തിരുവനന്തപുരം: 65000 കോടിയുടെ ദേശീയപാതാ വികസനവും, 1957 കോടിയുടെ മെട്രോ രണ്ടാം ഘട്ടവും പ്രഖ്യാപിച്ചുവെങ്കിലും കേരളം നിരന്തരമായി ആവശ്യപ്പെട്ടിരുന്നവയൊന്നും ഇത്തവണയും കേന്ദ്ര ബജറ്റിലില്ല. ബജറ്റ്‌ വിഹിതവും വെട്ടിക്കുറച്ചു. ശബരി റെയിൽവേ, പളനി–-ശബരിമല ദേശീയപാത, ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസ്‌, തിരുവനന്തപുരം റെയിൽവേ സോൺ, അർധ അതിവേഗ റെയിൽപ്പാത, തലശേരി–-മൈസൂർ, നിലമ്പൂർ–-നഞ്ചൻകോട്‌ റെയിൽപ്പാത, കണ്ണൂർ, കോഴിക്കോട്‌ വിമാനത്താവള വികസനം എന്നിവയെല്ലാം തഴഞ്ഞു. ഇന്ത്യൻ കോസ്‌റ്റ്‌ ഗാർഡ്‌ അക്കാദമി കേരളത്തിൽ സ്ഥാപിക്കണമെന്നതും പരിഗണിച്ചില്ല. ഇഎസ്‌ഐ ആശുപത്രികളുടെ വികസനവും അവണിച്ചു. പശ്ചിമതീര ദേശീയ ജലപാതയ്‌ക്കും സഹായമില്ല. ബിപിസിഎൽ, ബെമൽ സ്വകാര്യവൽക്കരണ നടപടികൾ കേരളതാൽപര്യം ഹനിക്കും.

കൊട്ടിഘോഷം മാത്രമോ
65,000 കോടി രൂപയുടെ ദേശീയപാതാ വികസനമാണ്‌‌ കേരളത്തിന്റെ പേരിൽ കൊട്ടിഘോഷിക്കുന്നത്‌‌. നടപ്പാക്കൽ എന്നാണെന്നോ,‌ വാർഷിക പദ്ധതിയിലെ നീക്കിയിരിപ്പോ വ്യക്തമാക്കിയിട്ടില്ല. എൻഎച്ച്‌എഐ വായ്‌പയെടുക്കുന്നതാണ്‌ ഈ തുക. കൊച്ചി മെട്രോ നീട്ടൽ പദ്ധതിക്ക്‌ പ്രഖ്യാപിച്ച 1957 കോടിയിൽ 388 കോടി മാത്രമാണ്‌ കേന്ദ്ര വിഹിതം.

കൃഷിക്കാർക്ക്‌ വട്ടപ്പൂജ്യം
കാർഷിക വായ്‌പകളുടെ മൊറട്ടോറിയം കാലാവധി നീട്ടില്ല. റബർ, കുരുമുളക്, കാപ്പി, തേയില തുടങ്ങിയവയ്ക്ക്‌ സഹായമില്ല. നെല്ല‌്‌, നാളീകേരം തുടങ്ങിയവയുടെ സംഭരണത്തിനും അധിക സഹായമില്ല. ബംഗാളിലെയും അസമിലെയും തേയില തോട്ടങ്ങളിലെ സ്‌ത്രീതൊഴിലാളികൾക്ക്‌‌ 1000 കോടിയുടെ സഹായ പദ്ധതി പ്രഖ്യാപിച്ചു. കേരളത്തിലെ തൊഴിലാളികൾക്കില്ല.

കോവിഡ്‌ വാക്‌സിനും സഹായമില്ല
വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ പ്രഖ്യാപിച്ച പദ്ധതികളിലെല്ലാം കേരളം വളരെ മുന്നേറിക്കഴിഞ്ഞതിനാൽ ഒരു സഹായവും ലഭിക്കില്ല.

തൊഴിലുറപ്പിനെ തഴഞ്ഞു
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി വിഹിതം ഒരു രൂപപോലും ഉയർത്തിയില്ല. ജനങ്ങളുടെ കൈകളിലേക്ക്‌ പണം എത്തിക്കുന്ന പരിപാടിയും ബജറ്റിലില്ല. പരമ്പരാഗത, കരകൗശല ഉൽപ്പന്നങ്ങളുടെ ജിഎസ്‌ടി ഒഴിവാക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.

ഇന്ധന സെസിൽ സംസ്ഥാനങ്ങൾക്ക്‌ തിരിച്ചടി
പെട്രോൾ, ഡീസൽ എക്‌സൈസ്‌ ഡ്യൂട്ടി കുറച്ച്‌ പകരം സെസ്‌ ഏർപ്പെടുത്തിയതിലൂടെ സംസ്ഥാന വിഹിതത്തിലും കൈയിട്ടുവാരി. എക്‌സൈസ്‌ ഡ്യൂട്ടിയുടെ 42 ശതമാനം സംസ്ഥാനങ്ങൾക്കുള്ളതാണ്‌. ഇതിന്റെ 1.943 ശതമാനം കേരളത്തിനും ലഭിക്കണം. എക്‌സൈസ്‌ ഡ്യൂട്ടി കുറച്ച്‌ സെസ്‌ ഏർപ്പെടുത്തുന്നതിലൂടെ കേന്ദ്ര വരുമാനം കുറയില്ല. എന്നാൽ, സംസ്ഥാനങ്ങളുടെ എക്‌സൈസ്‌ ഡ്യൂട്ടി വിഹിതം കുറയും.

ധനവിഹിതം കുറയും
15–-ാം ധന കമീഷന്റെ അന്തിമ റിപ്പോർട്ട്‌ നടപ്പാക്കുന്നതോടെ കേരളത്തിനുള്ള കേന്ദ്ര ധനവിഹിതം കുറയും. ആദ്യ റിപ്പോർട്ടിലെ ശുപാർശ അനുസരിച്ച്‌ കേരളത്തിനുള്ള വിഹിതം 1.943 ശതമാനമായിരുന്നു. അന്തിമ റിപ്പോർട്ട്‌ അനുസരിച്ച്‌ 1.925 ശതമാനമാകും.

LEAVE A REPLY

Please enter your comment!
Please enter your name here