രാജേഷ് തില്ലങ്കേരി

കൊച്ചി : മുൻകേന്ദ്രമന്ത്രിയും കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ കെ വി തോമസ് ഇടതുമുന്നണി സ്ഥാനാർത്ഥിയാവുമോ ? എറണാകുളം പിടിക്കാൻ കെ വി തോമസ് വന്നാൽ ഗുണകരമാവുമെന്നാണ് സി പി എമ്മിന്റെ കണക്കുകൂട്ടലുകൾ.


രണ്ട് തവണ എറണാകുളം എം എൽ എയും, ആറ് തവണ എറണാകുളത്തിന്റെ എം പിയുമായി, സംസ്ഥാന ടൂറിസം ഫിഷറീസ് വകുപ്പ് മന്ത്രി, കേന്ദ്രമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച പാരമ്പര്യം. ഐ എൻ ടി യു സി നേതാവ് എന്നീ നിലകളിൽ പാർട്ടിയിലും ട്രേഡ് യൂണിയനിലും പ്രവർത്തിച്ച ദീർഘകാലത്തെ അനുഭവസമ്പത്ത്. എന്നാൽ കഴിഞ്ഞ തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എറണാകുളത്ത് തലമുറ കൈമാറ്റം നടന്നു, ഹൈബി ഈഡൻ എം പിയായി. ഇതോടെ സീറ്റ് നഷ്ടപ്പെട്ട കെ വി തോമസ് പരിഭ്രാന്തനായി. അന്നു തന്നെ അദ്ദേഹം വിമത ശബ്ദം പുറപ്പെടുവിച്ചിരുന്നു.

എറണാകുളം നിയമസഭാ മണ്ഡലത്തിൽ പരിഗണിക്കണമെന്നായിരുന്നു കെ വി തോമസിന്റെ ആവശ്യം. എന്നാൽ ഒരു ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. സോണിയാ ഗാന്ധിയുമായും ഹൈക്കമാന്റിലെ പ്രമുഖനേതാക്കളുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു കെ വി തോമസ്.
എന്നാൽ പാർട്ടിയിൽ സ്ഥാനമാനങ്ങളൊന്നും കൊടുക്കാൻ ഹൈക്കമാന്റ് തയ്യാറായില്ല. ഒന്നുകിൽ നിയമസഭാ സീറ്റ് , അല്ലെങ്കിൽ പാർട്ടിയിൽ സുരക്ഷിതമായ സ്ഥാനം, ഇതാണ് തോമസ് മാഷിന്റെ ആവശ്യം. അവഗണനയാണ് ഇപ്പോഴത്തെ വിഷയമെന്ന് അദ്ദേഹം പരസ്യമായി ഒരു രഹസ്യം എന്ന നിലയിൽ പറഞ്ഞു കഴിഞ്ഞു.


കെ വി തോമസിനെ കെ പി സി സി വർക്കിംഗ് പ്രസിഡന്റാക്കും എന്നായിരുന്നു പ്രചാരണം. എന്നാൽ അതൊന്നും നടന്നില്ല. വീക്ഷണം പത്രത്തിന്റെയും ജയ്ഹിന്ദ് ടി വിയുടെയും ചുമതല നൽകാനാണ് തീരുമാനമുണ്ടായത്. പ്രതിസന്ധിയിലായ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ കെ വി തോമസ് തയ്യാറായില്ല. ഇതോടെയാണ് തോമസ് മാഷ് കോൺഗ്രസിൽ നിന്നും പുറത്തേക്ക് പോവുന്നു എന്ന വാർത്ത പരന്നത്.


മുഖ്യമന്ത്രിയുമായി കെ വി തോമസ് നടത്തിയ രഹസ്യ ചർച്ചയാണ് ഇപ്പോൾ തോമസ് മാഷ് ഇടത്തോട്ട് പോവുന്നു എന്ന വാർത്തയ്ക്ക് അടിസ്ഥാനം.
കെ വി തോമസ് കോൺഗ്രസ് വിടില്ലെന്നാണ് യു ഡി എഫ് ജില്ലാ ചെയർമാനും കോൺഗ്രസ് നേതാവുമായ ഡൊമനിക് പ്രസന്റേഷന്റെ പ്രതികരണം. എന്നാൽ തോമസ് മാഷിനെ സുസ്വാഗതം ചെയ്യുന്നു വെന്ന് സി പി എം ജില്ലാ സെക്രട്ടറി സി എൻ മോഹനന്റെ പ്രതികരണവും വന്നതോടെ എറണാകുളത്തെ കോൺഗ്രസിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടുകയാണ്.


എറണാകുളം മണ്ഡലം സെബാസ്റ്റിയൻ പോളിനെ ഉപയോഗിച്ച് നേരത്തെ സി പി എം പിടിച്ചെടുത്തിരുന്നു, അതിനുശേഷം എറണാകുളത്ത് വ്യക്തമായ ഒരു സ്ഥാനാർത്ഥിയെ നിർത്താൻപോലും പറ്റാത്ത അവസ്ഥയിലായിരുന്നു സി പി എം. കെ വി തോമസ് എൽ ഡി എഫ് സ്ഥാനാർത്ഥിയായാൽ ലത്തീൻ വിഭാഗത്തിന് ഏറെ സ്വാദീനമുള്ള എറണാകുളത്ത് നേട്ടമുണ്ടാവുമെന്നാണ് സി പി എമ്മിന്റെ കണക്കുകൂട്ടലുകൾ.

തന്റെ നിലപാടുകൾ 23 ന് എറണാകുളത്ത് നടക്കുന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നാണ് കെ വി തോമസ് പ്രതികരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here