ജൂബി വള്ളിക്കളം 
ഷിക്കാഗോ : ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയി ( ഐ എൻ എ ഐ) യുടെ ഈ വർഷത്തെ ഹോളിഡേ ആഘോഷവും അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും നടന്നു. കോവിഡ് പ്രോട്ടോക്കോൾ നിബന്ധനകൾ നിലനിൽക്കുന്നതിനാൽ വെർച്വൽ ആയിട്ടായിരുന്നു മീറ്റിംഗ് സംഘടിപ്പിച്ചിരുന്നത്.

ഐ എൻ എ ഐ പ്രസിഡന്റ് ഡോ ആനി എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അസോസിയേഷൻ മുൻ പ്രസിഡന്റ് റ്റിസി ഞാറവേലിൽ മുഖ്യ പ്രഭാഷണം നടത്തി. നഴ്‌സിംഗിന്റെ വിവിധ മേഖലകളിലൂടെ തങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ ഐ എൻ എ ഐ പോലുള്ള സംഘടനകളിലൂടെ സാധിക്കുമെന്നും അതിനുള്ള അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഇന്ത്യൻ നഴ്‌സുമാരുടെ വർഷമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഇത്രയധികം പ്രതിസന്ധികൾ നേരിടേണ്ടിവരുമെന്ന് ആരും കരുതിയിരുന്നില്ല. എങ്കിലും അവയെല്ലാം തരണം ചെയ്ത് ഈ മഹാമാരിയുടെ സമയത്തും നഴ്‌സുമാർ സധൈര്യം മുന്നേറുകയാണ്. സ്‌നേഹം, കരുണ സഹാനുഭൂതി, കഠിനാദ്ധ്വാനം തുടങ്ങിയ മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് ഉറച്ച തീരുമാനത്തോടെ നഴ്‌സുമാർ ഹീറോകളായി തീർന്നു എന്ന യാഥാർത്ഥ്യം റ്റിസി ഓർമ്മിപ്പിച്ചു. ഐ എൻ എ ഐ സെക്രട്ടറി മേരി റജീന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.


2021 -22 വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. ഷിജി അലക്‌സ് (പ്രസിഡന്റ്), ഡോ സിമി ജസ്‌റ്റോ ജോസഫ്
(എക്‌സി. വൈസ് പ്രസിഡന്റ്),

ഡോ ബിനോയ് ജോർജ്ജ് (വൈസ് പ്രസിഡന്റ്),

ഡോ റജീന ഫ്രാൻസിസ് ( സക്രട്ടറി)
ഡോ. സൂസൻ മാത്യു ( ട്രഷറർ) എന്നിവടങ്ങുന്ന ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു. ഇലക്ഷൻ കമ്മീഷണറും, അഡൈ്വസറി കമ്മീഷണറുമായ ബീന വള്ളിക്കളം സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് നിയുക്ത പ്രസിഡന്റ് ഷിജി അലക്‌സ് എല്ലാവരെയും അഭിസംബോധന ചെയ്തു സംസാരിച്ചു.

ഇന്ത്യൻ നഴ്‌സുമാരുടെ സംഘടനയായ നൈനയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ സാന്നിദ്ധ്യം സമ്മേളനത്തിൽ കൂടുതൽ ശ്രദ്ധേയമായി. ദേശീയ പ്രസിഡന്റ് ഡോ ലിഡിയ ആൽബുക്കർക്ക്, എക്‌സി. വൈസ് പ്രസിഡന്റ് അക്കാമ്മ കല്ലേൽ, വൈസ് പ്രസിഡന്റ് -ഡോ ബോബി വർഗീസ്, ട്രഷറർ ടാര ഷാജൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
എം എൻ എ ഐ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ലിസ സിബി സമ്മേളനത്തിൽ പങ്കെടുത്ത ഏവർക്കും കൃതജ്ഞതയർപ്പിച്ചു. ജൂബി വള്ളിക്കളം
യോഗനടപടികൾ നിയന്ത്രിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here