കൊച്ചി : കേരളത്തിലെ സുഗന്ധവ്യഞ്ജനം വിദേശങ്ങളിലേക്ക കയറ്റി അയക്കാൻ പലരും മുന്നിട്ടിറങ്ങിയപ്പോൾ അതിൽ നിന്നും വ്യത്യസ്തമായൊരു വഴിയായിരുന്നു വ്യവസായിയായ സി വി ജേക്കബ്ബ് സ്വീകരിച്ചത്. സുഗന്ധവ്യഞ്ജനങ്ങളെ മൂല്യവർദ്ധിത വസ്തുക്കളാക്കി വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയെന്ന രീതിയാണ് സി വി ജേക്കബ്ബ് അവംലംബിച്ചത്.
സിന്തൈറ്റ് എന്ന കമ്പനിയുണ്ടാക്കിയാണ് സി വി ജേക്കബ്ബ് സുഗന്ധവ്യഞ്ജന വ്യവസായത്തിൽ സ്വന്തമായി ഇടമുണ്ടാക്കിയത്. ഇത് കേരളത്തിന്റെ സ്വന്തം  സുഗന്ധവ്യഞ്ജനങ്ങൾ ലോകവിപണിയിൽ ഉന്നതമായ സ്ഥാനമുണ്ടാക്കാൻ സാധിച്ചു. പിന്നീട് വിദേശങ്ങളിൽ നിന്നുപോലും ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്ത് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുകയെന്ന രീതിയിലേക്ക് സിന്തൈറ്റിന് വളരാൻ സാധിച്ചു. ഇത് സി വി ജേക്കബ്ബ് എന്ന വ്യവസായിയുടെ ദീർഘവീക്ഷണമായിരുന്നു കേരളം കൈവരിച്ച ഈ നേട്ടത്തിനു പിന്നിൽ.
സുഗന്ധവ്യഞ്ജനത്തിൽ നിന്നുമാത്രമല്ല സത്ത് എടുക്കാവുന്ന എല്ലാ ഉൽപ്പന്നങ്ങളിൽ നിന്നും അദ്ദേഹം മൂല്യവർധിത ഉൽപ്പന്നങ്ങളുണ്ടാക്കി. മുളകിനും കരുമുളകിനും പുറമെ പൂക്കളിൽ നിന്നും ചെടികളിൽ നിന്നുപോലും സത്ത് എടുത്ത് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിദേശത്തേക്ക് കയറ്റി അയച്ചിരുന്നു.


സി വി ജേക്കബ്ബ്  കണ്ടെത്തിയ വഴികളിലൂടെ പിന്നീട് പലരും സഞ്ചരിച്ചു. എല്ലാ വ്യവസായത്തിന്റെയും ശക്തി മനുഷ്യശക്തിയുടെ കൃത്യമായ വിനിയോഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. അന്താരാഷ്ട്ര നിലവാരമുള്ള ഒരു കമ്പനിയായി സിന്തൈറ്റിനെ മാറ്റിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചത് മാനേജ് മെന്റ് വൈദഗ്ധ്യമായിരുന്നു. കേരളത്തിൽ ലോകനിലവാരമുള്ള ഒരു സ്ഥാപനം വളർത്തിയെടുക്കാൻ പറ്റുമെന്ന് തെളിയിച്ച വ്യവസായി എന്ന നിലയിലാണ് സി വി ജേക്കബ്ബിന്റെ മഹത്വം.

കേരളത്തിൽ ജനപങ്കാളിത്തത്തോടെ ആദ്യമായി ഒരു എയർപോർട്ട് എന്ന ആശയം അവതരിപ്പിച്ചപ്പോൾ അതിനോട് ആദ്യമായി അനുകൂലനിലപാട് സ്വീകരിച്ച കേരളത്തിലെ ഏക വ്യവസായിയും സി വി ജേക്കബ്ബായിരുന്നു. എൻ ആർ ഐ കളാണ് പണം നൽകിയ മറ്റുള്ളവർ.കൊച്ചി അന്താരാഷ്ട്ര വിമാനത്തിവളത്തിന്റെ (സിയാൽ) ഭരണസമിതി അംഗമായി.  അദ്ദേഹം മരണംവരെ ആസ്ഥാനത്ത്  തുടർന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും സി വി ജേക്കബ്ബ് ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിരുന്നു.
അടുത്ത തലമുറയ്ക്കുള്ള കമ്പനിയുടെ കൈമാറ്റവും അദ്ദേഹം മാതൃകാ പരമായി നിർവ്വഹിച്ചിരുന്നു. 
 
87 ാം വയസിലാണ് സി വി ജേക്കബ്ബ് വിടവാങ്ങുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടുകാലം കേരളത്തിലെ വ്യവസായ ലോകത്ത് അതികായനായിരുന്നു അദ്ദേഹം. 500 ൽപരം ഉൽപ്പന്നങ്ങളുമായി ലോകത്ത് തന്നെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന വ്യവസായത്തിൽ പുതിയ മാതൃക സൃഷ്ടിച്ച സി വി ജേക്കബ്ബിന്റെ നിര്യാണം വലിയ നഷ്ടംതന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here