തിരുവനന്തപുരം: മെട്രോമാൻ ഇ.ശ്രീധരനെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ജനവിധി തേടാൻ ബിജെപി. ആലപ്പുഴയിൽ വിജയയാത്രയിൽ നടത്തിയ പ്രസംഗത്തിലാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഈ പ്രഖ്യാപനം നടത്തിയത്. ഇ. ശ്രീധരനെ മുൻനിർത്തി പാർട്ടി വോട്ടുതേടും. ബിജെപിയിൽ സ്ഥാനാർത്ഥി നിർണയം ആരംഭിക്കുന്നതിന് മുൻപുതന്നെ മുഖ്യമന്ത്രി സ്ഥാനാർ‌ത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്.

തന്റെ വീടിന് സമീപമുള‌ള പൊന്നാനി മണ്ഡലത്തിലാണ് മത്സരിക്കാൻ ശ്രീധരന് താൽപര്യമെങ്കിലും തിരുവനന്തപുരം ഉൾപ്പടെ പാർട്ടിയുടെ എ പ്ളസ് മണ്ഡലങ്ങളിലാണ് ബിജെപി അദ്ദേഹത്തെ പരിഗണിക്കുന്നത്. ഡിഎം‌ആർ‌സിയിൽ 26 വർഷം നീണ്ട ഔദ്യോഗിക ജീവിതം അദ്ദേഹം അവസാനിപ്പിച്ച ഇന്നുതന്നെയാണ് ബിജെപിയുടെ ശ്രദ്ധേയമായ പ്രഖ്യാപനം.കേരളത്തിന്റെ വികസന മുരടിപ്പ് അവസാനിപ്പിക്കാനും അഴിമതിയില്ലാത്ത വികസനമാതൃകയ്‌ക്കുമായാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തങ്ങൾ ഉയർ‌ത്തിക്കാട്ടുന്നതെന്ന് കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഒരവസരം ഇ.ശ്രീധരന് നൽകിയാൽ നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങൾ പതിന്മടങ്ങായി നടപ്പാക്കാനാകുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. രാഷ്‌ട്രീയക്കാരനായല്ല ടെക്‌നോക്രാ‌റ്റെന്ന നിലയിലാകും തന്റെ പ്രവർത്തനമെന്നും ഇന്ന് രാവിലെ അദ്ദേഹം പ്രതികരിച്ചു. ശരീരത്തിന്റെ പ്രായമല്ല മനസിന്റെ പ്രായമാണ് പ്രധാനമെന്നും ഇ.ശ്രീധരൻ പറഞ്ഞു.ഇപ്പോൾ ഡിജി‌റ്റൽ ഏജാണെന്നും ഡിജി‌റ്റൽ ഏജിൽ ഡിജി‌റ്റൽ സന്ദേശവുമായി ജനങ്ങളെ സമീപിക്കുന്നതാകും തന്റെ പ്രവർത്തനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here