മലപ്പുറം : ജില്ലയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാകലക്ടർ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം  തീരുമാനിച്ചു. വിവാഹം, മറ്റ് ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഓഡിറ്റോറിയം/കൺവെൻഷൻ സെന്റർ ഉടമകൾ ഉറപ്പുവരുത്തണം. പൊലീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതർ ഇവിടങ്ങളിൽ പരിശോധന നടത്തും.

നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. ആളുകൾ ഒരുമിച്ചു കൂടുന്ന എല്ലാ ഇടങ്ങളിലും സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ എന്നിവയുണ്ടെന്ന് ഉറപ്പുവരുത്തും. ഇതിനായി ജില്ലയിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൂടുതൽ പരിശോധനകൾ നടത്തും. കോവിഡ് ഭേദമായതിന് ശേഷവും ശാരിരീക പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്ന സാഹചര്യത്തിൽ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എല്ലാവിഭാഗം ആളുകളും സ്വീകരിക്കണം. നിലവിലുള്ള സി.എഫ്.എൽ.ടി.സികൾ നിലനിർത്താനും യോഗം തീരുമാനിച്ചു.

വിദേശത്ത് നിന്നെത്തുന്നവർ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തും. എയർപോർട്ട് ഗാർഡൻ കൺവെൻഷൻ സെന്റർ തിരിച്ച് നൽകും. പോത്തുകല്ല്, വഴിക്കടവ് പഞ്ചായത്തുകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ പട്ടികയ്ക്ക് സമിതി അംഗീകാരം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here