തന്റെ ഭരണസമിതിയിലേക്ക് താന്‍ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രസിഡന്റ് ജോ ബൈഡന്‍. എന്നോടൊപ്പം ജോലി ചെയ്യുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സഹ പ്രവര്‍ത്തകരോടോ, പൊതു ജനങ്ങളോടോ അനാദരവോടെ പെരുമാറുകയാണെങ്കില്‍ ആ നിമിഷം തന്നെ ഞാന്‍ നിങ്ങളെ ജോലിയില്‍ നിന്ന് ഡിസ്മിസ് ചെയ്യുമെന്ന് ബൈഡന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.

‘എല്ലാവരും എല്ലാവരെയും ബഹുമാനത്തോടെയും മാന്യതയോടെയും ട്രീറ്റ് ചെയ്യണം. കഴിഞ്ഞ നാല് വര്‍ഷമായി ഇവിടെ ഇല്ലാതിരുന്നതും ഇതുതന്നെയാണ്. ആദ്യം നിങ്ങള്‍ മറ്റുള്ളവരെ ബഹുമാനിച്ച് അവര്‍ക്ക് നേതൃത്വം നല്‍കണം. നമുക്ക് നമ്മുടെ രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുക്കണം. നിങ്ങളെല്ലാവരും അതില്‍ ഭാഗഭാക്കാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സത്യസന്ധതയും മാന്യതയുമാണ് മറ്റുള്ളവരെ ഉപചരിക്കുന്നതില്‍ ഏറ്റവുമാദ്യം വേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഏക കാര്യവും ഇതു മാത്രമാണെന്നും ബൈഡന്‍ പറഞ്ഞു.

‘നമ്മള്‍ ജോലി ചെയ്യേണ്ടത് നമുക്ക് വേണ്ടിയല്ല, തീര്‍ച്ചയായും ഞാനും നിങ്ങളും ജോലി ചെയ്യുന്നത് ജനങ്ങള്‍ക്കു വേണ്ടിയാവണം. ജനങ്ങളാണ് നമുക്ക് ശമ്പളം നല്‍കുന്നത്. അവര്‍ നമ്മളില്‍ വിശ്വസിക്കുന്നു, ഞാനും നിങ്ങളില്‍ വിശ്വസിക്കുന്നു. അതിനാല്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്. എല്ലാത്തിലും മാറ്റം വരുത്താന്‍ നമുക്കൊരു അവസരം ലഭിച്ചിരിക്കുകയാണ്. ഈ അവസരം നമ്മള്‍ നന്നായിത്തന്നെ ഉപയോഗിക്കണം. 26ാം വയസ്സില്‍ രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ഞാന്‍. അന്നു മുതല്‍ പൊതു സ്ഥാനങ്ങളിലെ റെഡ്‌ലൈനിംഗിന് മാറ്റം വരുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അത് സാധിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. നിങ്ങള്‍ക്കത് അനുഭവപ്പെടുന്നില്ലെങ്കില്‍ നിങ്ങളീ ജോലിക്ക് നില്‍ക്കരുത്’.

ഹൃദയം കൊണ്ട് മനസ്സിലാക്കി ബുദ്ധികൊണ്ട് പ്രവര്‍ത്തിക്കുന്നവരെയാണ് ഞാന്‍ വിശ്വസിക്കുന്നത്, അതല്ലാതെ ഹൃദയത്തില്‍ തട്ടാതെ ബുദ്ധികൊണ്ട് മാത്രം ചിന്തിച്ച് പ്രാവര്‍ത്തിക്കുന്നവരെയല്ല. നമുക്കൊരുപാട് മുന്നോട്ടു പോകാനുണ്ട്. നമുക്കൊരുപാട് അവസരങ്ങളുണ്ട്. നമ്മുടെ നിലനില്‍പ്പിനെപ്പോലും ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങലെപ്പോലും അതിജീവിക്കാന്‍ നമുക്ക് സാധിക്കും. എനിക്കതില്‍ നല്ല വിശ്വാസമുണ്ട്. ലോകമത് കണ്ടതാണ്. അതൊരു വലിയ മാറ്റം കൊണ്ടുവരും.

നമുക്കൊരുപാട് ചെയ്യാനുണ്ട്. എനിക്ക് നിങ്ങളെ അറിയാം, നിങ്ങളുടെ മനസ്സറിയാം, ഈ രാജ്യത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധതയും എനിക്കറിയാം. അതിനാല്‍ത്തന്നെ എനിക്കറിയാം നിങ്ങള്‍ക്കിത് ചെയ്യാന്‍ കഴിയുമെന്ന്. എളിമയിലും വിശ്വാസത്തിലും അടിയുറച്ചാണ് നമ്മളീ കാര്യങ്ങളെല്ലാം ചെയ്യാന്‍ പോകുന്നത്. പക്ഷേ ഓര്‍ക്കുക, വീണ്ടും ഞാനാവര്‍ത്തിക്കുന്നു, സഹപ്രവര്‍ത്തകരോടോ, പൊതു ജനങ്ങളോടോ നിങ്ങളാരെങ്കിലും അപമര്യാദയായി പെരുമാറിയതായി അറിഞ്ഞാല്‍ ആ നിമിഷം നിങ്ങള്‍ ഡിസ്മിസ് ചെയ്യപ്പെടും.’ ബൈഡന്‍ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here