സ്വന്തം ലേഖകൻ

കൊച്ചി / തിരുവന്തപുരം : കേരളത്തിലെ ത്രിതല പഞ്ചായത്തുകളിൽ അധ്യക്ഷൻമാരെ തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെ കൂടുതൽ പഞ്ചായത്തുകളിൽ ഭാഗ്യം തുണച്ചത് യു ഡി എഫിനെ. വയനാട് ജില്ലാ പഞ്ചായത്തിലടക്കമാണ് യു ഡി എഫിന് നേട്ടമുണ്ടായത്.
വയനാട് ജില്ലയിൽ പനമരം പഞ്ചായത്തിലും ടോസിലൂടെയാണ് യു ഡി എഫ് ഭരണം പിടിച്ചത്. മലപ്പുറം ജില്ലയിൽ പത്തെണ്ണത്തിൽ ആറ് ഗ്രാമപഞ്ചായത്തിൽ യു ഡി എഫിനെ ഭാഗ്യം തുണച്ചു. 
 

തുല്യസീറ്റ് ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് വയനാട് ജില്ലാ പഞ്ചായത്തിന്റെ ഭരണം യു ഡി എഫ് നിലനിർത്തിയത്. കോൺഗ്രസിലെ സംഷാദ് മരിക്കാർ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനാണ് സംഷാദ് .
 
കൊല്ലത്ത് നാല് പഞ്ചായത്തുകളിൽ യു ഡി എഫ് വിജയിച്ചു. കണ്ണൂരിൽ ഇരിക്കൂർ ബ്ലോക്കിലും കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലുമാണ് യു ഡി എഫ് നറുക്കെടുപ്പിലൂടെ അധികാരത്തിലെത്തിയത്. തിരുവനന്തപുരം വെള്ളനാട് ബ്ലോക്കിലും അതിയനല്ലൂരിലും യു ഡി എഫ് ടോസിലൂടെ അധികാരത്തിലെത്തിയപ്പോൾ തിരുപ്പറത്ത് എൽ ഡി എഫിനെയായിരുന്നു ഭാഗ്യം തുണച്ചത്.

കാസർകോട് മൂളിയാർ, പൈവളിഗെയിലും എൽ ഡി എഫും, ബദിയടുക്കയിൽ യു ഡി എഫും ടോസ് നേടി വിജയികളായി.
കോഴിക്കോട് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് യു ഡി എഫിന് ലഭിച്ചപ്പോൾ കായക്കൊടി എൽ ഡി എഫിനായിരുന്നു. പാലക്കാട് മൂന്ന് പഞ്ചായത്ത് നറുക്കെടുപ്പിലൂടെ യു ഡി എഫ് പിടിച്ചപ്പോൾ രണ്ടിടത്ത് എൽ ഡി എഫും വിജയിച്ചു. 
 
കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് കാവശ്ശേരിയിൽ ഭരണം എൽ ഡി എഫിന് ലഭിച്ചു. നെന്മാറ, കുഴൽമന്ദം, മങ്കര പഞ്ചായത്തുകളിലും ഭാഗ്യം യു ഡി എഫിനൊപ്പമായി.

ഇടുക്കിയിൽ മൂന്നിടത്ത് നറുക്കെടുപ്പു നടന്നപ്പോൾ രണ്ടിടത്ത് എൽ ഡി എഫും ഒരിടത്ത് യു ഡി എഫും വിജയിച്ചു. 14 ജില്ലാ പഞ്ചായത്തുകളിൽ 11 എണ്ണത്തിൽ എൽ ഡി എഫും മൂന്നെണ്ണത്തിൽ യു ഡി എഫും വിജയിച്ചു. കഴിഞ്ഞ തവണ ഏഴുവീതം ജില്ലാ പഞ്ചായത്തുകളിലാണ് ഇരുമുന്നണികളും ഭരണത്തിലിരുന്നത്. മധ്യകേരളത്തിൽ യു ഡി എഫിനുണ്ടായ തിരിച്ചടിയാണ് മൂന്ന് ജില്ലാ പഞ്ചായത്തിൽ യു ഡി എഫ് ഒതുങ്ങിയത്.
എറണാകുളം, വയനാട്, മലപ്പുറം ജില്ലാ പഞ്ചായത്തുകളിൽ യു ഡി എഫ് ഭരണവും നിലവിൽ വന്നു.

ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി പി ഐയിലെ ജിജി കെ ഫിലിപ്പും, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരളാ കോൺഗ്രസ് എമ്മിലെ നിർമ്മല ജിമ്മി, തൃശ്ശൂരിൽ പി കെ ഡേവിഡ്, സാം കെ ഡാനിയൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
പത്തനംതിട്ട-ആഡ്വ ഓമല്ലൂർ ശങ്കരൻ, കണ്ണൂർ-പി പി ദിവ്യ, പാലക്കാട്- കെ ബിനുമോൾ, കോഴിക്കോട് കാനത്തിൽ ജമീല, മലപ്പുറത്ത് മുസ്ലിംലീഗിലെ എം കെ റഫീഖയും തെരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ സി പി എമ്മിലെ ഡി സുരേഷ് കുമാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here