തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില പ്രസിദ്ധീകരിച്ചു. ഏറ്റവും കുറഞ്ഞ വിലയുളള മദ്യത്തിന് പോലും മുപ്പത് രൂപയുടെ വർദ്ധനയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. വില വർദ്ധനയിലൂടെ ഈ വർഷം സർക്കാ‍രിന് ആയിരം കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തൽ.വിതരണക്കാർ ബെവ്കോയ്‌ക്ക് നൽകുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയിൽ ഏഴ് ശതമാനം വർദ്ധനയാണ് അനുവദിച്ചത്. ആനുപാതികമായി നികുതിയും കൂടി.

ഇതടക്കമുളള വിലയാണ് ബിവറേജസ് കോർപ്പറേഷൻ പ്രസിദ്ധീകരിച്ചത്. ഏറ്റവും വില കുറഞ്ഞതും വൻ വിൽപ്പനയുമുളള ജവാൻ റമ്മിന് ഫുൾ ബോട്ടിലിന് 420 രൂപയുണ്ടായിരുന്നത് 450 ആയി. ഇതേ മദ്യം ഒരു ലിറ്ററിന് 560 രൂപയുണ്ടായിരുന്നത് 600 രൂപയുമായി.വി എസ് ഒ പി ബ്രാൻഡി 900 രൂപയുണ്ടായിരുന്നത് 960 ആക്കി ഉയർത്തിയപ്പോൾ 950 രൂപയുടെ ഒരു ലിറ്റർ ബോട്ടിലിന് ഇനി 1020 രൂപ നൽകണം. ഒന്നര ലിറ്ററിന്റേയും രണ്ടേകാൽ ലിറ്ററിന്റേയും ബ്രാൻഡി ഉടൻ വിൽപ്പനക്കെത്തും. ഒന്നര ലിറ്ററിന് 1270 രൂപയും രണ്ടേകാൽ ലിറ്ററിന് 2570 രൂപയുമാണ് വില. ബിയറും വൈനുമൊഴികെ എല്ലാ മദ്യത്തിനും വിലവർദ്ധനയുണ്ട്.കൊവിഡ് ലോക്ക്ഡൗണും ബെവ്ക്യൂ ആപ്പും ബാറുകളിലെ പാഴ‌്സൽ വിൽപ്പനയും മൂലം ഇത്തവണ മുൻവർഷത്തെ അപേക്ഷിച്ച് ബെവ്കോയുടെ വിൽപ്പനയിൽ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. മദ്യത്തിന് 40 രൂപ വില കൂടുമ്പോൾ സർക്കാരിന് 35 രൂപയും ബവ്കോക്ക് ഒരു രൂപയും കമ്പനിക്ക് നാല് രൂപയുമാണ് കിട്ടുന്നത്. ഒന്നാം തീയതി അവധി ആയതിനാൽ പുതുക്കിയ മദ്യവില മറ്റന്നാൾ നിലവിൽ വരും.

LEAVE A REPLY

Please enter your comment!
Please enter your name here