തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച വർധിപ്പിച്ച ക്ഷേമ പെൻഷൻ 1600 രൂപ വിഷുവിനുമുമ്പ്‌ ഗുണഭോക്താക്കളുടെ വീടുകളിലെത്തുമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. വിഷു കിറ്റും വിതരണം ചെയ്യും. എപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക്‌ 15 രൂപ നിരക്കിൽ 10 കിലോഗ്രാംവീതം അരിയും വിഷുവിനുമുമ്പ്‌ ലഭ്യമാക്കും. എല്ലാ സ്‌കീം വർക്കേഴ്‌സിനും വർധിപ്പിച്ച വേതനവും പ്രതിഫലവും ഏപ്രിലിൽത്തന്നെ നടപ്പാക്കും. എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ‘ബജറ്റ്‌ (2021–-22) ഭാവി കേരളത്തിന്റെ രൂപരേഖ’ ചർച്ചയിൽ മുഖ്യാവതരണം നടത്തുകയായിരുന്നു ധനമന്ത്രി.

ഉപജീവന മേഖലയിൽ അഞ്ചുലക്ഷം തൊഴിൽ സൃഷ്ടിക്കുന്ന പ്രവർത്തനവും ഏപ്രിലിൽ തുടങ്ങും. രണ്ടുലക്ഷം പേർക്ക്‌ കാർഷിക മേഖലയിലും മൂന്നുലക്ഷം പേർക്ക്‌ കാർഷികേതര മേഖലയിലും തൊഴിലുറപ്പാക്കും. 100 ദിനത്തിൽ 50,000 തൊഴിൽ പ്രഖ്യാപിച്ചശേഷം ഒരുലക്ഷത്തിലേറെ തൊഴിലവസരം ഉറപ്പാക്കിയ അനുഭവം കേരളത്തിനുമുന്നിലുണ്ട്‌.

ദാരിദ്ര്യം പൂർണമായും തുടച്ചുനീക്കാനുള്ള പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്‌. പട്ടികയിലേക്ക്‌ ഉൾപ്പെടുത്തേണ്ട കുടുംബങ്ങളിൽനിന്ന്‌ അപേക്ഷ ഉടൻ ക്ഷണിക്കും. അർഹതപ്പെട്ട കുടുംബങ്ങളെ കണ്ടെത്താൻ സർവേ നടപടികളും ആരംഭിക്കും. അഞ്ചുലക്ഷത്തോളം കുടുംബങ്ങളെയാണ്‌ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടിവരിക. ഈ കുടുംബങ്ങളുടെ ഉപജീവനത്തിന്‌ വരുമാനം ഉറപ്പാക്കാൻ തൊഴിൽ, അസുഖങ്ങൾക്ക്‌ ചികിത്സ, പാർപ്പിടം, ആവശ്യമെങ്കിൽ സൗജന്യ ഭക്ഷണം തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തേണ്ടതുണ്ട്‌. ഇക്കാര്യങ്ങൾക്ക്‌ പണം തടസ്സമാകില്ല. കോവിഡിന്റെ കെടുതിക്കാലത്ത്‌ ജനതയെ രക്ഷിക്കാനുള്ള എല്ലാ നടപടിയും സംസ്ഥാന സർക്കാർ സ്വീകരിച്ചു. ഇതിന്റെ തുടർച്ച ഉറപ്പാക്കും.

സാധാരണക്കാരുടെ കുടുംബങ്ങളിലെ കുട്ടികൾക്കും വിദ്യാഭ്യാസത്തിന്‌ അനുയോജ്യമായ തൊഴിലവസരം തുറക്കും. പുരുഷൻമാരെ അപേക്ഷിച്ച്‌ നാലിരട്ടിയാണ്‌ സ്‌ത്രീകൾക്കിടയിലെ തൊഴിലില്ലായ്‌മ. ഇത്‌ പരിഹരിക്കാൻ കൃത്യമായ പരിപാടി ബജറ്റ്‌ മുന്നോട്ടുവച്ചിട്ടുണ്ട്‌. അത്‌ നാളത്തെ കേരളത്തിനായുള്ള കർമപരിപാടിയാണ്‌. സർക്കാർ ജോബ്‌ പോർട്ടൽ ഏപ്രിൽ ഒന്നുമുതൽ നിലവിൽവരത്തക്ക വിധത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ഫെബ്രുവരി ആദ്യവാരം ഉദ്യോഗാർഥികളുടെ രജിസ്‌ട്രേഷൻ തുടങ്ങും.

സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, പുതിയ കാൽവയ്‌പുകളും ബജറ്റിലൂടെ നടത്തുകയാണ്‌. എല്ലാ പരിമിതികൾക്കുമുള്ളിൽനിന്ന്‌ കേരളത്തിന്റെ വികസന പ്രശ്‌നങ്ങൾക്കും ഉത്തരം കണ്ടെത്തുകയാണെന്നും ധനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here