ഹ്യുസ്റ്റൺ: 2020 മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഒരു അന്ധകാരത്തിന്റെ വർഷമാണ് എന്നാൽ അതിൻറെ അവസാനപാദം നമ്മൾ മലയാളികൾക്ക് അഭിമാനത്തിന്റെയും പ്രതീക്ഷയുടെയും പൊൻകിരണങ്ങൾ നൽകി കൊണ്ടാണ്.
അതെ പറഞ്ഞു വരുന്നത് അമേരിക്കൻ രാഷ്ട്രീയത്തിലെയും കേരള രാഷ്ട്രീയത്തിലെയും രണ്ടു വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്നതിനാണ്.
അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്ത് മിസോറി സിറ്റി മേയർ ആയി തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ റോബിൻ ഇലക്കാട്ട് ഏതൊരു മലയാളിക്കും പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് അഭിമാനത്തിനു വകനൽകുന്ന വിജയം.
മറ്റൊന്ന് തിരുവനന്തപുരം മേയർ ആയി തെരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രൻ .
21ആം വയസ്സിൽ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ .

റോബിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ കോട്ടയം ജില്ലയിൽ കുറുമുള്ളൂർ ഇലക്കാട്ട് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും സീമന്തപുത്രന് സ്ഥാനമാനങ്ങളൊട് അമിതാവേശം ഒന്നുമില്ല. കുടുംബമാണ് എല്ലാത്തിലും വലുത് എന്ന് ചിന്തിക്കുന്ന വലിയ മനസ്സിൻറെ ഉടമ. വയസ്സ് 47 മാത്രം. താഴെത്തട്ടിൽ നിന്ന് രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ റോബിൻ ആദ്യം കോളനിയി ലേയ്ക്ക് ഹോം ഓണേഴ്സ് അസോസിയേഷൻ ബോർഡ് അംഗമായും പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. അതിനുശേഷവും മിസോറി സിറ്റിയുടെ പാർക്ക്സ് ബോർഡിൽ അംഗവും വൈസ് ചെയർമാനുമായി . അതിനു ശേഷം മൂന്നു തവണ കൗൺസിലിലേക്ക് മത്സരിച്ചു മൂന്നുതവണയും വിജയിച്ചു. പൊതുവേ പ്രവാസികളായ മലയാളികൾ വിദേശ രാഷ്ട്രീയ രംഗങ്ങളിൽ അകലം പാലിച്ച് നിൽക്കുമ്പോൾ റോബിനെയും കെപി ജോർജിനെയും കെവിൻ തോമസിനെ പോലെ ചുരുക്കം ചിലരെങ്കിലും മുൻപോട്ട് വരുന്നുണ്ട് എന്നുള്ളത് ഒരു ആശ്വാസം. അതിലും വലിയൊരു ആശ്വാസം ഇവിടുത്തുകാർ നമ്മളെ അംഗീകരിക്കുന്നു എന്നുള്ളതിനും ആണ് .
ഇന്ത്യക്കാർ ഏതാണ്ട് 20 ശതമാനത്തോളം മാത്രമുള്ള മിസോറി സിറ്റി എന്ന സമ്പന്ന നഗരത്തിൽ മേയറായി ഒരു മലയാളിയെത്തുന്നു എന്നുള്ളത് അഭിമാനമാണ്. ഇതേ നഗരം ഉൾപ്പെടുന്ന ഫോർട്ട് ബെൻഡ് കൗണ്ടിയിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്നതും കെ പി ജോർജ് എന്ന ഒരു മലയാളിയായ പത്തനംതിട്ടക്കാരൻ ആണ് .


അതുപോലെതന്നെയാണ് തിരുവനന്തപുരത്തെ നിയുക്ത മേയർ ആര്യ രാജേന്ദ്രൻ . പ്രായം ഇരുപത്തി ഒന്നേ ഉള്ളൂ പ്രായത്തിൽ കവിഞ്ഞ പക്വത ഉള്ള സംസാരം. ഒരുപക്ഷേ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആദ്യമായിട്ടായിരിക്കും ഒരു പ്രമുഖ പാർട്ടി തിരുവനന്തപുരം പോലുള്ള ഒരു തലസ്ഥാനനഗരത്തിൻറെ മുഴുവൻ ഉത്തരവാദിത്വവും 20 കഴിഞ്ഞ ഒരു ചെറുപ്പക്കാരിക്ക് നൽകുന്നത്. അതിന് ആ പാർട്ടിയെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. അത്രമാത്രം യുവജനങ്ങളിൽ വിശ്വാസമർപ്പിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം. ഓൾ സെയിന്റ്സ് കോളേജിലെ ബിഎസ്ഇ മാത്തമാറ്റിക്സ് വിദ്യാർഥിനിയാണ് ആര്യ . ബാലസംഘത്തിൻറെ സംസ്ഥാന പ്രസിഡണ്ട് ആണ് ആര്യ രാജേന്ദ്രൻ . “പഠിച്ചു ഞങ്ങൾ നല്ലവരാകും ജയിച്ചു ഞങ്ങൾ മുന്നേറും പടുത്തുയർത്തും ഭാരതമണ്ണിൽ സമത്വ സുന്ദര നവലോകം” ബാല സംഘത്തിൻറെ പുതിയ മുദ്രാവാക്യമാണിത്. വിദ്യാഭ്യാസത്തിൻറെ പ്രാധാന്യത്തെ വിളിച്ചറിയിച്ചുകൊണ്ട് സമത്വ സുന്ദര നവലോകം സൃഷ്ടിക്കുന്ന യുവജനങ്ങൾക്ക് ഒരു മാതൃകയായി മാറിയിരിക്കുകയാണ് ആര്യ രാജേന്ദ്രൻ .
ആര്യയും റോബിനും തമ്മിൽ പ്രത്യയശാസ്ത്രങ്ങളിൽ വ്യത്യാസമുണ്ടാകാം ചിന്താഗതികളിൽ വ്യത്യാസമുണ്ടാകാം. പ്രവർത്തനമേഖലകളിൽ വ്യത്യാസമുണ്ടാകാം. എന്നാൽ ഇരുവരും പുതിയ വർഷത്തിൽ സുന്ദരമായ വലിയ രണ്ട് നഗരങ്ങളിൽ അധിപരായി മാറിയിരിക്കുകയാണ്.
മാലിന്യ നിർമ്മാർജ്ജനം ഉറപ്പാക്കിക്കൊണ്ട് കൂടുതൽ സുന്ദരമായ ഒരു തലസ്ഥാന നഗരമാണ് ആര്യ വിഭാവനം ചെയ്യുന്ന തിരുവനന്തപുരം . അച്ചടക്കമുള്ള സാമ്പത്തികരംഗവും മിസോറി സിറ്റിയുടെ മുഖച്ഛായ മാറ്റിമറിക്കുന്ന ഗുണനിലവാരമുള്ള സംരംഭങ്ങളും കൊണ്ടുവന്ന് അമേരിക്കയിലെ തന്നെ ഒരു മികച്ച നഗരം ആക്കി മാറ്റുക എന്നതാണ് റോബിൻ മിസോറി സിറ്റിയെ പറ്റി വിഭാവന ചെയ്യുന്നത്.
പ്രതീക്ഷയുടെ പൊൻകിരണങ്ങൾ പരുത്തി ഈ ക്രിസ്മസ് ദിനവും ഇപ്പോൾ കടന്നുപോയി. പുതിയ രാഷ്ട്രീയ സമവാക്യങ്ങളും ആയി പൊരുത്തപ്പെടുവാൻ നമ്മൾ ഒരുങ്ങുകയാണ്. പുരോഗമനപരമായി ചിന്തിച്ച് സമത്വ സുന്ദര നവലോകം കെട്ടിപ്പടുക്കുവാൻ പുതിയ തലമുറയിലെ യുവജനങ്ങൾക്ക് ആകട്ടെ എന്നാശംസിക്കുന്നു.

അജു വാരിക്കാട് .

LEAVE A REPLY

Please enter your comment!
Please enter your name here