സ്വന്തം ലേഖകൻ

തിരുവനന്തപുരം : മൂന്ന് മണിക്കൂറും 17 മിനിറ്റും നീണ്ട ഏറ്റവും ദൈർഘ്യമേറിയ ബജറ്റു പ്രസംഗവുമായി ധനമന്ത്രി തോമസ് ഐസക്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള പദ്ധതികളാണ് ബജറ്റിലെ  മുഖ്യനിർദ്ദേശം. അടുത്ത സാമ്പത്തിക വർഷം എട്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് ബജറ്റിൽ പ്രധാനം. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് ജോലി നൽകും, 4,000 തസ്തികകൾ ആരോഗ്യമേഖലയിൽ പുതുതായി സൃഷ്ടിക്കും. 50 ലക്ഷത്തോളം പേർക്ക് നൈപുണ്യ പരിശീലനത്തിനും പദ്ധതിയുണ്ട്.


തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ ശേഖരിക്കും, ഇതിനായി പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉണ്ടാക്കും. എല്ലാവീട്ടിലും ലാപ്‌ടോപ് പദ്ധി നടപ്പാക്കും. ബി പി എൽ വിഭാഗങ്ങൾക്ക് 25 ശതമാനം സബ്‌സിഡിയിൽ ലാപ് ടോപ് നൽകും.


പ്രതിമാസം 50,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് , ഓരോ വിഷയത്തിലും പ്രത്യേക പരസ്യം നൽകി ഗവേഷകരെ കണ്ടെത്തും. 500 പുതിയ സ്‌കോളർഷിപ്പുകൾ ആദ്യം പ്രഖ്യാപിക്കും.

അഫിലിയേറ്റഡ് കോളജുകൾക്ക് ആയിരം കോടി രൂപ അനുവദിക്കും. ഉന്നത വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കാനായി സർവകലാശാല വികസനത്തിന് 2000 കോടി രൂപ നൽകും. കിഫ്ബിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. സർക്കാർ കോളജുകളുടെ പശ്ചാത്തല വികസനത്തിന് 56 കോടി രൂപയും അനുവദിക്കും.

റബറിന്റെ താങ്ങുവില 180 രൂപയാക്കി. നെല്ലിന് 28 രൂപ താങ്ങുവില. നാളികേരത്തിന് 32 രൂപയാണ് താങ്ങുവില. കശുവണ്ടി, കയർ മേഖലയ്ക്കും അധിക സഹായം നൽകും.
4530 കിലോമീറ്റർ റോഡുകളുടെ വികസനത്തിന് 117 കോടി രൂപ അനുവദിക്കും. 2021 -22 വർഷം 15,000 കോടി രൂപയുടെ പദ്ധതികൾ  കിഫ്ബി സഹായത്തോടെ പൂർത്തീകരിക്കും.
ലൈഫ് മിഷൻ പദ്ധതികളിൽ ഉൾപ്പെടുത്തി ഒന്നര ലക്ഷം വീടുകൾ നിർമ്മിക്കും.
പട്ടിക വർഗവിഭാഗത്തിന് 52,000 വീടുകളാണ് നൽകുക.
സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക പദ്ധതി വിഭാവനം ചെയ്യും. 50,000 കോടി രൂപയാണ് മൂന്ന് വ്യവസായ ഇടനാഴിക്ക് വേണ്ടി വിനിയോഗിക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 6952കോടി രൂപ അനുവദിക്കും. വയനാട്ടിൽ പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കും, ആയുർവ്വേദ മേഖലയക്ക് 78 കോടി രൂപ, ആർ സി സി ക്ക് 71 കോടി രൂപയും അനുവദിക്കും.
ഹോമിയോ മേഖലയ്ക്ക് 32 കോടി രൂപയാണ് നൽകുക
വിനോദസഞ്ചാര മേഖലയ്ക്ക് വേണ്ടി 100 കോടിരൂപയാണ് അനുവദിക്കുക. കോവിഡ് ബാധമൂലം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന വിനോദസഞ്ചാരമേഖലയെ സംരക്ഷിക്കുന്നതിനാണ് തുക വിനിയോഗിക്കുക.
പ്രവാസികളുടെ പുനരധിവാസത്തിനായി 100 കോടിയും നീക്കിവച്ചിട്ടണ്ട്.
സി എൻ ജി, എൽ എൻ ജി ഇന്ധനങ്ങൾക്കുള്ള വാറ്റ് 5 ശതമാനം കുറയ്ക്കും.  

LEAVE A REPLY

Please enter your comment!
Please enter your name here