കൊച്ചി :പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള’ യാത്രയ്ക്ക് കോണ്‍ഗ്രസ് മുഖപത്രമായ ‘വീക്ഷണ’ത്തില്‍ ആദരാഞ്ജലികള്‍ നേര്‍ന്നത് സാങ്കേതിക പിഴവല്ലെന്ന് നിഗമനം. പത്രത്തിലെ പരസ്യം ഗൗരവതരമായ വീഴ്ചയാണെന്നും ആസൂത്രിത അട്ടിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പത്രത്തിന്റെ എംഡിയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ജെയ്സണ്‍ ജോസഫ് അറിയിച്ചു. സംഭവത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ പ്രചരണത്തിന് തുടക്കം കുറിക്കുന്ന യാത്രയ്ക്ക് തന്നെ പാര്‍ടി പത്രത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത് കോണ്‍ഗ്രസിനുള്ളിലും വലിയ ഭിന്നതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനാണ് എംഡി. അതുകൊണ്ടുതന്നെ ഐ ഗ്രൂപ്പ് ചില സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. നേമത്ത് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത് ഐ ഗ്രൂപ്പാണെന്ന ആരോപണം എ ക്യാമ്പിനുണ്ടായിരുന്നു. അതിനു മറുപടിയെന്നോണമാണ് ചെന്നിത്തലയുടെ യാത്രയെ ആക്ഷേപിച്ചതെന്നാണ് സൂചന.

വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ ഐശ്വര്യ കേരള യാത്രയ്ക്ക് ഇനി പത്രത്തില്‍ പരസ്യമുണ്ടാകില്ലെന്നും എംഡി അറിയിച്ചിട്ടുണ്ട്. പി ടി തോമസാണ് വീക്ഷണത്തിന്റെ എഡിറ്റര്‍. ചെയര്‍മാനായി മുല്ലപ്പള്ളി രാമചന്ദ്രനും മാനേജിംഗ് എഡിറ്ററായി ശൂരനാട് രാജശേഖരനും പ്രവര്‍ത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here