രാജേഷ് തില്ലങ്കേരി

പി സി ജോർജ്  വാ പോയ കോടിലിയാണെന്നാണെന്നാണ് പരക്കേയുള്ള ആക്ഷേപം. പി സി  ആരെയും വിമർശിക്കും, എന്തും പറയും, ഇതാണ് പി സി സ്റ്റൈൽ. അതിനാൽ എല്ലാവർക്കും പി സി യെ ഉള്ളാലെ ഭയമാണ്. വിക്കീലീക്‌സ് പുറത്തുവിട്ട രഹസ്യരേഖകൾ പോലെയാണ് പി സി യുടെ വെളിപ്പെടുത്തലുകൾ. തന്നോട് കരുണകാണിക്കുന്നവരെ പി സി വെറുതെ വിടും, അല്ലാത്തവരെ അക്രമിച്ച് നാറ്റിച്ച് വീട്ടിലിരുത്തുക, അതാണ് പി സിയുടെ പ്രഖ്യാപിത രീതി. ഭൂലോകത്തുള്ള എല്ലാ വിഷയത്തിലും പി സി ജോർജുണ്ടാവും, രാഷ്ട്രീയത്തിന് അപ്പുറം  എന്ത് വിഷയത്തിലും പി സി ഇടപെടും.കേരളത്തിൽ നടക്കുന്ന എല്ലാ വിവാദങ്ങളിലും പി സിയുടെ അഭിപ്രായപ്രകടനമുണ്ടാവും.

നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപിന് അനുകൂലമായിട്ടായിരുന്നു പി സി യുടെ നിലപാട്. കന്യാസ്ത്രീ പീഡനകേസിൽ ബിഷപ് ഫ്രാങ്കോയ്ക്ക് വേണ്ടി വാദിച്ചു. കന്യാസ്ത്രീകളെ പരക്കേ അധിക്ഷേപിക്കാനും പി സി മറന്നില്ല.
വീരവാദവും, എല്ലാം അറിയുന്നവനെന്നുമുള്ള അവകാശവാദവുമൊക്കെയായി മുന്നേറുകയായിരുന്നു പൂഞ്ഞാർ സിംഹം.  
ഇടക്കാലത്ത് എൻ ഡി എയിൽ ചേർന്നെങ്കിലും പൂഞ്ഞാറിലെ മുസ്ലിം വോട്ടർമാരെ ഭയന്ന് ആ ബന്ധം വിച്ഛേദിച്ചു. അതോടെ ഏതെങ്കിലും മുന്നണിയുടെ ഭാഗമായി നിൽക്കാനുള്ള ശ്രമത്തിലായിരുന്നു പി സി ജോർജ്.

 യു ഡി എഫിൽ കയറിക്കൂടാനുള്ള അഭ്യാസത്തിലായിരുന്നു പി സി. അതിനുള്ള കായികാഭ്യാസം കുറച്ചുകാലമായിട്ട് നടത്തിവരികയുമായിരുന്നു.  ഉമ്മൻ ചാണ്ടി നല്ല നേതാവാണെന്നും, ഉമ്മൻ ചാണ്ടിക്കുമാത്രമേ കോൺഗ്രസിനെയും യു ഡി എഫിനെയും അധികാരത്തിലെത്തിക്കാനുള്ള കെൽപ്പുള്ളൂ എന്നൊക്കെ ദിവസം മൂന്നുനേരം ഒരുവിട്ട് പഠിച്ചാണ് പി സി ജോർജ്  കോൺഗ്രസ് ഓഫീസായ ഇന്ദിരാഭവനുമുന്നിൽ ഇരിപ്പാരംഭിച്ചത്.  ഉമ്മചൻചാണ്ടിക്കുള്ള ജനപ്രീതി വോട്ടായി മാറുമെന്നുമൊക്കെ പി സി തള്ളിമറിക്കുകയായിരുന്നു.

താനുമായുള്ള വൈരം  ചാണ്ടിച്ചായൻ വെടിഞ്ഞുവെന്നും, എല്ലാം പറഞ്ഞ് കോംപ്ലിമെന്റ്‌സ് ആക്കിയെന്നുമായിരുന്നു പി സി പറഞ്ഞു പ്രചരിപ്പിച്ചിരുന്നത്.  ഇതൊക്കെ കേട്ടപ്പോൾതന്നെ പൂഞ്ഞാറുകാർക്ക് മനസിലായി,  ഇത് എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറാണെന്ന്. യു ഡി എഫ് പ്രവേശം നടക്കില്ലെന്ന് മനസിലായതോടെ പി സി ജോർജ് ഉമ്മൻ ചാണ്ടിക്കെതിരെ കടുത്ത ഭാഷയിലാണ് ആരോപണമുന്നിയിച്ച് രംഗത്തെത്തിയത്. ഉമ്മൻ ചാണ്ടിയുടേത് പൊയ്മുഖമാണെന്നും ഉമ്മൻചാണ്ടി പാരപണിതതുമൂലമാണ് തനിക്ക്
യു ഡി എഫ് പ്രവേശം ലഭിക്കാതെ പോയതെന്നുമായിരുന്നു പി സി ജോർജിന്റെ ആരോപണം. കോൺഗ്രസ് നേതാക്കൾ ചതിയന്മാരാണെന്നും പി സി പറഞ്ഞിരിക്കയാണ്.


കളിച്ചാൽ കുഞ്ഞൂഞ്ഞിന്റെ മണ്ഡലത്തിൽ കയറിക്കളിക്കും 

തുടർന്ന് ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ  മത്സരിക്കാൻ സ്ഥാനാർത്ഥിയെ ഇറക്കുമെന്നും, ഉമ്മൻ ചാണ്ടിക്ക് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവുന്നതിൽ താല്പര്യമില്ലെന്നും അങ്ങ് പറഞ്ഞു കളഞ്ഞു. തനിക്കില്ലെങ്കിൽ ആർക്കും വേണ്ടെന്നാണ് പി സി ജോർജിന്റെ ലോജിക്ക്.

  പാലായിൽ മാണി സി കാപ്പനെ പരാജയപ്പെടുത്തുമെന്നും,  ഇല്ലെങ്കിൽ യു ഡി എഫിന്റെ സ്ഥാനാർത്ഥിയാവാൻ വരെ തയ്യാറാവുമെന്നുമാണ്  പി സി പറയുന്നത്. യു ഡി എഫ്  ഇങ്ങനെ നൈസായി തന്നെ ഒഴിവാക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ഒരാഴ്ചമുന്നേ പി സിക്ക് അപകടം മണത്തിരുന്നു, വേണമെങ്കിൽ എൽ ഡി എഫ് പിന്തുണയോടെ പൂഞ്ഞാറിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാവാം എന്നായിരുന്നു കോൺഗ്രസ് പി സിക്ക് കൊടുത്ത നിർദ്ദേശം. ഇതോടെ പി സിയുടെ രക്തം തിളച്ചു.
ഉടൻ തീരുമാനം കൈക്കൊള്ളണണെന്നും അല്ലാത്തപക്ഷം പൂഞ്ഞാറിന് പുറമെ  പാലായിലും സ്ഥാനാർത്ഥിയെ നിർത്തുമെന്നായി പി സി.

പി സി ജോർജ്ജിന്റെ ചരിത്രം മറ്റൊന്നാണല്ലോ. കെ എം മാണിയായിരുന്നു പി സി യുടെ പ്രധാന എതിരാളി. മാണിയെ നിരന്തരമായി അക്രമിച്ചുകൊണ്ടേയിരുന്നു. പാലായി റബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കുവേണ്ടി പണം പിരിവ് നടത്തിയെന്നായിരുന്നു അക്കാലത്ത് പി സി യുടെ ആരോപണം.

 കേരളാ കോൺഗ്രസുകളുടെ ലയനം നടക്കുന്നതുവരെ പി സി മാണിക്കുനേരെ ഉന്നയിച്ചിരുന്നതും പാലായി റബേഴ്‌സ് അഴിമതിയായിരുന്നു. ലയനത്തോടെ അതോടെ കെ എം മാണിയുടെ സംഘത്തിലെത്തി, കുറച്ചുകാലത്തേക്ക് കെ എം മാണിയും, പി ജെ ജോസഫും എല്ലാം നല്ലവരായി. എന്നാൽ ആ ബന്ധവും അധികകാലം നിലനിന്നില്ല. പി സി  കെ എം മാണിയുമായി തെറ്റിപ്പിരിഞ്ഞു. യു ഡി എഫ് അധികാരത്തിൽ എത്തിയപ്പോൾ മന്ത്രിയാക്കണമെന്നായിരുന്നു പി സി ജോർജ്ജിന്റെ ആവശ്യം. എന്നാൽ അതൊന്നും കെ എം മാണി അംഗീകരിച്ചില്ല. ഒടുവിൽ പി സി യെ ഒതുക്കാനായി ചീഫ് വിപ്പാക്കിയിരുത്തി. എന്നാൽ ഏറെ വൈകാതെ പി സി എന്ന  വിപ്പ് വിഴുപ്പായി മാറി. ഇതോടെ കേരളാ കോൺഗ്രസിൽ നിന്നും വിപ്പിന് രാജിവച്ചുപുറത്തു പോരേണ്ടിയും വന്നു.

അന്ന് യു ഡി എഫ് മന്ത്രിസഭയിൽ അംഗമായിരുന്ന കേരളാ കോൺഗ്രസ് ബിയുടെ പ്രതിനിധിയെ കൈകാര്യം ചെയ്യുന്നതിലായി പി സിയുടെ ശ്രദ്ധ.  കെ ബി ഗണേഷ് കുമാറായിരുന്നു ഇക്കാലത്ത് പി സി ജോർജ്ജിന്റെ മുഖ്യശത്രു. ഗണേഷ് കുമാറിനെതിരെ പി സി നടത്തിയ പോരാട്ടം വിജയം കണ്ടു. ആർ ബാലകൃഷ്ണ പിള്ളയുമായി അകന്നു നിന്നിരുന്ന കെ ബി ഗണേഷ് കുമാറിന് മന്ത്രി സ്ഥാനത്തുനിന്നും മാറ്റുകയായിരുന്നു പി സിയുടെ ലക്ഷ്യം. ഗണേഷ് കുമാറിനെ മന്ത്രി മന്ത്രിരത്തിലെത്തി ഒരാൾ തല്ലിയതായുള്ള വാർത്ത ആദ്യമായി പുറത്തറിഞ്ഞത് പി സിയിലൂടെയായിരുന്നു.
സോളാർ-സരിത കേസ് കത്തിനിന്നകാലത്തായിരുന്നു പി സി ജോർജ്ജ് പൂണ്ടുവിളയാടിയത്. വിവാദമായ എല്ലാ കേസുകളിലും പി സി ജോർജ്ജ് ഇടപെട്ടു. സോളാർ കേസിൽ പി സി ജോർജ്ജ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ നീക്കം നടത്തി. ഇതോടെയാണ് പി സി ഉമ്മൻ ചാണ്ടിയുമായി അകലുന്നത്.
എല്ലാ കേസിലും തന്റെ തെളിവുകളുണ്ടെന്ന് പറഞ്ഞ് രംഗത്തിറങ്ങി. അഴിമതിക്കെതിരെയാണ് പോരാട്ടമെന്നും പി സി പ്രഖ്യാപിച്ചു. പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നടത്തിയും, എതിരാളികളെ വെല്ലുവിളിച്ചും പി സി തന്റെ ജൈത്രയാത്ര തുടർന്നു. പൂഞ്ഞാറിൽ നിന്നും ഇരു മുന്നണികളെയും വെട്ടിമാറ്റി സ്വന്തം നിലയിൽ മത്സരിച്ച് ജയിച്ചതോടെ പി സി ശക്തനായി.
ഇതിനിടയിലാണ് പി സി ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാവാൻ തീരുമാനിച്ചത്. അങ്ങിനെ എൻ ഡി എയുടെ ഭാഗമായി. ഇക്കാലത്താണ് മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തി വിവാദങ്ങളിൽ അകപ്പെടുന്നത്.
ഇനി പി സിയുടെ വെളിപ്പെടുത്തലുകൾക്ക് കേരളം കാതോർത്തിരിക്കയാണ്. കേൾക്കാൻ ഇമ്പമുള്ളതായിരിക്കില്ല അതൊന്നും, എന്നാലും പി സി അതൊക്കെ തുടരുമെന്നുമാത്രം.

കെ സുധാകരൻ പിടിച്ചതും മുല്ലപ്പള്ളി ഇച്ഛിച്ചതും

കെ പി സി സി യുടെ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കണമെങ്കിൽ മത്സരിക്കാം. അതിന് മറ്റ് ചർച്ചകളൊന്നും ആവശ്യമില്ലെന്നാണ് കെ പി സി സി യുടെ നിർദ്ദേശം. മുല്ലപ്പള്ളിയെ പ്രദേശ് കോൺഗ്രസ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും നീക്കണമെന്ന ആവശ്യം യഥാർത്ഥത്തിൽ സത്യമാണെന്നു തെളിഞ്ഞ സാഹചര്യത്തിലാണ് മുല്ലപ്പള്ളിക്ക് എങ്ങോട്ടുവേണമെങ്കിലും പോവാനുള്ള അനുമതി നൽകിയത്. ഏത് മണ്ഡലത്തിലും മത്സരിക്കാമെന്നാണ് മുല്ലപ്പള്ളിക്ക് കിട്ടിയ നിർദ്ദേശം. അങ്ങേര് പോയി പുതുപ്പള്ളിയോ മറ്റോ മത്സരിക്കാൻ ചോദിച്ചേക്കുമോ എന്നതാണ് നേതാക്കളുടെ സംശയം.

കെ സുധാകരൻ കെ പി സി സി അധ്യക്ഷനാവുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. കെ പി സി സി അധ്യക്ഷൻ മത്സരരംഗത്തേക്ക് മാറുമ്പോൾ സ്ഥാനമൊഴിയുന്ന പതിവൊന്നും കേരളത്തിലില്ല. എന്നാൽ മുല്ലപ്പള്ളിയെ മാറ്റി നിർത്തിയേക്കുമെന്നാണ് വിവരം. കെ സുധാകരൻ അധ്യക്ഷനായി മാറിയതുപോലെയാണ് കാര്യങ്ങൾ. കൊയിലാണ്ടിയിൽ മുല്ലപ്പള്ളി മത്സരിക്കുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യമൊന്നും മുല്ലപ്പള്ളി അറിഞ്ഞ മട്ടില്ല. ജയിച്ചാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് പോലും ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോഴും മത്സര രംഗത്തുണ്ടാവുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലത്രെ. മുല്ലപ്പള്ളിയെ അങ്ങിനെ അങ്ങ് ഒഴിവാക്കല്ലേ… പ്ലീസ്… കോഴിക്കോട് ഒരു സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോളുണ്ടായ വീഴ്ചയെ തുടർന്നാണ് വി എം സുധീരൻ കെ പി സി സി അധ്യക്ഷ പദവി ഒഴിഞ്ഞത്. എന്തായാലും ഒരു വീഴ്ച മുല്ലപ്പള്ളിയുടെ കാര്യത്തിൽ വേണ്ടിവരില്ല എന്ന് ഉറപ്പ്…

ഏത് കുറ്റിച്ചൂലിനെയും നിർത്തിയാൽ കോൺഗ്രസ് ജയിക്കുന്നകാലം കഴിഞ്ഞെന്ന് എ കെ ആന്റണി….

എ കെ ആന്റണി കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഏറെ അനുഭവ സമ്പത്തുള്ള നേതാവാണ്. ആദർശത്തിന്റെ അപ്പോസ്തലൻ. സംസ്ഥാന രാഷ്ട്രീയത്തിൽ കെ കരുണാകരനെതിരെ ശക്തമായ ചെറുത്ത് നിൽപ്പു നടത്തിയ നേതാവും കേരളത്തിലില്ല.
അതേ ആന്റണിയാണ് പറയുന്നത് കേരളത്തിൽ ഏതെങ്കിലും മണ്ഡലത്തിൽ ആരെയെങ്കിലും കെട്ടിയിറക്കിയാൽ വിജയിക്കില്ല എന്ന്.

അപ്പോ സാറേ… മുല്ലപ്പള്ളിയുടെ കാര്യമോ എന്നു ചോദിച്ചാൽ കുറ്റിച്ചൂൽ എന്നാണല്ലോ പറഞ്ഞത്, കെ പി സി സി അധ്യക്ഷൻ എന്നു പറഞ്ഞില്ലല്ലോ എന്നായിരിക്കും ആന്റണിയുടെ ഉത്തരം. കേരളത്തിൽ ഇത്തവണ ഭരണം പിടിക്കാനുള്ള ചുമതലയുള്ള കമ്മിറ്റിയിൽ ഏ കെ ആന്റണിയും ഉണ്ടെന്നതാണ് സത്യം.
കുറ്റച്ചൂൽ രാഷ്ട്രീയത്തിന് അന്ത്യം -എ കെ ആന്റണി എന്ന് ആരെങ്കിലും വെണ്ടക്ക നിരത്തുമോ, ഹേയ്… ഉണ്ടാവില്ല, മുത്തശ്ശി പത്രങ്ങൾക്ക് അതിനുള്ള സമയമില്ലന്നേ….

കുഞ്ഞാലിക്കുട്ടി പറയുന്നു, സമയമായില്ല ശോഭേ… അതിനുള്ള സമയമായില്ല

മുസ്ലിം ലീഗിനെ എൻ ഡി എയിലേക്ക് ക്ഷണിച്ച ബി ജെ പി നേതാവിന് മറുടിയുമായി സാക്ഷാൽ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. നമ്മളെ നിങ്ങളുടെ മുന്നണിയിലേക്ക് ക്ഷണിക്കാനൊന്നും ആയിട്ടില്ലെന്നാണ് ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കറകളഞ്ഞ മതേതര പാർട്ടിയാണ് ലീഗ്. അതിനാൽ ബി ജെ പിക്ക് ഏറ്റവും നല്ലത് വിജയരാഘവന്റെ പാർട്ടിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞത്രേ…
 മുസ്ലീം ലീഗിനെവരെ എൻ ഡി എയിലെടുക്കുമെന്ന ശോഭാ സുരേന്ദ്രന്റെ പ്രതികരണത്തിൽ പകച്ചിരിക്കയാണ് ബി ജെ പി നേതാക്കൾ. അങ്ങിനെയൊരു നീക്കവും നടന്നില്ലെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ വെളിപ്പെടുത്തൽ. ഞങ്ങൾ കശ്മീരിൽ നാഷണൽ കോൺഫ്രസുമായി മൽസരിച്ചിട്ടുണ്ടെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ നിർദ്ദേശം.

എന്നാൽ ഒരിക്കലും നടക്കാത്ത നിർദ്ദേശമാണ് ശോഭാ സുരേന്ദ്രന്റെത് എന്നാണ് ലീഗ് നേതാക്കളുടെ പ്രതികരണം. ഞങ്ങളെ എൻ ഡി എ യിലേത്ത് ക്ഷണിക്കാനുള്ള കെൽപ്പ് ബി ജെ പിക്ക് ഇല്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

കാലം മാറുകയാണ്,  ബാത്ത് റൂമിൽ കയറിപുറത്തിറങ്ങുമ്പോഴേക്കും നിലപാട് മാറ്റുന്ന നേതാക്കളാണ് നമുക്ക് ചുറ്റും. രാഷ്ട്രീയമാണ് , അതിനാൽ എന്തും സംഭവിക്കാം എന്നു മാത്രം പറഞ്ഞ്  ഇവിടെ തല്ക്കാലം നിർത്തുന്നു.

ബിനോയ് വിശ്വത്തിന് കോവിഡ് ബാധ, കേസൊന്നും എടുത്തില്ല….

കോവിഡ് വ്യാപനം നടക്കുമ്പോൾ പ്രതിപക്ഷ നേതാവ് ഐശ്യര്യകേരള യാത്ര നടത്തരുതെന്നായിരുന്നു സർക്കാർ ്അഭിപ്രായം. മുഖ്യമന്ത്രി പരോക്ഷമായും, നിയമ മന്ത്രി നേരിട്ടും രമേശ് ചെന്നിത്തലയുടെ യാത്രയെ വിമർശിച്ച് രംഗത്തെത്തി.
തളിപ്പറമ്പിലും ശ്രീകണ്ഠപുരത്തും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്  പൊലീസ് കേസെടുത്തു. എന്നാൽ ഒറ്റ കോൺഗ്രസ്  നേതാവിനും, അണികൾക്കും ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തതിന്റെ പേരിൽ കോവിഡ് ബാധിച്ചിരുന്നില്ല.
ബിനോയ് വിശ്വം എം പി യുടെ കേരള യാത്ര തിരുവനന്തപുരത്തും, വിജയരാഘവന്റെ യാത്ര തൃശ്ശൂരിലും സമാപിച്ചു.
 രണ്ടാം ജാഥയുടെ നായകസ്ഥാനം  സി പി ഐ യുടെ നേതാവ് ബിനോയ് വിശ്വത്തിനായിരുന്നു. അങ്ങേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

രാഷ്ട്രീയ നേതാക്കൾ പരിപാടികൾ നത്തുമ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും, മാതൃകയാവേണ്ടവർ കോവിഡ് കാലത്ത് മറിച്ചുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.  കോവിഡിന് അങ്ങിനെ വകഭേദമൊന്നും ഇല്ലല്ലോ….സാർ…

എൻ സി പി ഇടത് മുന്നണി വിടുമെന്ന ആത്മ വിശ്വാസത്തിലാണ് കാപ്പൻ. കാപ്പന് സീറ്റ് ലഭിക്കാത്തതായിരുന്നില്ല എൻ സി പി മുന്നണി വിടണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. എന്നാൽ എ കെ ശശീന്ദ്രൻ നടത്തിയ ഇടപെടലാണ് എൻ സി പിയെ ഈ ദുരവസ്ഥയിലേക്ക് നയിച്ചത്. ആളുകൾ ഇല്ലാതായ എൻ സി പി എന്ന പാർട്ടിക്ക് നേരത്തെ ലഭിച്ചിരുന്ന 4 സീറ്റുകൾ ഇത്തവണ നൽകില്ലെന്നാണ് കേൾക്കുന്നത്.
ഇടത് മുന്നണിയിലെ ഘടകകക്ഷികളുടെ അവസ്ഥ വളരെ ദയനീയമാണ്. തിരക്കേറിയ ബസ്റ്റാന്റിൽ അകപ്പെട്ട അവസ്ഥയാണ് ഇപ്പോൾ അരങ്ങേറുക.

നിനച്ചിരിക്കാതെയുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനവും, പാതിവഴിയിലായ കേരള യാത്രയും

ബി ജെ പിയുടെ കേരള യാത്ര സംസ്ഥാന തലസ്ഥാനത്ത് സമാപിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖർ വേദിയിൽ ഇങ്ങനെ… അണിനിരക്കുമെന്നായിരുന്നു കെ സുരേന്ദ്രന്റെ സ്വപ്‌നം. മാർച്ച് ഏഴിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നായിരുന്നു മോദിയും കരുതിയത്.

കേരളത്തിലും തമിഴ് നാട്ടിലും പ്രധാനമന്ത്രിയെന്ന നിലയിൽ മോദി, തന്റെ  സ്വാധീനം വർദ്ദിപ്പിക്കാനായി എത്തുമെന്നായിരുന്നു കുമ്മനാധികളും വിശ്വസിച്ചിരുന്നത്. പൊടുന്നനവേയാണ് മുഖ്യതെരഞ്ഞെടുപ്പ് തമ്മീഷണർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കേരളത്തിലും, തമിഴ് നാട്ടിലും, പുതുച്ചേരിയിലും ഒറ്റ ദിവസം , ഒറ്റക്കെട്ടായി വോട്ടെടുപ്പ് നടക്കുമ്പോൾ, ബംഗാളിൽ മാത്രം എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞൈടുപ്പ് നടത്തുക.

വങ്കനാട്ടിൽ എട്ട് ഘട്ടം… ദീദി ഏറെ പ്രതിഷേധത്തിലാണ്

എട്ട് ഘട്ടങ്ങളിലായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്താനുള്ള മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ തീരുമാനത്തെ രൂക്ഷമായ ഭാഷയിലാണ് സ്വന്തം ദീദി ചോദ്യം ചെയ്തത്. അസമിൽ മൂന്ന് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചപ്പോഴാണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് മാമാംഗം അരങ്ങേറുക. എട്ട് ഘട്ടമെന്നു പറഞ്ഞാൽ ഏപ്രിൽ മാസം മൊത്തം തെരഞ്ഞെടുപ്പിനായി നീക്കി വയ്‌ക്കേണ്ടിവരും പശ്ചിമ ബംഗാളിൽ.

പശ്ചിമ ബംഗാളിൽ ഏതുവിധേനയും ജയിക്കാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്. തൃണമൂൽ കോൺഗ്രസിൽ നിന്നും ഭരണം പിടിക്കുകയെന്നത് ബി ജെ പിക്ക് നിലനിൽപ്പിന്റെ രാഷ്ട്രീയമാണ്. ഏത് അറ്റംവരെയും പോകാനുള്ള നീക്കത്തിലാണ് ബി ജെ പി.

വാൽകഷണം:

ജോലി ചെയ്യുന്നവനെ പരിഗണിക്കുന്നില്ലെന്നാണ് കെ മുരളീധന്റെ പ്രതികരണം. കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ പരിഗണിച്ചാൽ ശക്തമായി പ്രതികരിക്കുക കെ മുരളീധരനാവും. കടിച്ചതുമില്ല, പിടിച്ചതുമില്ലെന്ന അവസ്ഥയിലാണ് കെ മുരളീധരൻ. എല്ലാം കണ്ടും കേട്ടും ഇരിക്കുക ഉണ്ണീ….

LEAVE A REPLY

Please enter your comment!
Please enter your name here