രാജേഷ് തില്ലങ്കേരി


കൊച്ചി : തെരഞ്ഞെടുപ്പ്കാലത്ത് കേരളത്തിൽ ഒരു ചടങ്ങുണ്ട്, അത് മറ്റൊന്നുമല്ല, തെരഞ്ഞെടുപ്പ് അടുത്താൽ ഒരു യാത്ര നടത്തണം. അങ്ങിനെ യാത്ര നടത്തിയവരാണ് പിന്നീട് മുഖ്യമന്ത്രിയാവുക എന്നാണ് വിശ്വാസം. നമ്മളൊക്കെ ബോറടിച്ചാൽ ആണ് ഒരു യാത്രനടത്തുക. എന്നാൽ ടെൻഷനടിച്ചാലാണ് രാഷ്ട്രീയക്കാർ കേരളത്തിലൊരു യാത്ര സംഘടിപ്പിക്കുന്നത്. കേരളം മൊത്തമായൊന്നു കാണുകയാണ് യാത്രയുടെ ലക്ഷ്യം.  

ഭരിക്കുന്ന പാർട്ടി ഒരു കേരള യാത്ര നടത്തും, അത് ഭരണതുടർച്ചയ്ക്കുവേണ്ടിയാണ്.  അതുകഴിഞ്ഞാൽ പ്രതിപക്ഷ നേതാവിന്റെ ഊഴമാണ്.

 അതിലാണ് ഓഫറുകൾ വരുന്നത്. അതെല്ലാം കഴിഞ്ഞാൽ ബി ജെ പിയുടെ  യാത്രയായിരിക്കും.  അതായിരുന്നു പതിവ് കേരളത്തിന്റെ പതിവുകൾ.
അഞ്ചുവർഷത്തിൽ ഒരിക്കൽ നടക്കുന്ന ഈ കേരള യാത്രയിലാണ് രാഷ്ട്രീയ മാറ്റങ്ങൾ പാർട്ടികൾ തിരിച്ചറിയുക.
നമുക്കിടയിൽ ഒരു ധർമ്മ ബോധം ആർക്കെങ്കിലും ഉണ്ടായാലോ ?  അതിനും ഒരു അവസരം കൊടുക്കണമല്ലോ.

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ  ഒരു യാത്ര നടത്തി, എന്നാൽ അതൊരു മുഴു കേരള യാത്രയായിരുന്നില്ല. കണ്ണൂരിൽ നിന്ന് ആലപ്പുഴവരെയും പിന്നെ കൊല്ലത്തും, കോട്ടയത്തും വേറെയുമൊക്കെയായിട്ടായിരുന്നു യാത്ര.
അണികളെ ഓളം വയ്പ്പിക്കണം, ആവേശം വാനോളം ഉയർത്തണം. എന്നാൽ പിണറായി വിജയൻ നടത്തിയത് അതൊന്നുമായിരുന്നില്ല. കൂടെ നിർത്തേണ്ടവരെ കണ്ടെത്തുന്ന ഒരു ടാലന്റ് ഹണ്ടായിരുന്നു അത്. ബിഗ് ബോസിൽ പങ്കാളിത്തം ഉറപ്പിക്കാനുള്ളൊരു യാത്ര.
 
 ഭരണത്തിൽ വന്നാൽ നമ്മൾ വിഭാവനം ചെയ്യുന്നത് എന്താണെന്ന് നേരത്തെ കണ്ടെത്തുന്നു, അത് കേരളത്തിലെ ജനതയെ നേരിട്ടറിയിക്കാനാണത്രെ ഈ യാത്രകൾ. ഫെബ്രുവരിയിലാണ് രമേശ് ചെന്നിത്തലയുടെ യാത്ര ആരംഭിക്കുന്നത്. പ്രതിപക്ഷ നേതാവ് പരാജയമാണെന്ന് സ്വന്തം പാർട്ടിക്കാർ ആവർത്തിച്ചു പറയുമ്പോഴാണ് ഈ യാത്ര. വിമർശനങ്ങളിലൊന്നും കുലുങ്ങാത്ത മുല്ലപ്പള്ളി യാത്രയിലുണ്ടാവുമോ എന്ന് വ്യക്തമല്ല.

കേരള രക്ഷായാത്ര നടത്തിയാണ് പിണറായി വിജയൻ കേരള ഭരണം പിടിച്ചത്.  കർഷക യാത്ര നടത്തിയ കേരളാ കോൺഗ്രസ് എം രണ്ടായി.
കേരളാ കോൺഗ്രസ് എം ജോസ് കെ മാണി ഇടതുപക്ഷത്തും എത്തിയതോടെ മലയോരമേഖല കൂടുതൽ ചുവക്കുമെന്നാണ് എൽ ഡി എഫിന്റെ പ്രതീക്ഷ. ജോസ് കെ മാണിയും എൽ ജെ ഡിയും ഒക്കെ ചേർന്നുള്ള വലിയൊരു കേരള പര്യടനമാണ് എൽ ഡി എഫ് വിഭാവനം ചെയ്യുന്നത്. ഫെബ്രുവരി അവസാന വാരമോ, മാർച്ചിലോ എൽ ഡി എഫിന്റെ കേരള പര്യടനം നടക്കും.
ബി ജെ പി യും കേരള പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ്. കേരളം ഫെബ്രുവരിയോടെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് വഴിമാറുമെന്നാണ് സൂചനകൾ.

LEAVE A REPLY

Please enter your comment!
Please enter your name here