സ്വന്തം ലേഖകൻ

കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കേരളത്തിലെ മുതിർന്ന ഐ എ എസ് ഉദ്യോഗസനുമായ എം ശിവശങ്കരന് കോടതി ജാമ്യം അനുവദിച്ചു. വിവാദമായ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഒക്ടോബർ 28 നാണ് എം ശിവശങ്കരൻ അറസ്റ്റിലാവുന്നത്. 95 ദിവസത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ശിവശങ്കരൻ മോചിതനാവുന്നത്.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഭരണ സിരാകേന്ദ്രത്തിലെ ഏറ്റവും ഉന്നതനായ ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ കള്ളക്കടത്ത് കേസിൽ അറസ്റ്റു ചെയ്യപ്പെടുന്നതും ജയിലിൽ അകപ്പെടുന്നതും.
മൂന്ന് കേസുകളിലാണ് എം ശിവശങ്കരൻ അറസ്റ്റിലാവുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ ഒന്നാം പ്രതിയായ സ്വപ്‌നാ സുരേഷുമായുള്ള ബന്ധമാണ് എം ശിവശങ്കരനെ കുരുക്കിയത്. കസ്റ്റംസ് കേസിനു പുറമെ എൻഫോഴ്‌സ് മെന്റ് ഡയറക്ട്രേറ്റും എം ശിവശങ്കരനെതിരെ കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണ് കള്ളപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്ന കേസ് ഉയരുന്നതും, ശിവശങ്കരനെ പ്രതിയാക്കുന്നതും.

കള്ളപ്പണം വെളുപ്പിക്കൽ കേസിലും സ്വർണക്കടത്ത് കേസിലും പ്രതിയായ ശിവശങ്കരന് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡോളർ കടത്ത് കേസിലാണ് ഇന്ന് ജാമ്യം അനുവദിക്കപ്പെട്ടത്.
സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയായിരുന്ന ശിവശങ്കരൻ അറസ്റ്റ് ചെയ്യപ്പെട്ടതോടെ മുഖ്യമന്ത്രിയും ഇടതുപക്ഷവും ശിവശങ്കരനെ തള്ളിപ്പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വലിയ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഏറെ രാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴി വച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here