തൃശ്ശൂർ : കേരളത്തിലെ ബി ജെ പിയും തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി. ദേശീയ അധ്യക്ഷൻ ജെ പി നന്ധ പങ്കെടുക്കുന്ന സമ്മേളനത്തോടെയാണ് ബി ജെ പി തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. നാളെ രാവിലെ 10 ന് കൊച്ചി എയർപോർട്ടിലിറങ്ങുന്ന ബി ജെ പി ദേശീയ അധ്യക്ഷൻ തൃശ്ശൂരിലേക്ക് പോവും. രാവിലെ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നേതാക്കളുമായി തെരഞ്ഞെടുപ്പ് അവലോകന ചർച്ച നടത്തും.
സംസ്ഥാന പ്രവർത്തക കൺവെൻഷനു ശേഷം സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളും ദേശീയ നേതാക്കൾ സംസ്ഥാന നേതാക്കളുമായി ചർച്ച ചെയ്യും.
കേരളത്തിൽ മികച്ച വിജയം നേടുകയാണ് ബി ജെ പി ദേശീയ നേതാക്കളുടെ പ്രധാന ലക്ഷ്യം. റോഡ് വികസനത്തിനും കൊച്ചി മെട്രോ വികസനത്തിനും വലിയ പ്രാധാന്യം ബജറ്റിലുണ്ടെന്നത് മികച്ച വിജയത്തിന് സാധ്യത വർധിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ.
ശബരിമലയും മറ്റും ഇത്തവണയും ചർച്ചകളിൽ ഉയർന്നേക്കും. കോൺഗ്രസ് ശബരിമല വിഷയം ചർച്ചയ്ക്ക് എടുത്ത സാഹചര്യത്തിൽ ബി ജെ പിക്കും വിഷയം തെരഞ്ഞെടുപ്പിൽ ഉന്നയിക്കാതിരിക്കാൻ കഴിയില്ല.
തെരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള നേതാക്കളെ അതാതിടങ്ങളിൽ സ്ഥാനാർത്ഥിയാക്കണമെന്നാണ് ദേശീയ നേതാക്കളുടെ പ്രധാന നിർദ്ദേശം. നേമത്ത് കുമ്മനം മൽസരിക്കുമെന്ന് ഏതാണ്ട് ഉറപ്പായെങ്കിലും മറ്റു സീറ്റുകളുടെ കാര്യത്തിൽ വ്യക്തതയില്ല. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇത്തവണ മൽസര രംഗത്തുണ്ടാവില്ല. തെരഞ്ഞെടുപ്പ് വിജയത്തിന് ബി ജെ പിയെ ഒരുക്കുകയാണ് തന്റെ കടമയെന്നാണ് സുരേന്ദ്രന്റെ പ്രസ്താവന. കേന്ദ്ര മന്ത്രി വി മുരളീധരൻ മൽസരരംഗത്തുണ്ടാവുമെന്നാണ് കരുതുന്നത്. പൊതു സമ്മതരെ കണ്ടെത്തി തെരഞ്ഞെടുപ്പിൽ മൽസരിപ്പിക്കാനും നിർദ്ദേശമുണ്ട്. ബി ഡി ജെ എസിന് ഇത്തവണ എന്ത് പരിഗണന ലഭിക്കുമെന്ന് ഇതുരെ നേതൃത്വം വ്യക്തമാക്കിയിട്ടില്ല.

സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ശോഭാ സുരേന്ദ്രനോട് തെരഞ്ഞെടുപ്പിൽ സജീവമാവാൻ ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here