അബ്ദുൽ ഗഫൂർ താനൂർ

മലപ്പുറം : മുസ്ലിംലീഗ് പ്രവർത്തകർ കടുത്ത ആശങ്കയിലും നിരാശയിലുമാണ്. കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, പി വി വഹാബ് ത്രിമൂർത്തികൾ സ്വന്തം താല്പര്യം സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ലീഗിൽ ഉയരുന്ന  പ്രധാന ആരോപണം.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മൂന്നു പേർ മൽസരിക്കുന്നത് പാർട്ടിക്ക് വലിയ തിരിച്ചടി കിട്ടുമെന്നും 2006 ആവർത്തിക്കുമെന്നാണ് ഭൂരപിക്ഷം ലീഗ് പ്രവർത്തകരും വിശ്വസിക്കുന്നത്. പ്രത്യേകിച്ച് കെ പി എ മജീദും വഹാബും തുടർച്ചയായി നിയമസഭയിലും രാജ്യസഭയിലും പോയിക്കൊണ്ടിരിക്കുന്നവരാണ്. കുഞ്ഞാലിക്കുട്ടി ആറ് തവണ എം എൽ എയായി, മൂന്ന് തവണ മന്ത്രിയുമായി. നിലവിൽ മലപ്പുറം എം പിയാണ്. അത് രാജിവച്ച് എന്തിനാണ് നിയമസഭയിലേക്ക് മൽസരിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന ചോദ്യം.   ലീഗ് അണികൾക്കിടയിൽ അസ്വീകാര്യനായ കെ പി എ മജീദിനെയും വഹാബിനെയും വീണ്ടും മൽസരിപ്പിക്കാനുള്ള നീക്കമാണ് ഏറെ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരിക്കുന്നത്.

സുലൈമാൻ സേട്ട്, ബനാത്ത് വാല, ഇ അഹമ്മദ് തുടങ്ങിയവർ ലോക്‌സഭയിൽ കാഴ്ചവച്ച മികച്ച പ്രകടനം മുസ്ലിംലീഗിന് എന്നും അഭിമാനമായിരുന്നു. എന്നാൽ അവരുടെ നിഴലുകളാവാൻപോലും ഇ ടി മുഹമ്മദ് ബഷീറിനോ പി കെ കുഞ്ഞാലിക്കുട്ടിക്കോ ആയില്ല എന്നാണ് അണികൾ ഉന്നയിക്കുന്ന ആരോപണം. നിരാശയുളവാക്കുന്ന പ്രകടനമായിരുന്നു വഹാബിന്റെതും.

ലീഗിൽ ജനകീയാടിത്തറയുള്ള എം എൽ എ മാരെ മാറ്റിനിർത്തുകയും വഹാബ്, മജീദ്, പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ തുടങ്ങിയ നേതാക്കൾ മൽസരിക്കാനുള്ള ഒരുക്കത്തിലാണ്. സുരക്ഷിതമായ സീറ്റിൽ ഇവർ മൽസരിക്കും. അഹമ്മദ് കബീറിനെയും എം ഉമ്മറിനെയുമൊക്കെ മാറ്റി നിർത്താനുള്ള കാരണമായി പറയുന്നത് യുവാക്കൾക്ക് അവസരം കൊടുക്കാനെന്നാണ്. കെ പി എ മജീദിനെയും വഹാബിനെയും മൽസരിപ്പിക്കുന്നത് ഒഴിവാക്കി എന്തുകൊണ്ടാണ് യുവാക്കൾക്ക് അവസരം നൽകാത്തതെന്നാണ് ഉയരുന്ന ചോദ്യം.
പാർട്ടിയും എം എൽ എമാരും എല്ലാം ഒരു സംഘത്തിന്റെ കയ്യിലാണ്. നിയമസഭയിൽ ശ്രദ്ധേയമായ പോരാട്ടം നടത്തിയ വി ഉമ്മർ , കെ എൻ എ ഖാദർ, അഹമ്മദ് കബീർ എന്നിവരെ വീണ്ടും മൽസരിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. അഴീക്കോട് കെ എം ഷാജിയെ കേസിൽ കുരുക്കിയത് ലീഗിലെ ചില വമ്പൻമാരുടെ ഗൂഢാലോചനയിലാണെന്നും ആരോപണമുയർന്നിട്ടുണ്ട്. ലീഗ് അണികളിൽ ഏറെ സ്വാധീനമുള്ള നേതാവാണ് കെ എം ഷാജിയെന്നതിരിച്ചറിവാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.

മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീനെ മൽസരിപ്പിക്കാൻ ചില നേതാക്കൾ നടത്തിയ അമിതാവേശം കാസർകോട് ജില്ലയിൽ പാർട്ടിക്ക് വലിയ തിരിച്ചടിയായി. ഇത് വീണ്ടും ആവർത്തിക്കാനാണ് സാധ്യതയെന്നും ലീഗിലെ ഒരു ഗ്രൂപ്പ് ആരോപിക്കുന്നു.
കുഞ്ഞാലിക്കുട്ടി മുന്നിൽ നിന്ന് പാർട്ടിയെ നയിക്കണമെന്നുള്ള തീരുമാനം എല്ലാവിഭാഗവും അംഗീകരിക്കുമ്പോഴും, പാർലമെന്റ് അംഗത്വം രാജിവച്ച് നിയമസഭയിലേക്ക് മൽസരിക്കേണ്ടതുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം. അണികളുടെ വികാരം കണക്കിലെടുക്കാതെ സ്ഥാനാർത്ഥികളെ നിർണയിച്ചാൽ അത് കനത്ത തിരിച്ചടികളുണ്ടാക്കുമെന്നാണ് ലീഗ് അണികളിൽ ഉയരുന്ന വികാരം. എം കെ മുനീറും, ഇ ടി മുഹമ്മദ് ബഷീറും സ്വന്തം താല്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപണമുയർന്നിരിക്കയാണ്.
കഴിവും പ്രാപ്തിയുമുള്ള നേതാക്കളെയും യുവരക്തത്തെയും പരിഗണിച്ചാൽ മികച്ച വിജയം കൈവരിക്കാനാവുമെന്നാണ് ലീഗിന്റെ ചില നേതാക്കളുടെ അഭിപ്രായം. അല്ലാത്ത പക്ഷം 2006 ലുണ്ടായ തിരിച്ചടി ആവർത്തിക്കുമെന്നും ലീഗിലെ ഒരു വിഭാഗം മുന്നറിയിപ്പു നൽകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here