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാ മണ്ഡലത്തിൽ നിന്ന് അദ്ദേഹം മത്സരിക്കുമെന്നാണ് വിവരം. ജില്ലയിലെ സുരക്ഷിത മണ്ഡലത്തിലേക്ക് മാറാനുളള നീക്കം പ്രതിപക്ഷ നേതാവ് തുടങ്ങിയതായി കോൺഗ്രസ് നേതാക്കൾ സൂചിപ്പിച്ചു.ഹരിപ്പാട് നിന്നുളള എം.എൽ.എയാണ് രമേശ് ചെന്നിത്തല. കോൺഗ്രസിന്റെ സുരക്ഷിത സീറ്റല്ലാത്ത ഹരിപ്പാട് മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങൾ അടക്കമുളള കാര്യങ്ങൾ ഇത്തവണ അനുകൂലമാകില്ലെന്ന് മുന്നിൽ കണ്ടാണ് ചെന്നിത്തലയുടെ നീക്കമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

പ്രതിപക്ഷ നേതാവിന്റെ മണ്ഡലം മാറ്റം സംബന്ധിച്ചുളള അനൗദ്യോഗിക ചർച്ചകൾ കഴിഞ്ഞ കുറച്ചു നാളുകളായി നടക്കുന്നുണ്ടെന്നാണ് ഐ ഗ്രൂപ്പ് നേതാക്കൾ പറയുന്നത്.കോട്ടയം ജില്ലയിലെ ഏതെങ്കിലുമൊരു മണ്ഡലമാണ് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് തിരുവനന്തപുരത്ത് നിന്ന് ചെന്നിത്തല മത്സരിക്കട്ടെ എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരുകയായിരുന്നുവെന്ന് ഐ ഗ്രൂപ്പിലെ തിരുവനന്തപുരം ജില്ലയിലെ ഒരു പ്രമുഖ നേതാവ് കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. അതേസമയം, മണ്ഡലം മാറ്റം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും തീരുമാനം ആത്മഹത്യാപരമായിരിക്കും എന്ന് വാദിക്കുന്നവരുമുണ്ട്.

തിരുവനന്തപുരത്ത് എവിടെ?
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന അരുവിക്കരയിൽ രമേശ് ചെന്നിത്തലയ്‌ക്ക് മത്സരിക്കാൻ താത്പര്യമുണ്ടെന്നാണ് വിവരം. 1991 മുതൽ കോൺഗ്രസിനെ മാത്രം ജയിപ്പിക്കുന്ന മണ്ഡലമായ ആര്യനാട് പിന്നീട് മണ്ഡല പുനർനിർണയം നടത്തി അരുവിക്കര ആയപ്പോഴും നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ കൈവിട്ടിരുന്നില്ല. അഞ്ച് പ്രാവശ്യം ജി കാർത്തികേയനും പിന്നീട് രണ്ടു തവണ മകൻ ശബരീനാഥനുമാണ് ജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ഇടതുപക്ഷം തൂത്തുവാരിയപ്പോൾ കോൺഗ്രസ് വൻഭൂരിപക്ഷത്തിലാണ് അരുവിക്കരയിൽ നിന്ന് വിജയിച്ചത്.

ഈ കണക്കുകളാണ് അരുവിക്കര തിരഞ്ഞെടുക്കാൻ പ്രതിപക്ഷ നേതാവിനെ പ്രേരിപ്പിക്കുന്നത്.അനൗദ്യോഗിക ചർച്ചകളുടെ തുടക്കത്തിൽ ഈ തീരുമാനം ഗ്രൂപ്പിൽ എതിർപ്പുകൾ ഉയർത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ശബരിനാഥിന് മണ്ഡലത്തിൽ നെഗറ്റീവ് ഇമേജുണ്ടെന്നും ചെന്നിത്തലയെപ്പോലെ ഒരാൾ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നുമാണ് ചില കോൺഗ്രസ് നേതാക്കൾ പറയുന്നത്.കെ. മുരളീധരൻ നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്നതും ഇപ്പോൾ ഇടതുമുന്നണിയുടെ കൈവശമിരിക്കുകയും ചെയ്യുന്ന വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലും രമേശ് ചെന്നിത്തല സ്ഥാനാർത്ഥിയാകുന്നതിനുളള സാദ്ധ്യത തളളിക്കളയാനാകില്ല.

സിറ്റിംഗ് സീറ്റ് അല്ലാത്ത ഒരിടത്ത് നിന്ന് പ്രതിപക്ഷ നേതാവ് മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന് കരുതുന്നവരുമുണ്ട്. ചെന്നിത്തല അരുവിക്കരയിൽ മത്സരിക്കുകയാണെങ്കിൽ വി. കെ. പ്രശാന്തിന് എതിരെ ശബരീനാഥിനെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കുന്ന കാര്യവും നേതാക്കൾക്കിടയിൽ അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ട്.സിറ്റിംഗ് സീറ്റായ തിരുവനന്തപുരം സെൻട്രലാണ് പ്രതിപക്ഷ നേതാവ് മത്സരിക്കാൻ നോട്ടമിടുന്ന മൂന്നാമത്തെ മണ്ഡലം. നിലവിൽ ഇവിടെ ചെന്നിത്തലയുടെ വിശ്വസ്‌തനായ വി. എസ്. ശിവകുമാറാണ് എം.എൽ. എ. അരുവിക്കര, വട്ടിയൂർക്കാവ്, തിരുവനന്തപുരം ഉൾപ്പടെ മൂന്ന് മണ്ഡലങ്ങളും ഐ ഗ്രൂപ്പിന്റെ സീറ്റുകളാണ് എന്നത് കാര്യങ്ങൾ എളുപ്പമാക്കും. അതേസമയം, പാർട്ടിയിൽ നിന്ന് ഉയർന്നു വരാൻ ഇടയുളള എതിർപ്പും യൂത്ത് കോൺഗ്രസിന്റെ നിലപാടും വിഷയത്തിൽ നിർണായകമാകും.

LEAVE A REPLY

Please enter your comment!
Please enter your name here