രാജേഷ് തില്ലങ്കേരി

കെ ബി ഗണേഷ് കുമാറും ഷിബു ബേബിജോണും കൊല്ലം ജില്ലയിലെ രണ്ട് പ്രമുഖ രാഷ്ട്രീയ പാർട്ടിയിലെ രണ്ടാം തലമുറക്കാരാണ്. തൊഴിലാളി നേതാവായിരുന്ന ബേബി ജോണും, കേരളാ കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ ബാലകൃഷ്ണ പിള്ളയും ജില്ലയിലെ അതികായരായിരുന്നു. 
 
ബേബി ജോൺ സോഷ്യലിസ്റ്റ് ആശയക്കാരനും ഇടതുമുന്നണിയുടെ ശക്തനായ പോരാളിയുമായി, ആർ എസ് പിയെന്ന പാർട്ടിയുണ്ടാക്കി, കൊല്ലം ജില്ലയിലെ ചവറയും പരിസര പാർട്ടിയും കയ്യിലൊതുക്കി.  ബാലകൃഷ്ണ യു ഡി എഫിന്റെ പ്രമുഖനേതാവായി, കൊട്ടാരക്കരയെയും കയ്യിലൊതുക്കി. കാലം പിന്നിട്ടപ്പോൾ മുന്നണിയൊക്കെ മാറി മറിഞ്ഞു. ഷിബു ബേബിജോണിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ആർ എസ് പി യു ഡി എഫിലെത്തി, ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഷിബു മന്ത്രിയുമായി. 
 
കൊട്ടാരക്കരയിൽ ബാലകൃഷ്ണപിള്ളയ്ക്ക് കാലിടറിയപ്പോൾ പത്തനാംപുരമെന്ന പുതിയ തട്ടകം പിടിച്ചുകൊണ്ടായിരുന്നു ബാലകൃഷ്ണ പിള്ളയുടെ മകനും സിനിമാ താരവുമായ ഗണേഷ് കുമാർ ജയിച്ചു കയറിയത്. മൂന്ന് തവണ ജയിച്ചു കയറിയ ഗണേഷ് കുമാർ ഉമ്മൻചാണ്ടിയുമായുണ്ടായ അഭിപ്രായ ഭിന്നയതിയെ തുടർന്ന് യു ഡി എഫ് വിട്ടു. തുടർന്ന് എൽ ഡി എഫ് പാളയത്തിലെത്തിയ ഗണേഷ് കുമാർ കൂടുതൽ ശക്തനായി.

വിവാഹമോചനവും, മന്ത്രിയായിരിക്കെ ഗണേഷ് കുമാറിനെതിരെയുണ്ടായ തല്ല് വിവാദം, സരിത കേസ് തുടങ്ങിയ നിരവധി വിവാദങ്ങളിലൂടെയാണ് ഗണേഷ് കുമാർ കടന്നു പോയത്. ഇക്കാലത്താണ് ഷിബു ബേബിജോൺ ഗണേഷ് കുമാർ ബന്ധം വഷളായത്. രണ്ട് ചേരികളിലേക്ക് മാറിയതോടെ ഗണേഷ് കുമാർ- ഷിബു പോര് മറ്റൊരു തലത്തിലേക്ക് വഴിമാറി. ഇതിന്റെ അവസാന സംഭവമാണ് ചവറയിലുണ്ടായ വാഹന ആക്രമവും, യൂത്ത് കോൺഗ്രസ് പ്രതിഷേധവും. 
ചവറയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമത്തിനുപിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
 
ഷിബു ബേബിജോണാണ് ആക്രമത്തിനു പിന്നിലെന്ന് ഗണേഷ് കുമാർ പരസ്യമായി പറഞ്ഞു കഴിഞ്ഞു. അക്രമ സംഭവത്തിൽ ഉൾപ്പെട്ടതായി പൊലീസ് പറയുന്ന വർ അറസ്റ്റിലായപ്പോൾ അവരെ പുറത്തിറക്കാനായി എത്തിയത് ഷിബു ബേബിജോണായിരുന്നു. യൂത്ത് കോൺഗ്രസ് വിഷയത്തിൽ ആർ എസ് പി നേതാവായ ഷിബുവിന് എന്താണ് കാര്യമെന്നായിരുന്നു ഗണേഷ് പക്ഷത്തിന്റെ ചോദ്യം. എന്നാൽ ആര് അക്രമം നടത്തിയാലും കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നാണ് ഷിബുവിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ പോര് കടുക്കാനുള്ള സാധ്യതയാണ് കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here