നെയ്യാറ്റിൻകര: പൊലീസ് വീട് ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾക്ക് വേണ്ടി ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റ് വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത വസ്തുവും വീടും രാജന്റെ മക്കൾ തിരസ്കരിച്ചു.അയൽവാസി വസന്ത സ്വന്തമെന്ന് അവകാശപ്പെടുന്ന രാജന്റെ വീട് ഉൾപ്പെടുന്ന വസ്തുവിന്റെ രേഖകൾ അവർ വ്യാജമായി നിർമ്മിച്ചതാണെന്നും അതു വിലകൊടുത്ത് വാങ്ങിയാൽ നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബോബി ചെമ്മണ്ണൂരിന്റെ വാഗ്ദാനം കുട്ടികൾ നിരാകരിച്ചത്. കോളനി ഭൂമി സർക്കാർ വക വസ്തു ആയതിനാൽ സർക്കാർ നൽകുന്ന പട്ടയത്തിന് മാത്രമേ നിയമ സാധുത ഉണ്ടാവുകയുള്ളു.രാജനെയും ഭാര്യ അമ്പിളിയെയും അടക്കം ചെയ്‍ത നാല് സെന്റ് വസ്തു മക്കൾക്ക് പതിച്ച് നൽകി പട്ടയം കൊടുക്കാമെന്നും അവിടെ വീടുവച്ച് നൽകാമെന്നും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.ഇന്നലെ ഉച്ചക്ക് അഭിഭാഷകനോടൊപ്പം പൊങ്ങിൽ എത്തിയ ബോബി ചെമ്മണ്ണൂരും സംഘവും വസന്തയുടെ വീട്ടിൽ എത്തി രാജന്റെ വീട് ഉൾപ്പെടുന്ന നാല് സെന്റ് വസ്തു വാങ്ങുന്നതിനായി അഡ്വാൻസ് നൽകി കരാർ ഒപ്പിട്ട് അതുമായാണ് രാജന്റെ മക്കളെ കാണാനെത്തിയത്.

സഹായ വാഗ്‌ദാനങ്ങൾക്ക് നന്ദി പറഞ്ഞ രാജന്റെ മക്കൾ, വസ്തു കൈമാറാൻ നിയമമില്ലെന്നിരിക്കെ വസന്ത സ്വന്തമാക്കിയ വ്യാജ പട്ടയത്തിന്മേലുള്ള കരാർ നടപടികളിലൂടെ ബോബി ചെമ്മണ്ണൂരും കബളിക്കപ്പെട്ടെന്നും അഡ്വാൻസ് നൽകിയ തുക തിരികെ വാങ്ങി മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്നും പറഞ്ഞു. വസന്ത തെറ്റിദ്ധരിപ്പിച്ചതാണെങ്കിൽ അതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. രാജന്റെ മക്കളായ രാഹുലിനെയും രഞ്ജിത്തിനെയും തൃശൂർ ശോഭ സിറ്റിയിലേക്ക് കൂട്ടിക്കൊണ്ടുപോകാനും സഹായം നൽകാനും ബോബി ചെമ്മണ്ണൂർ സന്നദ്ധത പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here