ഫ്രാൻസിസ് തടത്തിൽ 
 
ന്യൂജേഴ്‌സി: പുതുവർഷത്തിലെ പാതിരാ കുർബാന കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ ഏറെ വൈകിയതിനാൽ നേരം വൈകിയാണ് എഴുന്നേറ്റത്. രാവിലെ തന്നെ ഭാര്യ ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ട് കട്ടിലിൽ നിന്നെഴുന്നേറ്റ് താഴെ വന്നു നോക്കുമ്പോൾ പുല്ലുവെട്ടുകാരൻ  ആണെന്ന് മനസിലായി. വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രമാണ് അദ്ദേഹം  പണം വാങ്ങാൻ  വരാറുള്ളത്. ഒരുമിച്ച് ഒരു തുക വാങ്ങുന്നതാണ് അദ്ദേഹത്തിന് താൽപ്പര്യം. 2020 ലെ ബാക്കിയുള്ള പണം വാങ്ങാനാണ് വന്നത്. ചെക്ക് ബുക്ക് എടുത്ത് എഴുതാനായി തിയതി എഴുതാൻ തുടങ്ങിയപ്പോഴാണ് പതിവില്ലാതെ വർഷം തെറ്റിപ്പോയത്. കഴിഞ്ഞ ഒരു വർഷമായി 2020 എന്നെഴുതാറുള്ളതുകൊണ്ട് ഇത്തവണയും അങ്ങനെ തന്നെ അറിയാതെ എഴുതിപ്പോയി. അങ്ങനെ തിരുത്തിയെഴുതാൻ തുടങ്ങുമ്പോഴാണ് ഉള്ളൊന്ന് കാളിയത്. “ദൈവമേ ഇന്ന് പുതുവർഷപ്പുലരിയിൽ തന്നെയാണല്ലോ ചെക്ക് എഴുതുന്നത്.”
 
ഈ വർഷം തുടങ്ങുന്നതു തന്നെ കൊടുത്തുകൊണ്ടാണെങ്കിൽ 2021 ൽ പണം ചോരുമല്ലോ എന്ന എല്ലാവർക്കും വരുന്ന സ്വാഭാവിക ചിന്ത എന്റെയുള്ളിലും വന്നു. അയാൾക്ക് കൊടുക്കാനുള്ള പണമാണെങ്കിലും മനസില്ല മനസോടെ ചെക്ക് എഴുതിക്കൊടുത്തു. പുതുവർഷപ്പുലരിയിൽ തന്നെ 1250 ഡോളറിന്റെ ചെക്ക് എഴുതിയതിന്റെ  മനോവിഷമത്തിൽ വീണ്ടും കട്ടിലിൽ പോയി കിടന്നെങ്കിലും ഈ വര്‍ഷം പണം ചോർന്നു പോകുന്ന വഴി ഓർത്ത് ഉറക്കവും ഇല്ലാതായി.
 
 അപ്പോഴാണ് ഡാളസിൽ നിന്ന് പ്രിയ സുഹൃത്തും പത്രപ്രവർത്തകനുമായ പി.പി. ചെറിയാൻ വിളിക്കുന്നത്.  “സാറെ ചെക്ക് കിട്ടിയല്ലോ അല്ലെ?” ചെക്ക് പോയവനോട് ചെക്ക് കിട്ടിയോ എന്ന് ചോദിച്ചപ്പോൾ ആദ്യം ഒന്നും മനസിലായില്ല.  അദ്ദേഹം വീണ്ടും പറഞ്ഞു.”എന്റെ ബാങ്കിൽ ചെക്ക് വന്നു. സാറിന്റെ ബാങ്കിൽ വന്നോ എന്ന് നോക്കിക്കോളൂ.”   ഇങ്ങേരിതെന്താണ് പറയുന്നത്. പുതുവർഷപ്പുലരിയിൽ എനിക്ക് ആര് ചെക്ക് അയക്കാൻ എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ചെറിയാച്ചൻ കൂടുതൽ വ്യക്തമാക്കി പറഞ്ഞു. “നമ്മടെ ട്രമ്പിന്റെ കൈനീട്ടം ഗംഭീരമായില്ലേ.” അപ്പോഴാണ് സംഭവം കത്തിയത്. ഉടൻ തന്നെ ബാങ്ക് അക്കൗണ്ടിൽ കയറി നോക്കി. ദാ കിടക്കുന്നു ഐ.ആർ. എസിൽ നിന്ന് ഒരു ട്രാൻസ്ഫർ ട്രാൻസാക്ഷൻ. 
 
സംഭവം കലക്കി . രാവിലെ തന്നെ 1250 ഡോളറിന്റെ ചെക്ക് കൊടുത്തതിന്റെ ഇച്ഛാഭംഗത്തിൽ ഇരിക്കുമ്പോൾ കൊടുത്തതിന്റ ഇരട്ടി പണം ബാങ്കിൽ വന്നിരിക്കുന്നു. ‘അതോടെ കണികൈനീട്ടം’ കൊടുത്തതിനെക്കാൾ സന്തോഷം ‘കണി കൈനീട്ടം’ കിട്ടിയതിലായി. സ്റ്റീമിലസ് ചെക്ക് എന്തായാലും കിട്ടുമെന്ന് അറിയാം പക്ഷെ, അതിത്ര വേഗം, അതും ന്യൂ ഇയറിന്റെ അന്ന് തന്നെ കിട്ടുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. 
 
പിന്നീട് ഏതാനും സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിച്ചു. എല്ലാവർക്കും പെരുത്ത ഹാപ്പിയായി. എന്നാൽ ഒരാൾ മാത്രം താൻ പറഞ്ഞ ഏറെ നിസ്സംഗതയോടെയാണ് കേട്ടിരുന്നത്. നിയന്താടാ ഒന്നും പ്രതികരിക്കാത്തത് എന്ന് ചോദിച്ചപ്പോൾ ആന വാ പൊളിക്കുന്നതു കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചിട്ടെന്താ കാര്യമെന്നായിരുന്നു മറുപടി. കഴിഞ്ഞ വർഷത്തെ അഡ്ജസ്റ്റബിൾ ഗ്രോസ്  ഇൻകം 2 ലക്ഷം ഉണ്ടായിരുന്നവന് സ്റ്റീമിലസിൽ ചെക്കിന്റെ കാര്യത്തിൽ താൽപ്പര്യമില്ലെന്നായിരുന്നു അതിന്റെ വ്യങ്ഗ്യാർത്ഥം. ഇവിടെ ആനയാര് അണ്ണാനാര് എന്നത് മറ്റൊരു വിഷയം. കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമെന്ന് തിരിച്ചു പറയണമെന്നു തോന്നിയെങ്കിലും ന്യൂ ഇയറിൽ തന്നെ നാവു വളക്കേണ്ട എന്ന് തീരുമാനിച്ചു. 
 
അഡ്ജസ്റ്റബിൾ ഗ്രോസ് ഇൻകം $ 150,000 താഴെയുള്ളവർക്കാണ് 600 ഡോളർ വീതം സ്റ്റീമിലാസ് ചെക്ക് ലഭിക്കുക. $ 150,000 മുതൽ $ 200,000 നു താഴെ അഡ്ജസ്റ്റബിൾ ഗ്രോസ് ഇൻകം ഉള്ളവർക്ക് അതിനാനുപാതികമായുള്ള ചെക്ക് ആയിരിക്കും ലഭിക്കുക. $200,000 മുകളിലുള്ളവർക്ക് ഒന്നും ലഭിക്കില്ല. നമ്മുടെ ചങ്ങാതി ആ വിഭാഗത്തിൽപ്പെട്ടതുകൊണ്ടാണ് ആനയുടെയും അണ്ണാന്റെയും കഥ പറഞ്ഞത്.
 
എന്തായാലും ട്രബിന്റെ കണി അധികമാരും തന്നെ അറിഞ്ഞിട്ടുണ്ടാകുമെന്നു തോന്നുന്നില്ല. എന്നാൽ ഇന്നലെ അക്കൗണ്ട് പരിശോധിച്ച പലരും  എന്നെപ്പോലെ ശരിക്കും അമ്പരന്നിട്ടുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ക്രിസ്തുമസ്- ന്യൂയർ ഓൺലൈൻ ഷോപ്പിംഗുകൾ നടത്തി അക്കൗണ്ടിൽ ലോ ബാലൻസ് ആണെന്ന സന്ദേശം ലഭിക്കുന്ന എന്നെപ്പോലുള്ള ചിലർക്കെങ്കിലും ട്രമ്പിന്റെ ഈ പുതുവർഷക്കണി ശരിക്കും ഒരു വലിയ ആശ്വാസം തന്നെയാണ്.
 
പണം ട്രമ്പിന്റെ പോക്കറ്റിൽ നിന്നല്ലല്ലോ പൊതു ഖജനാവിൽ നിന്നല്ലേ എന്നൊന്നും ചോദിച്ചുകളയരുത്. എനിക്കത് ട്രമ്പ് കൈനീട്ടം തന്നത് തന്നെയെന്ന് വിശ്വസിക്കാനാണ് തോന്നുന്നത്. എന്നു കരുതി എന്നെ ട്രമ്പിന്റെ അനുഭാവി എന്നൊന്നും വിളിച്ചു കളയരുത്. മിക്കവാറും മാസങ്ങങ്ങളുടെ തുടക്കത്തിലും അവസാനത്തിലും ലോ ബാലൻസ് എന്ന സന്ദേശം പതിവായി കിട്ടുന്ന, ക്രെഡിറ്റ്  കാർഡുകൾ ഉപയോഗിക്കുന്ന, ഒരു ആവറേജ് വരുമാനമുള്ള ഒരു പാവപ്പെട്ട പൗരനാണ് ഞാൻ. അതുകൊണ്ടാണ് കണി കണ്ടപ്പോൾ അന്ധാളിച്ചു വാ പൊളിച്ചു പോയത്…..

വാൽക്കഷ്ണം:
 
പാതിരാ കുർബാന കഴിഞ്ഞു പള്ളിയിൽ നിന്ന് മടങ്ങുമ്പോൾ പുത്രൻ വിശക്കുന്നുവെന്ന് പറഞ്ഞു മുറവിളി കൂട്ടുകയായിരുന്നു. ന്യൂ ഇയർ അല്ലെ , റസ്റ്റോറന്റുകൾ എല്ലാം തുറന്നിട്ടുണ്ടാകുമെന്നു കരുതി. ഹൈവേയിൽ നിന്ന് പുറത്തിറങ്ങി. മിക്കവാറുമുള്ള റോഡുകൾ ശൂന്യം. മക്ഡൊണാൾഡ്‌സ് എന്തായാലും തുറക്കും. ഏതു പാതിരാത്രിയിലും തുറക്കുന്നതല്ലേ. ഡ്രൈവ് ത്രൂ ഉള്ള സമീപ സിറ്റികളിലെ എല്ലാ ഔട്ട് ലെറ്റുകളിലും പോയി. ഒരെണ്ണം പോലും തുറന്നിട്ടില്ല. കഴിഞ്ഞ വർഷം ഇതേ സമയം അകത്തു കയറാൻ നീണ്ട ക്യു കണ്ടിരുന്ന ടി ജി എസ് ഫ്രൈഡേ, ആപ്പിൾ ബീ തുടങ്ങായ റെസ്റ്റോറന്റുകളുടെ ഉള്ളിൽ  വെളിച്ചം കണ്ട് ഒന്ന് കയറാമെന്ന് കരുതി. ദൂരെക്കാഴ്ച്ചയിൽ ആളുകൾ ക്യു നിൽക്കുകയാണെന്ന്  തോന്നിയത് മേശപ്പുറത്ത് കസേരകൾ കയറ്റി വച്ചതായിരുന്നുവന്നു അടുത്ത് ചെന്നപ്പോഴാണ് മനസിലായത്.  എന്തായാലും നമ്മുടെ കുഞ്ഞൻ കൊറോണ അമേരിക്കക്കാരെ വീട്ടിൽ ഭക്ഷണം പാചകം ചെയ്തു കഴിക്കുന്നതെങ്ങനെ എന്ന് ഒരു വർഷം കൊണ്ട്  പഠിപ്പിച്ചു. വീട്ടിലെത്തിയ പയ്യൻസിന് ചിക്കൻ നാഗേറ്റ്സ് ചൂടാക്കി കൊടുത്തു. മാക്ക്ഡോണാൾഡിലെ നാഗേറ്റ്സ് പോലെ കടലാസ്സിൽ പൊതിഞ്ഞതല്ലെന്നു മാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here