കൊച്ചി: മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലെ വമ്പന്‍ വരവേല്‍പ്പിന്റെ ആത്മവിശ്വാസത്തില്‍ കിഴക്കമ്പലത്തിന് പുറത്തേക്ക് ഇറങ്ങാന്‍ ട്വന്റി 20. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ ജനകീയ കൂട്ടായ്മ ഒരുങ്ങുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും നടത്തിയേക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ട്വന്റി20 യുടെ പദ്ധതി.

അതേസമയം മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലെ പ്രതികരണവും വിജയസാധ്യതയും തന്നെയാകും അന്തിമ തീരുമാനത്തിന് പശ്ചാത്തലമാകുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ ചില പഞ്ചായത്തുകളില്‍ കൈവരിച്ച മികച്ച വിജയമാണ് ട്വന്റി20 യ്ക്ക് കൂട്ടാകുന്നത്. കിഴക്കമ്പലം പഞ്ചായത്തില്‍ ഭരണം നില നിര്‍ത്തിയതിന് പുറമേ ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകള്‍ പിടിക്കുകയും വെങ്ങോലയില്‍ പ്രബല സാന്നിദ്ധ്യമായി മാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ വന്‍ മുന്നേറ്റമാണ് ട്വന്റി20 യ്ക്ക് ഉണ്ടാക്കാനായത്.

മത്സരിച്ചാല്‍ മുന്‍ ജഡ്ജിമാര്‍, വിരമിച്ച സിവില്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി ജനമദ്ധ്യത്തിലെ മികച്ചവരെയാണ് സ്ഥാനാര്‍ത്ഥിയാക്കാന്‍ ഉദ്ദേശിക്കുന്നത്. അതേസമയം ഒരു മുന്നണിയുമായും ചേര്‍ന്ന് മത്സരിക്കില്ലെന്നും താന്‍ മത്സരിക്കില്ലെന്നും കോര്‍ഡിനേറ്റര്‍ സാബുജേക്കബ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പിന്തുണ തേടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എത്തിയരുന്നതായും എന്നാല്‍ ഒരു മുന്നണിയുമായും കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലെന്നും അറിയിച്ചതായി ട്വന്റി20 നേതാക്കള്‍ വ്യക്തമാക്കി.

നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളോട് എതിര്‍പ്പുള്ളവരാണ് ട്വന്റി20 യ്ക്ക് ഒപ്പ്ം നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ എങ്ങിനെ ഇവരുമായി സഖ്യം ചേരുമെന്നാണ് നിലപാട്. ചാരിറ്റബിള്‍ സൊസൈറ്റി ആയി പ്രവര്‍ത്തനം തുടങ്ങിയ ട്വന്റി 20 പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ആദ്യ ദിവസം തന്നെ അംഗത്വം എടുത്തത് ഒരു ലക്ഷം പേരായിരുന്നു. ആദ്യ ഘട്ടത്തില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ളവര്‍ക്കാണ് അംഗത്വ വിതരണത്തിന് അവസരം നല്‍കിയത്. എറണാകുളം ജില്ലയില്‍ 14 നിയമസഭാ സീറ്റുകളാണ് ഉള്ളത്. ട്വന്റിട്വന്റി മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ ഏറ്റവും ഭീഷണിയാകുക യുഡിഎഫിനും കോണ്‍ഗ്രസിനുമാകും. അനൂപ് ജേക്കബിന്റെ പിറവവും ഇബ്രാഹീം കുഞ്ഞിന്റെ കളമശ്ശേരിയും ഉള്‍പ്പെടെ ഒമ്പതു സീറ്റുകളാണ് ഇവിടെ യുഡിഎഫിനുള്ളത്. സിപിഎമ്മിനും സിപിഐ യ്്ക്കുമായി അഞ്ചു സീറ്റുകളാണ് ഇവിടെയുള്ളത്.

കോണ്‍ഗ്രസിന് ശക്തമായ മേല്‍ക്കോയ്മയുള്ള കുന്നത്ത്‌നാട് നിയമസഭാ മണ്ഡലത്തില്‍ വരുന്ന പഞ്ചായത്തുകളാണ് ട്വന്റി ട്വന്റിയ് മേല്‍ക്കോയ്മയുള്ള കുന്നത്തുനാടും കിഴക്കമ്പലവും, മഴൂവന്നൂരും ഐക്കരനാടും. വെങ്ങോലയാകട്ടെ പെരുമ്പാവൂരിലും. മുഴുവന്‍ സീറ്റിലും ജയിച്ചാണ് ഐക്കരനാട് പഞ്ചായത്ത് പിടിച്ചത്. എറണാകുളം ജില്ലാ പഞ്ചായത്തില്‍ കോലഞ്ചേരി ഡിവിഷനില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാനുമായി. കോതമംഗലം, മൂവാറ്റുപുഴ, പിറവം, കുന്നത്തുനാട്, പെരുമ്പാവൂര്‍, ആലുവ, അങ്കമാലി, തൃക്കാക്കര, എറണാകുളം, തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിന്‍, പരവൂര്‍, കളമശ്ശേരി എന്നിവയാണ് നിയമസഭാ മണ്ഡലങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here