കല്ലമ്പലം: നാവായിക്കുളത്ത് മൂത്തമകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇളയ മകനുമായി അച്ഛൻ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു. പിതാവിന്റെയും ഇളയ മകന്റെയും മൃതദേഹം നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്ര ആറാട്ടു കുളത്തിൽ നിന്ന് കണ്ടെത്തി. നാവായിക്കുളം നൈനാംകോണത്താണ് സംഭവം. നാവായിക്കുളം നൈനാംകോണം വടക്കേവയൽ മംഗ്ലാവിൽവാതുക്കൽ വയലിൽ വീട്ടിൽ ഓട്ടോറിക്ഷ ഡ്രൈവറായ സഫീർ (34), സഫീറിന്റെ മൂത്തമകൻ ആറാംക്ലാസ് വിദ്യാർത്ഥിയായ അൽത്താഫ് (11), നാലാം ക്ലാസ് വിദ്യാർത്ഥിയായ അൻഷാദ് (9) എന്നിവരാണ് മരിച്ചത്. അൽത്താഫും അൻഷാദും നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ്. അൽത്താഫിനെ കിടപ്പുമുറിയിലെ കട്ടിലിൽ മയക്കികിടത്തി കൈകാലുകൾ കയറുകൊണ്ട് കെട്ടിയിട്ട ശേഷം കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു കണ്ടെത്തിയത്. സഫീറിന്റെ മാനസിക പ്രശ്നമാണ് കൊലയിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തി ഞായറാഴ്ച മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

പൊലീസ് പറയുന്നത് ഇങ്ങനെ:
നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശിയായ സഫീർ 12 വർഷങ്ങൾക്ക് മുമ്പാണ് നാവായിക്കുളം സ്വദേശി റജീനയെ വിവാഹം കഴിച്ചത്. ആറുമാസം മുൻപാണ് ഇവരുടെ കുടുംബത്തിൽ പ്രശ്നങ്ങൾ രൂക്ഷമായത്.കുറച്ചുനാളുകളായി സഫീറിന് മാനസിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇയാൾ സംശയത്തിന്റെ പേരിൽ ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. തുടർന്ന് സഫീറിന്റെ മാതാപിതാക്കൾ ചികിത്സക്കായി ഇയാളെ നെടുമങ്ങാട്ട് കൊണ്ടുപോയി. ചികിത്സയ്ക്ക് ശേഷം നാവായിക്കുളത്തെ വീട്ടിൽ തിരികെ എത്തിയെങ്കിലും പ്രശ്നങ്ങൾ വീണ്ടും തുടർന്നു. ഇതിനിടെ നാവായിക്കുളം വൈരമലയിൽ ഇവ‌ർ പുതുതായി വീടും പണിതിരുന്നു.ഈ വീട്ടിൽ സഫീറിന്റെ ഭാര്യാ സഹോദരനുമുണ്ടായിരുന്നു. എന്നാൽ പുതിയ വീട്ടിൽ താമസിക്കാൻ സഫീർ കൂട്ടാക്കിയില്ല. ഭയം കാരണം നിലവിലെ വീട്ടിൽ കഴിയാൻ ഭാര്യയും തയ്യാറായില്ല. തുടർന്ന് സഫീർ ഒറ്റക്ക് പഴയവീട്ടിൽ താമസമാക്കി.

ഇടക്കിടെ രണ്ട് മക്കളെയും സഫീർ വീട്ടിൽ കൊണ്ടുവരാറുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ സഫീർ വൈരമലയിലുള്ള ഭാര്യവീട്ടിലെത്തി കുട്ടികളെ കൂട്ടി തന്റെ ഓട്ടോറിക്ഷയിൽ പാപനാശത്തും തുടർന്ന് വർക്കല പാലച്ചിറയിലുള്ള ബന്ധുവീട്ടിലും എത്തിയിരുന്നു. ഈ വീട്ടിൽ ഇന്നലെ മരണാനന്തര ചടങ്ങ് നടക്കാനുള്ളതിനാൽ രാവിലെ എത്താമെന്ന് പറഞ്ഞ് രാത്രി എട്ടരയോടെ സഫീർ കുട്ടികളുമായി ഇറങ്ങി രാത്രി 9മണിയോടെ തന്റെ വീട്ടിലെത്തി.രാവിലെ പാലച്ചിറയിലെ ബന്ധുവീട്ടിൽ സഫീറും കുട്ടികളും എത്താത്തതിനെ തുടർന്ന് ഭാര്യാസഹോദരൻ വീട്ടിലെത്തിയപ്പോൾ വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ നാവായിക്കുളം വലിയകുളത്തിന് സമീപം ഓട്ടോറിക്ഷ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഓട്ടോയിൽ നിന്നും മൂത്തമകൻ വീട്ടിലുണ്ട് എന്ന ഒറ്റവരി കത്തും, കുളത്തിലെ പടിക്കെട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചെുരുപ്പുകളും വാച്ചും കണ്ടെത്തി. തുടർന്ന് കല്ലമ്പലം പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിനിടയിൽ ഇന്നലെ രാവിലെ 11 മണിയോടെ സഫീറിന്റെ മൃതദേഹവും ഉച്ചക്ക് ഒരുമണിയോടെ അൻഷാദിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here