രാജേഷ് തില്ലങ്കേരി

കൊച്ചി : മുസ്ലിംലീഗിനു പിന്നാലെ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും ആർ എസ് പിയും രംഗത്തെത്തിയതോടെ  യു ഡി എഫ് സീറ്റു വിഭജനം അത്ര എളുപ്പമാവില്ല. 15 സീറ്റുകൾ വേണമെന്നാണ് ജോസഫിന്റെ ആവശ്യം. നേരത്തെ മാണി വിഭാഗം മൽസരിച്ച എല്ലാ സീറ്റിലും കേരളാ കോൺഗ്രസ് അവകാശം ഉന്നയിച്ചു. പതിനഞ്ചുസീറ്റിലും സ്ഥാനാർത്ഥികളെ നിർത്തുമെന്നാണ് ജോസഫിന്റെ പ്രഖ്യാപനം. ചങ്ങനാശ്ശേരി, കുട്ടനാട് സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ജോസഫ് പതിനഞ്ച് സീറ്റെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇരിക്കൂറിനോട് വിടപറയുന്ന കെ സി ജോസഫിനെ ചങ്ങനാശ്ശേരിയിൽ മൽസരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. എൻ സി പി മുന്നണി വിടാൻ തയ്യറായാൽ കുട്ടനാട്ടിൽ തോമസ് കെ തോമസിനെ മൽസരിപ്പിക്കാൻ യു ഡി എഫ് ഒരുക്കമാണ്. തോമസ് ചാണ്ടി നേരത്തെ യു ഡി എഫിന്റെ ഭാഗമായാണ് ആദ്യവിജയം നേടിയത്.

കെ മാണിയുമായി നേരിട്ടുള്ള മൽസരമാണ് ജോസഫ് ലക്ഷ്യമിടുന്നത്. പാലായിൽ മാണി സി കാപ്പൻ യു ഡി എഫ് സ്ഥാനാർത്ഥിയായി വരുന്നുവെങ്കിൽ ജോസഫ് സീറ്റ് വിട്ടുകൊടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മാണി സി കാപ്പൻ യു ഡി എഫ് സ്ഥാനാർത്ഥിയായി എത്തിയാൽ പാലായിൽ മൽസരം കടുക്കുമെന്നാണ് ജോസഫിന്റെ കണക്കുകൂട്ടലുകൾ.
അഞ്ച് സീറ്റുകളിൽ മൽസരിച്ചിരുന്ന ആർ എസ് പി ഇത്തവണ ഏഴ് സീറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം ജില്ലയിൽ വൈപ്പിൻ സീറ്റ് വേണമെന്നാണ് ആർ എസ് പി ആവശ്യപ്പെടുന്നത്. പുതുതായി മുന്നണിയിലെത്തിയ ഫോർവേഡ് ബ്ലോക്കും സീറ്റ് ആവശ്യപ്പെട്ടിരിക്കയാണ്. ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജൻ കൊല്ലം ജില്ലയിൽ സുരക്ഷിതമായ സീറ്റ് വേണമെന്ന ആവശ്യമുന്നയിച്ചിരിക്കയാണ്. സി എം പിയും സുരക്ഷിതമായ സീറ്റ് വേണമെന്നും സി പി ജോണിനെ നിയമസഭയിൽ എത്തിക്കാൻ കോൺഗ്രസ് മുന്നിട്ടിറങ്ങണമെന്നും സി എം പി ആവശ്യപ്പെട്ടിരിക്കയാണ്.
വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക്ക് ജനതാദൾ മുന്നണി വിട്ടതും, മാണി യു ഡി എഫ് വിട്ടതും മൂലം ഒഴിവുവന്നിരിക്കുന്ന സീറ്റുകളാണ് ലീഗും, ആർ എസ് പിയും ആവശ്യപ്പെടുന്നത്.
കഴിഞ്ഞ തവണ എൽ ജെ ഡി മൽസരിച്ച വടകര അടക്കം മുസ്ലിംലീഗ് ആവശ്യപ്പെടുകയാണ്. ജനതാദൾ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ നടന്ന മൽസരത്തിൽ സി കെ നാണുവാണ് അവിടെ കഴിഞ്ഞ തവണ വിജയിച്ചിരുന്നത്. ഇത്തവണ യു ഡി എഫ് വടകര സീറ്റ് ആർ എം പി ക്ക് നൽകുമെന്നായിരുന്നു നേരത്തെ ഉയർന്ന സൂചനകളെങ്കിലും ആർ എം പി കോൺഗ്രസുമായി അലകുകയാണ്. ആർ എം പി മൽസരരംഗത്തുണ്ടെങ്കിൽ യു ഡി എഫിന് വടകര  കടക്കാൻ ബുദ്ധിമുട്ടാണ്.
മുസ്ലിംലീഗിന് മൂന്ന് സീറ്റ് അധികമായി നൽകാൻ തയ്യറാണെന്ന് കഴിഞ്ഞദിവസം പാണക്കാട് നടന്ന കൂടികാഴ്ചയിൽ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു.  എന്നാൽ കുറഞ്ഞത് അഞ്ച് സീറ്റിലെങ്കിലും മുസ്ലിംലീഗിന് വിജയ സാധ്യതയുണ്ടെന്നാണ് വാദം. എൽ ഡി എഫ് വിജയിച്ചുകൊണ്ടിരിക്കുന്ന സീറ്റുകൾ പിടിക്കാനുള്ള നീക്കമാണ് തങ്ങൾ തയ്യാറാക്കിയിരിക്കുന്നതെന്നും ഇത് കോൺഗ്രസിനെയും യു ഡി എഫിനെയും ശക്തിപ്പെടുത്തുമെന്നാണ് ലീഗ് നേതാക്കളുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here