രാജേഷ് തില്ലങ്കേരി

കൊച്ചി : വിവാദങ്ങളിലൂടെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഐ പി എസ് ഓഫീസറായിരുന്നു ജേക്കബ്ബ് തോമസ്. വിജിലൻസ് തലപ്പത്തിരിക്കുന്നകാലത്ത് ഉമ്മൻ ചാണ്ടി സർക്കാരിനെയും പിന്നീട് പിണറായി സർക്കാരിനെയും വിറപ്പിച്ച പൊലീസ് ഉന്നതനായിരുന്നു ജേക്കബ്ബ് തോമസ്. അദ്ദേഹം ബി ജെ പി ടിക്കറ്റിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനെത്തുന്നു എന്നാണ് പുതിയ വാർത്ത.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ട്വന്റി-ട്വന്റിയുടെ സ്ഥാനാർത്ഥിയാവാൻ തയ്യാറായിരുന്നു. ചാലക്കുടിയിൽ നിന്നും ബി ജെ പി  പിന്തുണയോടെ മൽസരിക്കാൻ നീക്കം നടത്തിയിരുന്നുവെങ്കിലും സ്വയം വിരമിക്കൽ നടപടികൾ പൂർത്തിയാക്കാൻ വൈകിയതിനാൽ ആ മൽസരം നടന്നില്ല. ദീർഘകാലം സസ്‌പെൻഷനിൽ കഴിഞ്ഞിരുന്ന ജേക്കബ്ബ് തോമസിനെ തിരിച്ചെടുക്കാനുള്ള കോടതി നിർദ്ദേശത്തോടെ ജേക്കബ്ബ് തോമസിനെ തിരിച്ചെടുത്തുവെങ്കിലും ഷൊർണൂരിൽ തീർത്തും അപ്രധാനമായ ഒരു സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടരായി നിയമിച്ചത് ഏറെ വിവാദമായി.

ആർ എസ് എസിന്റെയും ബി ജെ പിയുടെയും പരിപാടികളിൽ പരസ്യമായി പ്രത്യക്ഷപ്പെട്ട ജേക്കബ്ബ് തോമസ് താൻ ബി ജെ പി അനുകൂലിയെന്ന് പ്രഖ്യാപനവും നടത്തി.
വിരമിച്ചതോടെ സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്ന് പ്രഖ്യാപനം വന്നുവെങ്കിലും വിരമിച്ചതിനു ശേഷം മൗനത്തിലായിരുന്നു ജേക്കബ്ബ് തോമസ്. ഇപ്പോഴിതാ ഇരിഞ്ഞാലക്കുടയിൽ മൽസരിക്കാൻ ജേക്കബ്ബ് തോമസ് തയ്യാറെടുക്കുന്നു എന്ന വാർത്തകൾ വരുന്നു.


ന്യൂനപക്ഷ വോട്ടുകൾ ബി ജെ പിക്ക് അനുകൂലമായി ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ അവകാശവാദം. അഴിമതി വിരുദ്ധനിലപാട് സ്വീകരിച്ചതാണ് എൽ ഡി എഫ്, യു ഡി എഫ് മുന്നണികൾ തന്നെ ശത്രുവായി പ്രഖ്യാപിച്ചതെന്നും, അതിനാൽ തനിക്ക് വിശ്വാസമുള്ള മുന്നണി എൻ ഡി എ മാത്രമാണെന്നുമാണ് ജേക്കബ്ബ് തോമസിന്റെ പ്രഖ്യാപനം.  ഇരിഞ്ഞാലക്കുടയിൽ സി പി എമ്മിന്റെ സ്ഥാനാർത്ഥിയാണ് കഴിഞ്ഞ തവണ വിജയിച്ചിരുന്നത്. 30,420 വോട്ടുകൾ ബി ജെ പി ക്ക് കഴിഞ്ഞ തവണ ലഭിച്ച മണ്ഡലമാണിത്.

വിരമിച്ച ഹൈക്കോടതി ജഡ്ജ് കമാൽ പാഷ യു ഡി എഫ് ടിക്കറ്റിൽ മൽസരിക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം നടത്തിയത്.
വിരമിച്ച ഉന്നത പൊലീസ് ഓഫീസറായിരുന്ന സെൻകുമാറും ബി ജെ പി ടിക്കറ്റ് കാത്തിരിക്കുന്ന മറ്റൊരു പ്രമുഖനാണ്.  

പൊതുസമ്മതരായ സ്ഥാനാർത്ഥികളെ മൽസരിപ്പിക്കാനുള്ള ബി ജെ പി യുടെ തീരുമാനം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ന്യൂനപക്ഷങ്ങൾക്ക് വോട്ട് ബാങ്കുള്ള സ്ഥലങ്ങളിൽ അതാത് സ്ഥലത്ത് പ്രാധാന്യവും പിന്തുണയും ലഭിക്കുന്ന സ്ഥാനാർത്ഥികളെ സ്ഥാനാർത്ഥിയാക്കാനാണ് ബി ജെ പി തീരുമാനവും.

LEAVE A REPLY

Please enter your comment!
Please enter your name here