തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്റെയും നാട്ടുകാരുടെയും ആവശ്യങ്ങള്‍ അറിയുന്ന നല്ല മുഖ്യമന്ത്രിയാണെന്നും മുമ്പ് ഭരണത്തില്‍ ഇരുന്നപ്പോഴും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ളയാളാണെന്നും ബിജെപി നേതാവ് ഒ. രാജഗോപാല്‍. സാധാരണക്കാരില്‍ നിന്നും ഉയര്‍ന്നു വന്നയാളാണ് പിണറായി എന്നും നാടിന്റെയും ജനങ്ങളുടെയും ആവശ്യങ്ങള്‍ അറിയാവുന്നയാളാണെന്നും ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പിണറായി സര്‍ക്കാര്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനേക്കാളും എന്തുകൊണ്ടും മികച്ചതായിരുന്നു എന്നും യുഡിഎഫ് ഭരണകാലത്ത് ഭാഗ്യാന്വേഷികളാണ് കൂടുതലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം എന്ന നിലയില്‍ പ്രവര്‍ത്തനമില്ലെന്നും പ്രതിപക്ഷത്തിന് കൂട്ടായനിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസവും മതവും രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുതെന്നും വിശ്വാസകാര്യങ്ങളില്‍ ജനങ്ങള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം ഉണ്ടാവണമെന്നും പറഞ്ഞു.

ശബരിമലയില്‍ യുഡിഎഫിന്റേത് പൊള്ള ആത്മാര്‍ത്ഥതയാണ്. ഐശ്വര്യ കേരളയാത്രയ്ക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശബരിമലവിഷയം ആവര്‍ത്തിച്ചു പാമര്‍ശിക്കുന്നത് വിവാദങ്ങള്‍ പെരുപ്പിച്ചു കാണിക്കാന്‍ മാത്രമാണ്. അവര്‍ക്ക് വിഷയം സര്‍ക്കാരിന് എതിരേ ഉപയോഗിക്കാനുള്ള വെറും വടി മാത്രമാണ്. ശബരിമലയെക്കുറിച്ച് യുഡിഎഫിന് ഒരു സമീപനവുമില്ല. ശരിക്കും അവരുടെ കാലത്തായിരുന്നു ശബരിമല വിഷയം ഉയര്‍ന്നുവന്നത്. യുഡിഎഫിന്റെ നിലപാട് കൃത്യമായി തിരിച്ചറിയുന്നതിനാലാണ് എന്‍എസ്എസ് പോലും അവര്‍ക്ക് പിന്തുണ നല്‍കാത്തതെന്നും പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തി യുഡിഎഫ് പ്രചരണം ആരംഭിച്ചിരിക്കെയാണ് ഒ രാജഗോപാലിന്റെ വിമര്‍ശനം. അതേസമയം രാജഗോപാലിന്റേത് മനപ്പൂര്‍വ്വമുള്ള പുകഴ്ത്തലായിട്ടാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. കോണ്‍ഗ്രസ് വിമുക്ത ഭാരതം ലക്ഷ്യമിടുന്ന ബിജെപി സീറ്റ് പിടിക്കുന്നതിനേക്കാള്‍ എല്‍ഡിഎഫിനെ തുടര്‍ഭരണത്തിലേക്ക് നയിക്കാനുള്ള തന്ത്രങ്ങളാണ് മെനയുന്നതെന്ന് അവര്‍ നേരത്തേ ആരോപിച്ചിരുന്നു.

ഇതിലേക്കുള്ള അടവുനയമാകാം രാജഗോപാലിന്റെ പുകഴ്ത്തലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പൊതുവേ രണ്ടു പാര്‍ട്ടികളെ മാത്രം അംഗീകരിക്കുന്ന കേരളത്തില്‍ കോണ്‍ഗ്രസിനെ അപ്രസക്തമാക്കുകയും അതുവഴി പ്രതിപക്ഷ സ്ഥാനം പിടിച്ചെടുത്ത് പതിയെ ഭരണത്തില്‍ എത്താനുള്ള നീക്കമാണ് ബിജെപിയുടേത് എന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഭരണം പിടിക്കാനാണ് ഇത്തവണ മത്സരിക്കുന്നതെന്നാണ് ബിജെപി പറയുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here