തിരുവനന്തപുരം : അടുത്ത 13 ദിവസങ്ങളിൽ പ്രതിദിന കേസുകൾ 6600 – 7400 ആകാമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പു കൂടി പരിഗണിച്ച് സംസ്ഥാനത്തു പുതിയ നിയന്ത്രണങ്ങൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുമെങ്കിലും മരണ നിരക്ക് ഉയരില്ലെന്നാണു കണക്കുകൂട്ടൽ. നിയന്ത്രണങ്ങൾ ഉത്തരവായി ഇറങ്ങും. ഇതിനിടെ, വിമർശനം ഉണ്ടായാലും യഥാർഥ കണക്കുകൾ ജനത്തിനു മുന്നിൽ പറയുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നേരത്തേതു പോലെ വ്യാപക വർധന ഇല്ലെങ്കിലും രോഗമുക്തരെക്കാൾ രോഗികളുടെ എണ്ണം ദിവസവും കൂടുന്ന സാഹചര്യമാണുള്ളത്.
ഈ മാസത്തെ കണക്കനുസരിച്ച് കേസുകളുടെ എണ്ണത്തിൽ ക്രമാനുഗത വർധനയുണ്ടായി. 4നും 10 നും മധ്യേ റിപ്പോർട്ട് ചെയ്തത് 35,296 കേസുകളാണ്. 11 മുതലുള്ള ആഴ്ചയിൽ ഇത് 36,700 ആയും 18 മുതലുള്ള ആഴ്ചയിൽ 42,430 ആയും ഉയർന്നു. ഔദ്യോഗിക കണക്കനുസരിച്ചു സംസ്ഥാന ജനസംഖ്യയുടെ 3 ശതമാനത്തിൽ താഴെ പേർക്കു മാത്രമേ കോവിഡ് ബാധിച്ചിട്ടുള്ളൂ.

നിരീക്ഷണത്തിന് 25,000 പൊലീസുകാർ

കോവിഡ് നിയന്ത്രണവിധേയമാക്കാൻ പൊതുസ്ഥലങ്ങളിലെ നിരീക്ഷണത്തിന് ഇന്നുരാവിലെ മുതൽ ഫെബ്രുവരി 10 വരെ 25,000 പൊലീസ് ഉദ്യോഗസ്ഥരെ രംഗത്തിറക്കും. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുവെന്നും മാസ്‌ക് ധരിക്കുന്നുവെന്നും പൊലീസ് ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നിരീക്ഷണത്തിനു കൂടുതൽ സെക്ടറൽ മജിസ്‌ട്രേട്ടുമാരെയും വിന്യസിക്കും. പൊതുസമ്മേളനങ്ങൾ, വിവാഹം, മറ്റു ചടങ്ങുകൾ എന്നിവയ്ക്ക് അടഞ്ഞ ഹാളുകൾ കഴിവതും പാടില്ല. തുറസ്സായ സ്ഥലങ്ങളിൽ, അകലം പാലിച്ചു നടത്തുകയാകും ഉചിതം. ഇക്കാര്യത്തിൽ ഹോട്ടൽ അധികൃതരും മറ്റും സഹകരിക്കണം. രാത്രി 10 നു ശേഷം യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

സിനിമ തിയറ്റർ: തൽക്കാലം കൂടുതൽ പ്രവേശനമില്ല

സിനിമ തിയറ്ററുകളിൽ കൂടുതൽ പേർക്ക് പ്രവേശനം അനുവദിക്കാമെന്നുള്ള കേന്ദ്ര മാർഗരേഖ തൽക്കാലം കേരളത്തിൽ നടപ്പാക്കുന്നില്ലെന്ന് തീരുമാനം. കേരളത്തിൽ കോവിഡ് വ്യാപനം കൂടുതലായതിനാലാണിത്. നിലവിൽ 50% പേർക്കാണ് പ്രവേശനം.

LEAVE A REPLY

Please enter your comment!
Please enter your name here