രാജേഷ് തില്ലങ്കേരി

കൊച്ചി: കേരളത്തിലെ കോൺഗ്രസ്  പൂർണമായും ഹൈക്കമാന്റിന്റെ പൂർണനിയന്ത്രണത്തിലായിരിക്കും എന്നു കേട്ടപ്പോൾ ഇത്രയും നിയന്ത്രണമുണ്ടാവുമെന്ന് ആരും കരുതിയിരുന്നില്ല.
കണ്ണൂരിൽ എത്തിയ താരിഖ് അൻവർ പഴയകാല കോൺഗ്രസുകാരനും മലയാളത്തിന്റെ പ്രിയകഥാകാരനുമായ ടി പത്മനാഭന്റെ വീട്ടിലേക്കാണ് വണ്ടി തിരിച്ചത്.

ടി പത്മനാഭൻ കുറച്ചുകാലമായി ഇടത് ചേരിയോട് അടുപ്പം കാണിച്ചിരുന്നു. ഒരു പൊന്നാടയുമായിട്ടായിരുന്നു താരിഖിന്റെ മുഖം കാണിക്കൽ. യു ഡി എഫിന്റെ വിജയത്തിനായി അനുഗ്രഹം വേണമെന്നതായിരുന്നു എ ഐ സി സി ജന.സെക്രട്ടറിയുടെ അഭ്യർത്ഥന.

താൻ പത്തുവയസുള്ളപ്പോൾ മുതൽ കോൺഗ്രസുകാരനാണെന്നും, മരണ ശേഷം  ത്രിവർണ പതാകപുതച്ച് കിടക്കാൻ ആഗ്രഹമുണ്ടെന്നും പത്മനാഭൻ പറഞ്ഞു. എന്നാൽ കോൺഗ്രസ് ജയിക്കുന്ന കാര്യത്തിൽ അത്ര ആത്മവിശ്വാസം ടി പത്മനാഭൻ പ്രകടിപ്പിച്ചില്ല. അതോടെ താരിഖ് അൻവറിന്റെ അനുഗ്രഹയാത്ര കോഴിക്കോട് ലക്ഷ്യമാക്കി മുന്നേറി. പ്രതിപക്ഷ നേതാവ് നടത്തുന്ന ഐശ്വര്യ കേരളയാത്രയുടെ മുന്നിൽ ഒരു അനുഗ്രഹയാത്ര നടക്കുന്നത് യഥാർത്ഥത്തിൽ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർപോലും അറിഞ്ഞിരുന്നില്ലത്രെ. ചെന്നിത്തലയാത്ര കണ്ണൂരിൽ നിന്നും കറങ്ങിക്കളിക്കവെയാണ് താരിഖിന്റെ യാത്ര അതിവേഗം കോഴിക്കോട്ടെത്തിയത്.

യു ഡി എഫിന്റെ വിജയത്തിനായി അനുഗ്രഹം തേടി എ ഐ സി സി ജനറൽ സെക്രട്ടറി അടുത്തതായി എത്തിയത് സാക്ഷാൽ കാന്തപുരത്തിന്റെ മുന്നിലേക്കായിരുന്നു. കാന്തപുരം മുസ്ലിയാർക്ക് നേരത്തെതന്നെ ഇടത് ചായ് വുള്ളതായി അങ്ങ് ഡൽഹിയിലുള്ള ഹൈക്കമാന്റ് ആസ്ഥാനത്തും അറിയാവുന്നതാണ്. കാന്തപുരം വലിയ ആദരവോടെതന്നെ താരിഖ് അൻവറെ സ്വീകരിച്ചു. യു ഡി എഫിനെ രക്ഷിക്കണമെന്നും അനുഗ്രഹിക്കണമെന്നും കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹം കാന്തപുരത്തോട് ആവശ്യപ്പെട്ടു. പാർലമെന്ററി വിഷയത്തിൽ കാണിക്കുന്ന ശ്രദ്ധ പ്രാദേശിക വിഷയത്തിലും കോൺഗ്രസ് കാണിക്കണമെന്നായിരുന്നു കാന്തപുരത്തിന്റെ നിർദ്ദേശം.

മതേതരചേരിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് മുന്നിട്ടറങ്ങണമെന്നും  കാന്തപുരം നിർദ്ദേശവും നൽകി. എല്ലാം ഇപ്പ ശരിയാക്കാമെന്ന് വാക്കു നൽകി താരിഖ് അൻവർ മർക്കസിനോട് വിടപറഞ്ഞു.
കോൺഗ്രസിനോട് അകന്നു നിൽക്കുന്ന ഒരുവിഭാഗത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ യു ഡി എഫിലേക്ക് തിരികെ എത്തിക്കാനുള്ള ദൗത്യമാണ് എ ഐ സി സി താരിഖ് അൻവറിന് ഹൈക്കമാന്റ് നൽകിയത്. ഈ ദൗത്യവുമായാണ് താരിഖ് അൻവർ മർക്കസിൽ എത്തിയത്.  കാന്തപുരത്തെ കണ്ട് ചർച്ചനടത്തിയതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും വൻവിജയം യു ഡി എഫ് നേടുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം താരിഖ് അൻവർ പറഞ്ഞു.

കാന്തപുരം അനുഗ്രഹിച്ചോ , ഇല്ലയോ എന്നൊന്നും ആരും ചോദിച്ചില്ലെന്നതാണ് സത്യം.
ഇനി മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലും, പിന്നീട് എറണാകുളത്തും ചില അനുഗ്രഹ സന്ദർശനങ്ങൾ വരും ദിവസങ്ങളിൽ നടക്കും.

ഈ അനുഗ്രയാത്ര തിരുവനന്തപുരം വരെ നടക്കുമെന്നാണ് അറിയുന്നത്. അതിനായി കുറേയധികം പൊന്നാടയും അദ്ദേഹത്തിന്റെ വണ്ടിയിൽ വാങ്ങിവച്ചിട്ടുണ്ടെന്നാണ് സംസാരം.
ഈ യാത്രയ്ക്ക് പിന്നാലെ വരുന്ന ചെന്നിത്തലയുടെ യാത്ര തിരുവനന്തപുരത്തെത്തുമ്പോൾ താരിഖ് അൻവർ ഒരു പ്രോഗ്രസ് റിപ്പോർട്ടും സമർപ്പിക്കും. ബാക്കിയുണ്ടെങ്കിൽ ഒരു പൊന്നാടയും ചെന്നിത്തലയ്ക്കും കിട്ടിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here