ലോകത്തെ ഏ​റ്റവും മലിനീകരണം കുറഞ്ഞതും സുരക്ഷിതവുമായ യാത്രാമാർഗമാണ് റെയിൽവേ. കൊവിഡ് മഹാമാരി വിതച്ച പൊതുഗതാഗത മേഖലയിലെ അനിശ്ചിതത്വത്തിനിടയിലും കേരളത്തിനാകെ പ്രതീക്ഷയുടെ രജത കിരണമാണ് സിൽവർ ലൈൻ. കാസർകോട് മുതൽ തിരുവനന്തപുരം വരെ വെറും നാലുമണിക്കൂർ കൊണ്ട് എത്തിച്ചേരാം. ഒരു മണിക്കൂർ കൊണ്ട് കോഴിക്കോട് നിന്നും, ഒന്നരമണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്നും ഒരാൾക്ക് കൊച്ചിയിലെത്താൻ കഴിയുമെങ്കിൽ അത് മലയാളികളുടെ സാമൂഹിക ജീവിതത്തിലും തൊഴിൽമേഖലയിലും വാണിജ്യരംഗത്തും ഉണ്ടാക്കുന്ന മാ​റ്റം അഭൂതപൂർവമായിരിക്കും.കേരളത്തിലെ റോഡുകളിൽ ഓരോ വർഷവും പൊലിയുന്നതു ആയിരക്കണക്കിന് ജീവനുകളാണ്. 2019 ൽ കേരളത്തിൽ 41,111 അപകടങ്ങളിൽ 4,440 പേരാണ് മരിച്ചത്, 46055 പേർക്ക് പരിക്കേ​റ്റു. സെമിഹൈസ്പീഡ് പദ്ധതിയ്‌ക്കായി നടത്തിയ ട്രാഫിക് പഠനത്തിൽ പാത വരുന്നതോടെ ഏകദേശം 18,000 കാറുകളും 500 ട്രക്കുകളും റോഡുകളിൽ നിന്ന് മാറുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വിമർശിക്കുന്നവർ ആരാണ്?
കേരളത്തിന്റെ വികസനത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാക്കുന്ന ഈ പദ്ധതിയ്‌ക്ക് എതിരെ തുടക്കം മുതൽ വസ്തുതാവിരുദ്ധമായ വിമർശനങ്ങളും വിവാദങ്ങളും സൃഷ്ടിക്കപ്പെടുന്നു. ഇത് ജനങ്ങളിൽ അനാവശ്യ ഭീതി ഉളവാക്കുകയും പദ്ധതിയ്‌ക്ക് എതിരെയുള്ള പ്രക്ഷോഭങ്ങളിലേക്ക് വഴിമാറുകയും ചെയ്യുന്നു. പദ്ധതി ബാധിത പ്രദേശങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ് ഇതിനു പിന്നിൽ. അത്തരം ആൾക്കാരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കു മുന്നിൽ ജനങ്ങൾ വീണുപോകരുത്. ഈ പദ്ധതിക്കു എതിരെ വരുന്ന ലേഖനങ്ങളും പോസ്റ്റുകളും അർദ്ധസത്യങ്ങളാണ്. എതിർപ്പിൽ, സ്ഥലമൊന്നും നഷ്ടപ്പെടാത്തവർ വരെ സമരസമിതി കൺവീനർമാരായി രംഗത്തുണ്ട്.

2025-ൽ പൂർത്തിയാകും
പദ്ധതിയ്ക്കു വേണ്ടിയുള്ള ഭൂസർവേ, ട്രാഫിക് സർവേ, മണ്ണുപരിശോധന, പാരിസ്ഥിതിക ആഘാത പഠനം എന്നിങ്ങനെയുള്ള ഒരു പദ്ധതി റിപ്പോർട്ട് സമർപ്പിക്കുമ്പോൾ പാലിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഭൂമി ഏ​റ്റെടുക്കലിന് മുന്നോടിയായുള്ള വിശദമായ സാമൂഹിക ആഘാത പഠനം നിയമപരമായി തന്നെ നടത്തുന്നതാണ്. പദ്ധതി മൂലം ഭൂമി നഷ്ടപ്പെടുന്നവർക്ക് 2013-ലെ ഭൂമി ഏ​റ്റെടുക്കൽ പുനരധിവാസ നിയമപ്രകാരം ഏ​റ്റവും മികച്ച നഷ്ടപരിഹാരമാണ് ലഭിക്കുന്നത്. ഈ പുതിയ നിയമത്തെക്കുറിച്ച് ജനങ്ങൾ മനസിലാക്കിയാൽ തന്നെ സ്ഥലം ഏറ്റെടുക്കലിനെതിരെ നടത്തുന്ന വ്യാജപ്രചരണങ്ങൾ തിരിച്ചറിയാൻ സാധിക്കും. 2025- ഓടുകൂടി ഈ പദ്ധതി പൂർത്തിയാകും.

സുരക്ഷയുടെ ഫെൻസിംഗ്
ലോകത്ത് എല്ലായിടത്തും ഹൈസ്പീഡ് റെയിൽവേക്ക് ഇരുവശങ്ങളിലും ജനങ്ങളുടെ സുരക്ഷയുടെ ഭാഗമായി ഫെൻസിംഗ് കൊടുക്കാറുണ്ട്. ഇത് പദ്ധതി അംഗീകാരത്തിനുള്ള മാനദണ്ഡങ്ങളിൽ ഒന്നാണ്. പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അവർക്ക് സൗകര്യപ്രദമാകും വിധം സിൽവർലൈൻ പദ്ധതിയിൽ ഓരോ 500 മീ​റ്ററിനുമിടയിൽ ജനങ്ങളുടെ യാത്രാസൗകര്യത്തിനായി അടിപ്പാതകളോ മേൽപ്പാലങ്ങളോ നിർമ്മിക്കും.ഈ പദ്ധതിയുടെ ഡി.പി.ആർ 2020 ജൂൺ 10 ന് സംസ്ഥാനസർക്കാർ അംഗീകരിച്ചു. റെയിൽവേ മന്ത്രാലയത്തിന്റെ തത്ത്വത്തിലുള്ള അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുടെ പ്രാരംഭനടപടികളെല്ലാം ആരംഭിക്കുകയും ചെയ്തു. JICA, ADB, AIIB തുടങ്ങിയ അന്താരാഷ്ട്ര വായ്പാസ്ഥാപനങ്ങൾ 80 ശതമാനം ഭൂമി ഏറ്റെടുക്കാതെ പദ്ധതികൾക്ക് വായ്പ അനുവദിക്കില്ല. ആയതിനാൽ ത്വരിതഗതിയിലുള്ള സ്ഥലമേ​റ്റെടുപ്പ് അത്യന്താപേക്ഷിതമാണ്.

മാ​റ്റേണ്ടത് 9,000കെട്ടിടങ്ങൾ
ഡി.പി.ആർ അനുസരിച്ച് 9,000-ത്തോളം കെട്ടിടങ്ങളാണ് മാ​റ്റേണ്ടത്. 13,265 കോടി രൂപയാണ് സ്ഥലമേ​റ്റെടുക്കലിനും നഷ്‌ടപരിഹാരത്തിനുമായി കണക്കാക്കിയിരിക്കുന്നത്. ഇതിൽ 1730 കോടി രൂപ പുനരധിവാസത്തിനും 4460 കോടി രൂപ വീടുകളുടെ അ​റ്റകു​റ്റപ്പണിക്കുമാണുള്ളത്.

അറിയേണ്ട വസ്തുതകൾ
പദ്ധതിയെ എതിർക്കുന്നവരുടെ പുതിയ ആക്ഷേപം നീതി ആയോഗ് പദ്ധതിക്ക് അനുമതി നിഷേധിച്ചുവെന്നാണ്. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിൽ നിന്നും വായ്‌പ എടുക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷയിൽ നീതി ആയോഗുമായുള്ള കത്തിടപാടുകളാണ് ഇപ്പോൾ നടക്കുന്നത്. പദ്ധതിക്കു റെയിൽവേ മന്ത്രാലയത്തിന്റെ അംഗീകാരം വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭൂമി വിലകുറച്ച് കാണിച്ചു എന്നതാണ് മ​റ്റൊരു ആരോപണം. ദേശീയപാത സ്ഥലമെടുക്കലുമായി ഇതിനെ ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയില്ല. കേരളത്തിലെ ദേശീയപാതയോരങ്ങൾ അത്രയും വികസിതമാണ്. ഇരുവശങ്ങളിലും വൻകെട്ടിടങ്ങളും വീടുകളും വാണിജ്യസ്ഥാപനങ്ങളുമുൾപ്പെടെ ജനസാന്ദ്രത കൂടിയ പ്രദേശമാണ്. അതുകൊണ്ട് തന്നെ അവിടത്തെ വസ്തുവകകളുടെ വില കൂടുതലായിരിക്കും. സെമി ഹൈസ്‌പീഡിന്റെ അലൈൻമെന്റ് കടന്നുപോകുന്നത് കൂടുതലും നഗരപ്രദേശത്തിന് പുറത്തു കൂടിയാണ്. ദേശീയപാത വികസനത്തിനായി, വികസിതമായ പാതയോരങ്ങൾ ഏ​റ്റെടുക്കുമ്പോൾ ഒരു ഹെക്ടറിന് 18 കോടി രൂപയാവുന്ന സ്ഥാനത്ത് നഗരപ്രദേശത്തിന് പുറത്തുകൂടി പോകുന്ന സിൽവർലൈൻ പദ്ധതിയ്ക്ക് ഒരു ഹെക്ടറിന് ഒൻപത് കോടി രൂപയാണ് മാ​റ്റി വയ്‌ക്കുന്നത്.
ഇപ്പോഴുള്ള പാതയുടെ അടുത്തുകൂടി പുതിയപാത നിർമ്മിച്ചുകൂടെ, എന്ന് ചോദിക്കുന്നവരുമുണ്ട്. ഇപ്പോഴുള്ള പാതയിൽ 431 വളവുകളാണുള്ളത്. വളവും കയ​റ്റിറക്കവും വച്ച് 90 കി.മീ വേഗത (പരമാവധി) പോലും സാദ്ധ്യമല്ലാത്ത സാഹചര്യത്തിൽ നിലവിലെ റെയിൽപാതയ്ക്കു സമാന്തരമായി പണിതാലും നിലവിലെ സ്ഥിതിഗതികൾക്ക് യാതൊരു മാ​റ്റവുമുണ്ടാവില്ല. അതിനാലാണ് പുതിയ ഗ്രീൻഫീൽഡ് അലൈൻമെന്റ് പദ്ധതിയ്ക്കായി തിരഞ്ഞെടുത്തത്.

സബർബൻ പ്രായോഗികമല്ല
എന്തുകൊണ്ട് സബർബൻ റെയിൽ പദ്ധതി നടപ്പിലാക്കികൂടാ എന്ന് ചോദിക്കുന്നവരുമുണ്ട്. സബർബൻ റെയിൽ പദ്ധതി തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെ 126 കിലോമീ​റ്റർ മാത്രമായിരുന്നു ആസൂത്രണം ചെയ്തത്. നിലവിലെ റെയിൽവേ ലൈനിൽ താരതമ്യേന വേഗത കൂടിയ ഇന്റർസി​റ്റി ട്രെയിനുകൾ ഓടിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പക്ഷേ നിലവിലെ റെയിൽവേ ലൈനിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ട്രെയിനുകളാണ് ഓടിക്കൊണ്ടിരിക്കുന്നത്. കൂടാതെ ചരക്കുനീക്കത്തിനും ഇതുപയോഗിക്കുന്നു. സബർബൻ റെയിൽകൂടി ഓടിക്കുകയാണെങ്കിൽ മൊത്തം റെയിൽവേ സംവിധാനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നതിനാൽ റെയിൽവേ മന്ത്രാലയം ഈ പദ്ധതിക്ക് അംഗീകാരം നിഷേധിച്ചു.

10,000 പേർക്ക് ജോലി
ഇപ്പോൾ തിരുവനന്തപുരത്തോ കൊച്ചിയിലോ വാടകയ്‌ക്ക് താമസിച്ച് ജോലി ചെയ്യുന്നവർക്ക് ദൈനംദിനം പോയി വരാനുള്ള സൗകര്യമുണ്ടായാൽ നാട്ടിൽത്തന്നെ താമസിക്കാം.
2025ൽ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമ്മാണ സമയത്ത് നേരിട്ടും അല്ലാതെയും 50,000 പേർക്കും, പദ്ധതി പൂർത്തിയാക്കുമ്പോൾ 10,000 പേർക്കും ജോലി ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here