രാജേഷ് തില്ലങ്കേരി
 

അനിൽ പനച്ചൂരാനെ ഞാൻ ആദ്യമായി കാണുന്നത് സംവിധായകൻ ജയരാജിന്റെ കോട്ടയം കോടിമതിയിലുള്ള വീട്ടിൽ വച്ചായിരുന്നു.  വർഷങ്ങൾ ഏറെ പിന്നിട്ടിരിക്കുന്നു. പിന്നീട് ഞാൻ വീണ്ടും അനിലിനെ കാണുമ്പോൾ അദ്ദേഹം ലാൽജോസിന്റെ അറബിക്കഥയെന്ന സിനിമയിൽ പാട്ടെഴുത്തുകാരനായി മാറിയിരുന്നു. കവിയെന്ന നിലയിൽ നിന്നും അനിൽ പനച്ചൂരാൻ സിനിമാഗാന രചയിതാവായി മാറുന്നതിന്റെ സന്തോഷവും അന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചു.
വലയിൽ വീണ കിളികളാണു നാം….
ചോരവീണ മണ്ണിൽ നിന്നുമുയർന്ന പൂമരം…

എന്നു തുടങ്ങുന്ന ആ വരികളെല്ലാം  പിന്നീട് കേരളത്തിൽ തംരഗമായി. തിരികെ ഞാൻ വരുമെന്ന വാർത്തകേൾക്കാനായി ഗ്രാമം കൊതിച്ചിരുന്ന… എന്ന ഗാനവും കൂടിയായപ്പോൾ അത് ഏറെ ഹൃദയസ്പൃക്കായി. ആ ഗാനങ്ങളെല്ലാം കൊച്ചിയിൽ സാസ് ടവറിൽ വച്ചാണ് ട്യൂൺ ചെയ്തത്. ബിജിപാലായിരുന്നു സംഗീത സംവിധായകൻ.  ഇവർ രണ്ടുപേരെയും ആരും അറിയില്ല. തീർത്തും പുതുമുഖങ്ങൾ. എന്നാൽ അനിലിലെ എനിക്ക് നേരത്തെ അറിയാമായിരുന്നു. അനിലാണ് എന്നെ ബിജിപാലിനെ പരിചയപ്പെടുത്തുന്നത്. ്
ലാൽ ജോസിന്റെ അറബിക്കഥയുടെ ലൊക്കേഷനിൽ വച്ചാണ് നമ്മൾ കൂടുതൽ അടുത്തത്. പിന്നെ തുടർച്ചയായി ഫോൺവിളികൾ, ചർച്ചകൾ….

ഞാൻ അക്കാലത്ത് ടേക്ക് വൺ എന്ന സെലിബ്രിറ്റി മാഗസിന്റെ പ്രതിനിധിയായിരുന്നു. കൊച്ചിയിൽ കൊളൊമ്പോ ജംഗ്ഷനിൽ സാസ് ടവറിലാണ് താമസം. ഒരു ദിവസം എന്നെ പനച്ചൂരാൻ വിളിച്ചു. താൻ എവിടെയുണ്ട്, എന്നായിരുന്നു ചോദ്യം.  ഞാൻ സാസ് ടവറിലുണ്ട് എന്ന ഉത്തരം കേട്ടപ്പോൾ അദ്ദേഹം പൊട്ടിച്ചിരിക്കുന്നു. ഞാനും മെജോ ജോസഫും സാസ് ടവറിലുണ്ട്. നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംഗീത സംവിധായകനാണ് മെജോ ജോസഫ്.

ഞാൻ അവരുടെ റൂമിലെത്തി, വിനീത് ശ്രീനിവാസനും വിനുമോഹനും നായകരാവുന്ന  സൈക്കിൾ എന്ന ചിത്രത്തിന്റെ ഗാനം ചിട്ടപ്പെടുത്താനായുള്ള ശ്രമമാണ് അവിടെ നടക്കുന്നത്, പാട്ടുകൾ ഒന്നും എഴുതിയിരുന്നില്ല. ഞാൻ കുറച്ചു സമയം അവിടെ അവരുമായി സംസാരിച്ച് തിരെ റൂമിലേക്ക് പോയി.   അന്ന് വൈകിട്ട് അനിൽ പനച്ചൂരാൻ എന്നെ വിളിച്ചു. ‘ രാജേഷ് താൻ അറിഞ്ഞോ നാളെയും മറ്റെന്നാളും ഹർത്താൽ…. നമ്മളെ പോലുള്ളവർ എങ്ങിനെ ജീവിക്കും എന്നായിരുന്നു അനിലിന്റെ ചോദ്യം.

എനിക്ക് ആദ്യം ഒന്നും പിടികിട്ടിയില്ല. നമുക്ക് ജീവിക്കാൻ എന്താണ് പ്രശ്‌നം. ആഹാരം സാസ് ടവറിൽ ലഭ്യമാണ്… ഹർത്താലായാലും അവർ ആഹാരം തരും. എന്താണ് പ്രശ്‌നം എന്നായിരുന്നു എന്റെ സംശയം. അനിൽ അപ്പോൾ തന്നെ ഒരു രണ്ടു ബോട്ടിൽ മദ്യത്തിന് പണം നൽകി റൂം ബോയിയെ ചട്ടം കെട്ടി. ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല.

അന്ന് രാത്രി അനിൽ എന്നോട് പറഞ്ഞു, ഇന്ന് രാത്രി ഞാൻ അഞ്ച് പാട്ടുകൾ എഴുതും, സൈക്കിൾ എന്ന സിനിമയ്ക്ക് വേണ്ടിയുള്ള അഞ്ച് ഗാനങ്ങൾ അന്ന് രാത്രി ഒറ്റയിരുപ്പിന് എഴുതി. മെജോ ജോസഫിനെ വരികൾ ചൊല്ലികേൾപ്പിച്ചു,  ട്യൂൺ ചെയ്യാനുള്ള എല്ലാം ശരിയാക്കിയാണ് നമ്മൾ പിറ്റേ ദിവസത്തെ ഇരിപ്പ്. അന്നാണ് അനിൽ പനച്ചൂരാൻ പിന്നിട്ട ജീവിത വഴികൾ എന്നോട് പങ്കുവച്ചത്.

അക്കാലത്തെ ഗതിയില്ലാത്ത ജീവിതവുമായിരുന്നു ഒന്ന്. ജീവിതത്തിൽ യതാർത്ഥ വഴിയെന്താണ് എന്ന്  അറിയാതെ നടന്നിരുന്ന ക്ഷുഭിത യൗവനം. അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ ഒളിവിൽ പോവേണ്ടിവന്ന വിദ്യാർത്ഥി യുവജന പോരാളിയായിരുന്നു അനിൽ. പിന്നീട് ചില ബന്ധുക്കളുടെ സഹായത്താൽ ആന്ധ്രയിലെത്തി. കാകതീയ സർവ്വകലാശാലയിലെ പഠനം. നാട്ടുകാരനായ രാജൻ എന്ന ഖനി തൊഴിലാളി യുടെ കൂടെയുള്ള ജീവിതം. നക്‌സലൈറ്റുകൾ രാജനാണെന്ന് തെറ്റിദ്ധരിച്ച് അനിൽ പനച്ചൂരാനെ തട്ടിക്കൊണ്ടുപോയ സംഭവം. എല്ലാം അനിലിന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളായിരുന്നു.

പനച്ചൂരാൻ പിന്നീട് ഒരു സന്യാസിയുടെ കൂടെ ഹിമാലയത്തിൽ കഴിഞ്ഞു. രണ്ടു വർഷങ്ങൾക്ക് ശേഷം അദ്ദേഹം ചെന്നൈയിലെത്തി. കുറച്ചുകാലം ചെന്നൈയിൽ സന്യാസിയായി ജീവിച്ചു. ഒരു ദിവസം അനിൽ കേരളത്തിലേക്ക് തിരികെ പോന്നു. അനിലിന് മഠം ഒരുക്കിയാണ് നാട് അദ്ദേഹത്തെ സ്വീകരിച്ചത്. സന്യസാസിയായി കുറച്ചുകാലം ജീവിച്ചു. ഇതിനിടയിൽ ചിലർ അനിലിനെ കേസുകളിൽ പെടുത്തി. അത് സ്വന്തം ബന്ധുക്കളായിരുന്നു.
ഇതാണ് അനിലിനെ അഭിഭാഷകനാവണമെന്ന ആഗ്രഹത്തിലേക്ക് വഴിമാറി സഞ്ചരിക്കാൻ പ്രേരിപ്പിച്ചത്. ഈ കാലത്താണ് ഞാൻ അനിലിനെ ആദ്യമായി കാണുന്നത്. തിരികെ ഞാൻ വരുമെന്ന വാർത്ത… എന്ന ഗാനം അക്കാലത്തായിരുന്നു എഴുതിയത്.

ചോരവീണ മണ്ണിൽ നിന്നും ഉയർന്നു വന്ന പൂമരവും നേരത്തെ എഴുതിയ കവിതകളായിരുന്നു. എന്നാൽ കേരളത്തിൽ സി പി എമ്മിലെ ഗ്രൂപ്പിസം നടക്കുന്ന വേളയിലായിരുന്നു അറബിക്കഥ പ്രദർശനത്തിന് എത്തുന്നതും അതിലെ ഗാനങ്ങൾ ഹിറ്റാവുന്നതും. കഥപറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനായൊരു ബാർബറാം ബാലനെ… എന്നൊക്കെയുള്ള ഗാനം ഏറെ ഹിറ്റായി… നിരവധി സിനിമകൾക്ക് അനിൽ പിന്നീട് പാട്ടുകളെഴുതി. പ്രതിഭയ്ക്ക് മങ്ങലേറ്റു എന്നു തോന്നിത്തുടങ്ങിയ കാലത്താണ് ‘ ജിമിക്കിക്കൽ ‘ ഹിറ്റാവുന്നത്.

ഒരു സിനിമ സംവിധാനം ചെയ്യണമെന്നായിരുന്നു അനിലിന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ അത് നടന്നില്ല. അനിലിന്റെ ജീവിതം ഞാൻ ഒരു തിരക്കഥയാക്കാൻ അഗ്രഹിച്ചിരുന്നു. കഥയായി ഞാൻ അത് എഴുതിയിരുന്നു. എന്നാൽ കുറച്ചു കാലമായി അദ്ദേഹം ഞാനുമായി കാണുന്നത് കുറഞ്ഞു, ഫോണിൽ പോലും സംസാരിക്കുന്നത് കുറഞ്ഞു.

അനിൽ പനച്ചൂരാൻ വിടവാങ്ങിയെന്ന വാർത്ത എന്നോട് ഒരു സുഹൃത്താണ് വിളിച്ചു പറയുന്നത്. അത് സത്യമാണോ എന്ന് ഞാൻ പലതവണ അന്വേഷിച്ചു. ശരിയാണത്രേ… തിരികെ ഞാൻ വരുമെന്നാണല്ലോ അനിൽ പറഞ്ഞിരുന്നത്. വരുമായിരിക്കും… എന്ത് ക്രൂരതയാണ് ലോകമേയിത്. ആരോടും ഒന്നും ചെയ്യാതെ പാവം ഒരു കവിയെ എന്തിനാണ് കൊറോണ ലോകത്തിൽ നിന്നും പിടിച്ചു പറിച്ച് കൊണ്ടുപോയത് ….എത്ര ദുഖകരമാണീ വാർത്ത.

LEAVE A REPLY

Please enter your comment!
Please enter your name here