സ്വന്തം ലേഖകൻ

കൊച്ചി : കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ ഉമ്മൻ ചാണ്ടി രംഗത്തിറങ്ങണമെന്ന് എ ഐ സി സി. താരിഖ് അൻവർ ഇതു സംബന്ധിച്ച് എ ഐ സി സി ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസ് സംവിധാനം താറുമാറായി കിടക്കുകയാണ്. കെ പി സി സി യിൽ പുനസംഘടന നടത്താനുള്ള സമയമല്ലെന്നും, പകരം യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതല ഉമ്മൻ ചാണ്ടിക്ക് നൽകി യു ഡി എഫിനെ ശക്തിപ്പെടുത്തുകയാണ് കോൺഗ്രസ് ഹൈക്കമാന്റിന്റെ നീക്കം.

ഉമ്മൻ ചാണ്ടിയെ കാണാനായി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ദേഹത്തിന്റെ ഭവനത്തിലെത്തിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ സജീവ രാഷ്ട്രീയത്തിൽ നിന്നും ഉമ്മൻ ചാണ്ടി മാറി നിൽക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ടില്ലെങ്കിൽ വലിയ തിരിച്ചടി കിട്ടുമെന്ന ഘടകകക്ഷികളുടെ നിർദ്ദേശത്തെ തുടർന്നാണ്  എ ഐ സി സിയുടെ പുതിയ നീക്കം.
ഉമ്മൻ ചാണ്ടിയുമായും , മറ്റ് കോൺഗ്രസ് നേതാക്കളുമായും ചർച്ച ചെയ്ത് ഉടൻ തീരുമാനമുണ്ടാക്കാനായി എ ഐ സി സി വക്താവ് വീണ്ടും കേരളത്തിലെത്തും. പാർട്ടിക്ക് അനുകൂലമായ നിലപാട് ഹൈക്കമാന്റ് കൈക്കൊള്ളുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

എന്നാൽ ഉമ്മൻ ചാണ്ടി ഈ വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. കെ പി സി സി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യവുമായി ഒരു വിഭാഗം ഇപ്പോഴും ശക്തമായി നിലകൊള്ളുന്നുണ്ട്. പരസ്യ പ്രചാരണം വിലക്കിയതിനാൽ വിവാദങ്ങൾ കെട്ടടങ്ങിയെങ്കിലും നേതൃത്വത്തിനെതിരെയുള്ള നീക്കം ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here